അടുത്തത് നീ, രോഹിത് കൈവശം വെച്ചിരുന്ന റെക്കോഡ് സ്വന്തമാക്കാൻ ബാബർ; എല്ലാ റെക്കോഡും സ്വന്തമാക്കുമെന്ന് പാകിസ്ഥാൻ ആരാധകർ

പാകിസ്ഥാൻ താരവും ക്യാപ്റ്റനുമായ ബാബർ അസം ഇന്നലെ ന്യൂസിലൻഡിനെതിരെ സെഞ്ച്വറി നേടിയതോടെ ടി20 യിലെ സെഞ്ചുറികളുടെ എണ്ണം മൂന്നാക്കി മാറ്റി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ 2-ാം ടി20 ലാഹോറിൽ കളിച്ച, പാകിസ്ഥാന് വേണ്ടി അസമിന്റെ 101-ാം ടി20 മത്സരം കൂടിയായിരുന്നു ഇന്നലെ കഴിഞ്ഞത്. അദ്ദേഹത്തിന്റെ സെഞ്ച്വറി ന്യൂസിലൻഡിനെ  തോൽപ്പിക്കാൻ സഹായിച്ചു. 3 സെഞ്ചുറികളുമായി, 4 ടി20 ഐ സെഞ്ചുറികളുമായി പട്ടികയിൽ ഒന്നാമതുള്ള ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പിന്നിൽ മാത്രമാണ് ഇപ്പോൾ ബാബർ.

3 സെഞ്ച്വറികളുമായി ബാബറടക്കം അഞ്ച് ബാറ്റർമാർ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. എന്നിരുന്നാലും, അർധസെഞ്ചുറികളുടെ കാര്യത്തിൽ, ബാബറും രോഹിതും 33 അർദ്ധ സെഞ്ചുറികളുമായി രണ്ടാം സ്ഥാനത്താണ്, 38 ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്ള വിരാട് കോഹ്‌ലിക്ക് മാത്രം പിന്നിൽ.

അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ 1-0ന് ലീഡ് നേടിയതിന് പിന്നാലെ ബാബർ അസം ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. പാകിസ്ഥാൻ ഓപ്പണർമാരായ ബാബറും റിസ്‌വാനും പതിവുപോലെ മികച്ച തുടക്കം ടീമിന് നൽകി. റിസ്‌വാൻ അർദ്ധ സെഞ്ച്വറി നേടിയാണ് പുറത്തായത്. അതുവരെ പതുങ്ങി കളിച്ച ബാബർ പിന്നെ മിന്നും ഫോമിലായി. വെറും 58 പന്തിലാണ് താരം 101 റൺസ് എടുത്തത്. എന്തായാലും താരത്തിന്റെ മികവിൽ 192 റൺസ് എന്ന കൂറ്റൻ സ്‌കോറിൽ എത്തിയ ടീമിനെ കിവീസിനെ 154 റൺസിൽ ഒതുക്കി 38 റൺസിന്റെ വിജയം സ്വമാക്കി.

ക്രിക്കറ്റ് ലോകത്ത് ഫാബ് 4 എന്ന് അറിയപെടുന്ന കോഹ്ലി, വില്യംസൺ, റൂട്ട്, സ്മിത്ത് എന്നിവരുടെ നിരയിലേക്ക് ഫാബ് 5 ആയി ബാബറിനെ പറയണം എന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ ഇന്നലത്തെ ഇന്നിങ്‌സോടെ ഇനി മുതൽ ഫാബ് 4 ഇല്ലെന്നും ഫാബ് 1 ആയി ബാബർ മാത്രമേ ഉള്ളു എന്നുമാണ് പാകിസ്ഥാൻ ആരാധകർ പറയുന്നത്.