അവനെ പോലെ മറ്റാരും സ്പിന്നിര്‍മാരെ ഇത്ര നന്നായി കൈകാര്യം ചെയ്യില്ല; പ്രശംസിച്ച് ഇര്‍ഫാന്‍ പത്താന്‍

ചെന്നൈയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മികച്ച വിജയം നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ 2023 ലെ പ്ലേഓഫിലേക്ക് ഏറെക്കുറെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ചേസിനിടെ മധ്യ ഓവറുകളില്‍ ഡല്‍ഹി ബാറ്റര്‍മാരെ കഴുത്തു ഞെരിച്ചു കൊന്ന സിഎസ്‌കെ നായകന്‍ എംഎസ് ധോണിയെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മഞ്ഞപ്പട, ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ വൈകിയുള്ള ആക്രമണത്തിന്റെ പിന്‍ബലത്തില്‍ 167 റണ്‍സിന്റെ വെല്ലുവിളി നിറഞ്ഞ സ്‌കോറിലാണ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. സിഎസ്‌കെ സ്പിന്നര്‍മാരുടെ കുറ്റമറ്റ നിയന്ത്രണത്തിനും കൗശലത്തിനും മുന്നില്‍ പതറിയ ഡല്‍ഹി നിര 140 ണ്‍സില്‍ ഒതുങ്ങി.

വേഗത കുറഞ്ഞ പിച്ചാണെങ്കില്‍ ധോണിയെക്കാള്‍ നന്നായി മറ്റാരും സ്പിന്നര്‍മാരെ കൈകാര്യം ചെയ്യില്ല. അദ്ദേഹം അത് നന്നായി ചെയ്തു. അവര്‍ ഒരുക്കിയ സ്പിന്‍ ചുഴിയില്‍നിന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റര്‍മാര്‍ക്ക് പുറത്തുവരാന്‍ കഴിഞ്ഞില്ല- പത്താന്‍ പറഞ്ഞു.

ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പിച്ചായിരുന്നു ഇത്. 200 റണ്‍സു വരുന്ന പിച്ചായിരുന്നില്ല. ചെന്നൈ ബാറ്റര്‍മാര്‍ അതിശയിപ്പിക്കുന്ന ജോലി ചെയ്തു, എംഎസ് ധോണി തന്നെ ബാറ്റുകൊണ്ടു വെടിയുതിര്‍ത്തു, ശിവം ദുബെയുടെ ഇന്നിംഗ്സ് മികച്ചതായിരുന്നു- പത്താന്‍ കൂട്ടിച്ചേര്‍ത്തു.