ഓപ്പണിംഗില്‍ നിസാങ്കയും വാലറ്റത്ത്‌ ഷനകയും തകര്‍ത്തടിച്ചു ; ഇന്ത്യയുടെ വിജയലക്ഷ്യം 184 റണ്‍സ്‌

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ട്വന്റി20 മത്സരത്തില്‍ ശ്രീലങ്കയ്‌ക്ക്‌ എതിരേ ഇന്ത്യയ്‌ക്ക്‌ വിജയലക്ഷ്യം 184 റണ്‍സ്‌ അകലെ. ഓപ്പണര്‍ പുതും നിസ്സാങ്കയുടെ അര്‍ദ്ധസെഞ്ച്വറി മികവില്‍ അഞ്ചു വിക്കറ്റ്‌ നഷ്ടത്തിലായിരുന്നു ശ്രീലങ്ക 183 എന്ന സ്‌കോറില്‍ എത്തിയത്‌. ടോസ്‌ നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന്‌ അയയ്‌ക്കുകയായിരുന്നു.

ഓപ്പണര്‍ പുതും നിസ്സാങ്കയുടെയും വാലറ്റത്ത്‌ നായകന്‍ ദാസുന്‍ ഷനകയുടേയും ബാറ്റിംഗായിരുന്നു ടീമിന്‌ തുണയായത്‌. 53 പന്തില്‍ നിസ്സാങ്ക 75 റണ്‍സ്‌ എടുത്തു. 11 ബൗണ്ടറിയാണ്‌ നിസ്സാങ്കയുടെ ബാറ്റില്‍ നിന്നും പറന്നത്‌. വാലറ്റത്ത്‌ 19 പന്തുകളില്‍ നായകന്‍ ഷനക 47 റണ്‍സ്‌ എടുത്തു. അഞ്ചു സിക്‌സറുകളാണ്‌ ഷനക പറത്തിയത്‌. രണ്ടു ബൗണ്ടറികളും പറന്നു. അവസാന അഞ്ചോവറില്‍ ലങ്കന്‍ ബാറ്റ്‌സ്‌മാന്‍ അടിച്ചെടുത്തത്‌ 80 റണ്‍സായിരുന്നു.

ഓപ്പണിംഗില്‍ നിസ്സാങ്കയ്‌ക്ക്‌ ഒപ്പം ബാറ്റിംഗിനിറങ്ങിയ ഗുണതിലക 29 പന്തില്‍ 38 റണ്‍സ്‌ എടുത്തു. നാലു ബൗണ്ടറികളും രണ്ടു സിക്‌സറും ഗുണതിലകയുടെ ബാറ്റില്‍ നിന്നും വന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക്‌ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്ന മത്സരത്തില്‍ എല്ലാവരും ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.