ഹാര്‍ദ്ദിക്കിനെ കൊണ്ടൊന്നും പറ്റില്ല, ടി20 ലോകകപ്പില്‍ അവന്‍ ഇന്ത്യയെ നയിക്കണം; നിര്‍ദ്ദേശവുമായി സഹീര്‍ ഖാന്‍

വരുന്ന ടി20 ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യയല്ല രോഹിത് ശര്‍മ തന്നെ ഇന്ത്യന്‍ ടീമിനെ നയിക്കണമെന്ന് മുന്‍ പേസര്‍ സഹീര്‍ ഖാന്‍. ഹാര്‍ദിക് പരിക്കിന് ശേഷം തിരിച്ചെത്താന്‍ പോകുന്നതേയുള്ളൂവെന്നും അതുകൊണ്ടുതന്നെ രോഹിത്തിനെ നായകനാക്കി മുന്നോട്ട് പോവുന്നതാണ് ഉത്തമമമെന്നും സഹീര്‍ പറഞ്ഞു.

ടി20 ലോകകപ്പിനായി ഇനി അധികം സമയമില്ല. അനുഭവസമ്പത്തിന് പ്രാധാന്യം നല്‍കേണ്ടതായുണ്ട്. രോഹിത് ശര്‍മ ഇന്ത്യയെ ടി20 ലോകകപ്പില്‍ നയിക്കണം. രോഹിത് ശര്‍മ ടി20യില്‍ തുടരാന്‍ ആഗ്രഹിച്ചാല്‍ എനിക്കതില്‍ അത്ഭുതം തോന്നില്ല.

സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ രോഹിത്തിന് നന്നായി അറിയാം. മത്സരത്തിന്റെ എല്ലാ തലങ്ങളെക്കുറിച്ചും രോഹിത്തിന് കൃത്യമായ ബോധ്യമുണ്ട്. ഇനി ആറ് മാസത്തോളം മാത്രമാണ് ലോകകപ്പിന് സമയമുള്ളത്. ഇതിനിടെ ഐപിഎല്ലും നടക്കാന്‍ പോവുകയാണ്.

ഹാര്‍ദിക് പരിക്കിന് ശേഷം തിരിച്ചെത്താന്‍ പോകുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ രോഹിത്തിനെ നായകനാക്കി മുന്നോട്ട് പോവുകയും ഹാര്‍ദിക്കിന്റെ ഫിറ്റ്നസ് വിലയിരുത്തുകയും ചെയ്യുകയാണ് വേണ്ടത്. ഹാര്‍ദിക് പരിക്കിന്റെ ഇടവേളക്ക് ശേഷം എങ്ങനെയായിരിക്കുമെന്നത് കണ്ടറിയാം- സഹീര്‍ ഖാന്‍ പറഞ്ഞു.

ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഹാര്‍ദ്ദിക് നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. താരത്തിന് എന്ന് തിരിച്ചുവരവ് സാധിക്കുമെന്നതില്‍ വ്യക്തതയില്ല. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഹാര്‍ദിക് ഇന്ത്യന്‍ ടീമിലില്ല. ദക്ഷിണാഫ്രിക്കന്‍ പരമ്പരയും ഹാര്‍ദിക്കിന് നഷ്ടമായേക്കുമെന്നാണ് വിവരം.