'മാധ്യമങ്ങളുടെ പ്രശംസയില്ല, കണ്ണീര്‍ കഥകളുമില്ല'; സര്‍ഫറാസിനെ കുത്തി ജുറേലിന് പ്രശംസ, സെവാഗ് എയറില്‍

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം നടത്തി കൈയടി നേടിയിരിക്കുകയാണ് യുവതാരം ധ്രുവ് ജുറേല്‍. ഒരു വേളയില്‍ 177ന് ഏഴ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ 307 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് ജുറേലിന്റെ അര്‍ദ്ധ സെഞ്ച്വറി പ്രകടനമാണ്. ഈ പശ്ചാത്തലത്തില്‍ ജുറേലിനെ പ്രശംസിച്ച് മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് എക്‌സില്‍ കുറിച്ച വാക്കുകള്‍ വിവാദമായിരിക്കുകയാണ്.

‘മാധ്യമങ്ങളുടെ പ്രശംസയില്ല, കണ്ണീര്‍ കഥകളുമില്ല. പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തില്‍ പ്രതിഭകൊണ്ട്. നന്നായി കളിച്ചു ധ്രുവ് ജുറേല്‍. എല്ലാ ആശംസകളും’ എന്നാണ് സെവാഗ് എക്‌സില്‍ കുറിച്ചത്.

സര്‍ഫറാസ് ഖാനെ പരിഹസിച്ചാണ് സെവാഗ് ജുറേലിനെ അഭിനന്ദിച്ചതെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. ജുറേലിന്റെ പ്രകടനത്തെ അഭിനന്ദിക്കുന്നതിന് മറ്റൊരു താരത്തെ അപമാനിക്കേണ്ട കാര്യമില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ സെവാഗ് സര്‍ഫറാസിനെ പരിഹസിച്ചതല്ലെന്നും പൊതുവായ മാധ്യമങ്ങളുടെ രീതിയെ പരിഹസിച്ചതാണെന്നുമാണ് മറ്റൊരു വിഭാഗം പറയുന്നത്. ഇരുവരും ഇംഗ്ലണ്ടിനെതിരായി നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലാണ് അരങ്ങേറ്റം കുറിച്ചത്.