ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ടി20 ലോകകപ്പില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യ വൈസ് ക്യാപ്റ്റനാക്കിയ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഉപനായക സ്ഥാനത്തേക്കു ഹാര്‍ദിക്കിനേക്കാള്‍ അര്‍ഹത സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കായിരുന്നെണ് ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു.

നേതൃനിരയുടെ തുടര്‍ച്ചയുടെ പ്രാധാന്യം കൊണ്ടായിരിക്കാം ഹാര്‍ദ്ദിക്കിനെ ലോകകപ്പിലും വൈസ് ക്യാപ്റ്റന്‍സിയില്‍ അദ്ദേഹത്തെ നിലനിര്‍ത്തിയത്. എന്നിരുന്നാലും നിലവിലെ പ്രകടനം പരിഗണിക്കുമ്പോള്‍ ബുംറയായിരുന്നു ഈ റോളിലേക്കു വരേണ്ടിയിരുന്നത്.

ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. കാരണം ടീമിലെ മറ്റുള്ളവര്‍ക്കു ഇതു തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ചില കളിക്കാര്‍ക്കു മാത്രം പ്രത്യേക പരിഗണന നല്‍കുന്നത് ശരിയല്ല. ഇങ്ങനെ ചെയ്യുമ്പോള്‍ അതു ടീമിന്റെ അന്തരീക്ഷത്ത ദോഷമായിട്ടാണ് ബാധിക്കുന്നത്. ടെന്നീസ് പോലെയല്ല ക്രിക്കറ്റ്. ഇതൊരു ടീം സ്പോര്‍ട്ടാണ്. ഇവിടെ തുല്യത പ്രധാനമാണ്. മുഴുവന്‍ താരങ്ങളും ഒരേ രീതിയില്‍ പരിഗണിക്കപ്പെടേണ്ടത് ആവശ്യമാണ്.

ഹാര്‍ദിക്കിന്റെ കാര്യത്തില്‍ മാത്രമല്ല നേരത്തേയും ഈ തരത്തില്‍ ചില കളിക്കാര്‍ക്കു മാത്രം പ്രത്യേക പരിഗണന നല്‍കുന്നതിനു ഞാന്‍ സാക്ഷിയായിട്ടുണ്ട്. പ്രത്യേകിച്ചും കഴിഞ്ഞ ടി20 ലോകകപ്പിനിടെയും ഇതു കണ്ടിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിയമങ്ങള്‍ക്കു എതിരാണിത്. ചില പ്രത്യേക കളിക്കാര്‍ക്കു മാത്രം അനാവശ്യമായ മുന്‍തൂക്കം നല്‍കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല- ഇര്‍ഫാന്‍ പറഞ്ഞു.