പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ താരത്തിന് എട്ട് വര്‍ഷം തടവും പിഴയും

ബലാത്സംഗക്കേസില്‍ കാഠ്മണ്ഡു ജില്ലാ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നേപ്പാള്‍ ക്രിക്കറ്റ് താരവും ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ താരവുമായ സന്ദീപ് ലാമിച്ചനെ എട്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. മുന്‍ നേപ്പാള്‍ ക്യാപ്റ്റന് മൂന്ന് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇരയ്ക്ക് നഷ്ടപരിഹാരമായി 2 ലക്ഷം രൂപ നല്‍കണം.

2021 ഓഗസ്റ്റിലാണ് കാഠ്മണ്ഡു ഹോട്ടലില്‍വെച്ച് ബലാത്സംഗം ചെയ്തതായി ആരോപിച്ച് 2022 സെപ്തംബറില്‍ ലെഗ് സ്പിന്നറിനെതിരെ പരാതി രജിസ്റ്റര്‍ ചെയ്തത്്. നീണ്ട അന്വേഷണത്തിനും കോടതി വിചാരണയ്ക്കും ശേഷം, 2023 ഡിസംബര്‍ 29-ന് ലാമിച്ചനെ കുറ്റക്കാരനായി കണ്ടെത്തി, അന്തിമ ഹിയറിംഗില്‍ ജഡ്ജി ശിശിര്‍ രാജ് ധകലിന്റെ സിംഗിള്‍ ബെഞ്ച് ശിക്ഷ വിധിച്ചു.

കരീബിയന്‍ പ്രീമിയറില്‍ കളിക്കുന്നതിനിടെയാണ് താരത്തിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ലീഗിന് ശേഷം നേപ്പാളില്‍ മടങ്ങിയെത്തിയ താരത്തെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

18 ടി20കളിലും 14 ഏകദിനങ്ങളിലും താരം നേപ്പാളിന്റെ ക്യാപ്റ്റനായിരുന്നു. ബലാത്സംഗ ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍ തന്നെ നേതൃസ്ഥാനത്തുനിന്നും നീക്കി.

2023ലെ ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരെയാണ് അദ്ദേഹം അവസാനമായി ഒരു വലിയ ടൂര്‍ണമെന്റില്‍ കളിച്ചത്. ഐസിസി പുരുഷ ടി20 ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ ഫൈനലില്‍ ഒമാനെതിരെയായിരുന്നു നേപ്പാളിന് വേണ്ടി സന്ദീപിന്റെ അവസാന മത്സരം.