ഹാർദിക്കും പന്തും ഗില്ലും അല്ല, കാലഘട്ടത്തിന് ആവശ്യം സഞ്ജുവിനെ പോലെ ഒരു നായകനെ; വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് ഇതിഹാസം

സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ പരാജയമറിയാതെ കുതിപ്പ് നടത്തുകയാണ്. ബാറ്റിംഗിലും ബോളിങ്ങിലും ഫീൽഡിങ്ങിലും എല്ലാം ടീം അസാദ്യ കുതിപ്പ് നടത്തുമ്പോൾ ഇതിനോടകം തന്നെ “ദി ടീം റ്റു ബീറ്റ്” എന്ന ലേബലിൽ ആരാധകർ രാജസ്ഥാനെ വിശേഷിപ്പിക്കുന്നുണ്ട്. ചാഹലിന്റെയും ബോൾട്ടിന്റെയും ഫോമും ബാറ്റിംഗിലെ ഡെപ്ത്തുമൊക്കെ ഈ വിജയങ്ങൾക്ക് കാരണമായി പറയുമ്പോഴും അതിൽ എടുത്ത് പറയേണ്ടത് നായകൻ എന്ന നിലയിൽ സഞ്ജു സാംസൺ കാണിക്കുന്ന മികവാണ്.

സീസണിൽ സഞ്ജു കാണിക്കുന്ന നായക മികവിന് ക്രിക്കറ്റിന്റെ പല കോണിൽ നിന്നും അഭിനന്ദനമാണ് കിട്ടുന്നത്. ഫീൽഡ് സെറ്റപ്പുകളും, ബോളിങ് മാറ്റങ്ങളും, കീപ്പിങ്ങിലെ മികവുമൊക്കെയായി രാജസ്ഥാൻ നായകൻ കളം നിറയുമ്പോൾ ക്രിക്കറ്റ് വിദഗ്ധന്മാർ അദ്ദേഹത്തിന് അഭിനന്ദനം അറിയിക്കുന്നു. ഈ കാലഘട്ടത്തിൽ ടീമുകൾക്ക് ആവശ്യമുള്ള നായകൻ എന്നാണ് സഞ്ജുവിനെ മുൻ ഇംഗ്ലണ്ട് താരം മൈക്കിൾ വോൺ വിശേഷിപ്പിച്ചത്.

” നായകൻ എന്ന നിലയിൽ സഞ്ജു അസാധ്യ മികവാണ് കാണിക്കുന്നത്. അവനെ ആധുനിക കാലഘട്ടത്തിന്റെ നായകൻ എന്ന് വിളിക്കാനാണ് എനിക്ക് ഇഷ്ടം. ഫീൽഡിൽ അവൻ കാണിക്കുന്ന തന്ത്രങ്ങൾ അത്ര മികച്ചതാണ്. അവനു സഹതാരങ്ങളോട് നന്നായി സംസാരിക്കാൻ സാധിക്കുന്നുണ്ട്. അത് തന്നെയാണ് ഒരു നായകന് വേണ്ട ഏറ്റവും വലിയ ഗുണം. കൂടാതെ സഹതാരങ്ങൾ വിശ്വസിക്കാനും അവർക്ക് സമ്മർദ്ദം നല്കാതിരിക്കാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അങ്ങനെ നോക്കിയാൽ അവനാണ് കാലഘട്ടത്തിൽ ടീമിന് ആവശ്യമുള്ള നായകൻ.” മൈക്കിൾ വോൺ പറഞ്ഞു.

എന്തായാലും ആദ്യ മത്സരത്തിന് ശേഷം ബാറ്റിംഗിൽ ഫോം അൽപ്പം മങ്ങിയെങ്കിലും കഴിഞ്ഞ ദിവസം ബാംഗ്ലൂരിനെതിരായ മത്സരത്തിലൂടെ അദ്ദേഹം ഫോമിലേക്ക് തിരിച്ചുവന്നത് ആരാധകർക്കും ആശ്വാസമായിട്ടുണ്ട്.