കഴിഞ്ഞ ദിവസം ലണ്ടനിലെ നൈറ്റ് ക്ലബിലുണ്ടായ അടിപിടി വിവാദത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അന്വേഷണം ശക്തമാക്കിയതോടെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്സ് രാജിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത്. തന്റെ നീണ്ട 15 വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാനാണ് താരം ഒരുങ്ങുന്നത് എന്നാണ് വിവരം.
ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റ് വിജയത്തിന് പിന്നാലെ ബെൻ സ്റ്റോക്സും ഓൾറൗണ്ടർ ഗസ് അറ്റ്കിൻസണും ലണ്ടനിലെ കിങ്സ് റോഡിലുള്ള ‘റെക്സ് റൂംസ്’ നൈറ്റ്ക്ലബിൽ വെച്ച് സാരസെൻസ് റഗ്ബി ക്ലബ് താരങ്ങളുമായി ഏറ്റുമുട്ടിയതാണ് ഇത്തരത്തിലുള്ള അന്വേഷണത്തിലേക്ക് വഴിവച്ചിരിക്കുന്നത്.
താരത്തിന് നായക പദവിയിൽ നിന്ന് സ്വയം രാജിവെക്കാനുള്ള അവസരം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സ്റ്റോക്സിന് നൽകിയിട്ടുണ്ടെന്നാണ് ക്രിക്ഇൻഫോ’ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്വയം രാജിവെക്കുന്ന സാഹചര്യം ഉണ്ടായാൽ സ്റ്റോക്സിന് കളിക്കാരനായി ടെസ്റ്റ് ടീമിൽ തുടരാനാകും. എന്നാൽ രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ അച്ചടക്ക നടപടിയുടെ ഭാഗമായി ബോർഡ് സ്റ്റോക്സിനെ നായക സ്ഥാനത്ത് നിന്ന് നീക്കം ചെയ്യേണ്ടി വരുമെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകളിൽ പറയുന്നു. ഇതിന് പിന്നാലെയാണ് സ്റ്റോക്സ് വിരമിക്കല്‍ പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
Read more
ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമാണ് നിലവിൽ ബെൻ സ്റ്റോക്സ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ ആഷസ് പരമ്പരയ്ക്ക് ശേഷം മുഖ്യ പരിശീലകൻ ബ്രണ്ടൻ മക്കല്ലവുമായുള്ള സ്റ്റോക്സിന്റെ ബന്ധത്തിൽ വിള്ളൽ വീണതും വിരമിക്കൽ ചിന്തയ്ക്ക് ആക്കം കൂട്ടുന്നതായാണ് വിവരം. പൂർണ്ണമായി വിരമിക്കലിലേക്ക് താരം നീങ്ങിയില്ലെങ്കിലും, കരിയറിൽ നിന്ന് ഒരു താൽക്കാലിക ഇടവേള എടുക്കുന്നതിനെക്കുറിച്ചും സ്റ്റോക്സ് ചിന്തിക്കുന്നുണ്ട്.







