ഏഷ്യാ കപ്പില്‍ പുതിയ പ്രതിസന്ധി; ഇന്ത്യ ടൂര്‍ണമെന്‍റ് പാതിവഴിയില്‍ മതിയാക്കി മടങ്ങുമോ?

ഏഷ്യാ കപ്പിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ കൊളംബോയില്‍ നിന്ന് മാറ്റിയേക്കും. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് ഈ നീക്കം. അഞ്ച് സൂപ്പര്‍ ഫോര്‍ മത്സരങ്ങളും ഫൈനലും കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തിലാണ് നടക്കേണ്ടത്. എന്നാല്‍ സെപ്റ്റംബര്‍ പകുതി വരെ കൊളംബോയില്‍ മഴ ശക്തമായുണ്ടാകുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.

മഴക്കളിയെ തുടര്‍ന്ന് മത്സരങ്ങള്‍ക്ക് മറ്റു വേദികള്‍ക്കുള്ള അന്വേഷണം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആരംഭിച്ചുകഴിഞ്ഞു. പല്ലെക്കലെ, ഹമ്പന്‍തോട്ട, ധാംബുള്ള എന്നീ വേദികളാണ് പരിഗണനയിലുള്ളത്. എന്നാല്‍ ഇതില്‍ ധാംബുള്ളയില്‍ മാത്രമാണ് നിലവില്‍ ഭേദപ്പെട്ട കാലാവസ്ഥ.

അതിനിടെ ശ്രീലങ്കയില്‍ മഴഭീഷണി തുടരുന്ന സാഹചര്യത്തില്‍ ബാക്കിയുള്ള മത്സരങ്ങള്‍ പാകിസ്ഥാനില്‍ നടത്താമെന്ന് അറിയിച്ച് പിസിബി ചെയര്‍മാന്‍ സാക്ക അഷറഫ് രംഗത്തുവന്നിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ ആതിഥേയ രാജ്യം പാകിസ്ഥാനാണ്. എന്നാല്‍ പാകിസ്ഥാനില്‍ ടൂര്‍ണമെന്റിനായി ഇന്ത്യ യാത്ര ചെയ്യില്ലെന്ന് അറിയിച്ചതോടെ ശ്രീലങ്കകൂടി വേദിയാക്കുകയായിരുന്നു.

നിലവിലെ മഴ സാഹചര്യത്തില്‍ ബാക്കിയുള്ള മത്സരങ്ങള്‍ ഇന്ത്യയെ അവഗണിച്ച് പാകിസ്ഥാനിലേക്ക് മാറ്റുമോ എന്നാണ് അറിയേണ്ടത്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ ടൂര്‍ണമെന്റ് പാതിവഴിയില്‍ അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങുമെന്ന് ഉറപ്പാണ്. എന്നാല്‍ വേദിമാറ്റം സംബന്ധിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.