ഏകദിന ലോകകപ്പ്: 'അവന്‍ ഇന്ത്യന്‍ ടീമിനൊരു ബാദ്ധ്യതയാണ്'; തുറന്നടിച്ച് മനോജ് തിവാരി

ഏകദിന ലോകകപ്പില്‍ ഷാര്‍ദ്ദുല്‍ താക്കൂറിനെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതിനെ വിമര്‍ശിച്ച് ബംഗാള്‍ കായിക മന്ത്രിയും ഇന്ത്യന്‍ മുന്‍ താരവുമായ മനോജ് തിവാരി. ബാറ്റിംഗ് കഴിവ് പരിഗണിച്ചാവും ഇന്ത്യ താക്കൂറിനെ കളിപ്പിക്കുന്നതെന്നും എന്നാല്‍ ടെസ്റ്റില്‍ മികവ് കാട്ടുന്നുണ്ടെങ്കിലും പരിമിത ഓവറില്‍ അവന്‍ മികച്ച ബാറ്റ്സ്മാനല്ലെന്നും തിവാരി പറഞ്ഞു.

ഞാന്‍ എപ്പോഴും മുഹമ്മദ് ഷമിക്കാണ് മുന്‍തൂക്കം നല്‍കുക. കാരണം രണ്ട് പേസ് ഓള്‍റൗണ്ടര്‍മാരെ പ്ലേയിംഗ് 11ല്‍ ആവശ്യമില്ല. ശാര്‍ദ്ദുലിന്റെ ബാറ്റിംഗ് പരിഗണിച്ചാവും ഇന്ത്യ അവനെ കളിപ്പിക്കുന്നത്. എന്നാല്‍ ടെസ്റ്റില്‍ മികവ് കാട്ടുന്നുണ്ടെങ്കിലും പരിമിത ഓവറില്‍ അവന്‍ മികച്ച ബാറ്റ്സ്മാനല്ല.

15 പന്തില്‍ 30 റണ്‍സ് വേണ്ട സമയങ്ങളില്‍ മാത്രമാണ് ഷമിയെക്കാളും താക്കൂര്‍ മികച്ചവനാകുന്നത്. അല്ലാത്ത പക്ഷം താക്കൂറിന്റെ ആവശ്യമില്ല. വാലറ്റത്ത് കാര്യമായ സംഭവന അവന്‍ ചെയ്യുന്നില്ല. ഇന്ത്യയുടെ ബാറ്റിംഗ് നിര ഗംഭീര ഫോമിലാണ്. റണ്‍സ് വിട്ടുകൊടുക്കുന്നതിലും കൂട്ടുകെട്ട് പൊളിക്കുന്നതിലും ഷമി താക്കൂറിനേക്കാള്‍ മിടുക്കനാണ്. അതുകൊണ്ടുതന്നെ താക്കൂറിനെ പുറത്തിരുത്തി ഇന്ത്യ ഷമിയെ കളിപ്പിക്കണം- മനോജ് പറഞ്ഞു.

ലോകകപ്പില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഷമിയെ ഇന്ത്യ ഇതുവരെ പരിഗണിച്ചിട്ടില്ല. ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് സിറാജിനെയാണ് ഇന്ത്യ കളിപ്പിക്കുന്നത്. നിലവില്‍ എല്ലാ മേഖലയിലും ഇന്ത്യ ശക്തരായതിനാല്‍ ടീം ഘടന തകര്‍ക്കാന്‍ മാനേജ്‌മെന്‍ര് താത്പര്യപ്പെടുന്നില്ല.