ടി20 ക്രിക്കറ്റില്‍ നേപ്പാള്‍ 'അധിനിവേശം'; പിറന്നത് ചരിത്രത്തിലെ ഉയര്‍ന്ന സ്‌കോറും വേഗമേറിയ സെഞ്ച്വറിയും അടക്കം നിരവധി റെക്കോഡുകള്‍‍!

ടി20 ക്രിക്കറ്റില്‍ ചരിത്രം സൃഷ്ടിച്ച നേപ്പാള്‍ ക്രിക്കറ്റ് ടീം. 19-ാം ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയയ്ക്കെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 314 റണ്‍സാണ് നേപ്പാള്‍ അടിച്ചെടുത്തത്. ടി20യിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. അയര്‍ലന്‍ഡിനെതിരെ അഫ്ഗാനിസ്ഥാന്‍ നേടിയ റണ്‍സാണ് (278/3) ഇവിടെ പഴങ്കഥയായത്.

50 പന്തില്‍ 137 റണ്‍സുമായി പുറത്താവാതെ നിന്ന കുശാല്‍ മല്ലയാണ് നേപ്പാളിനെ റെക്കോര്‍ഡ് സ്‌കോറിലേക്ക് നയിച്ച്. 34 പന്തില്‍ 100 പൂര്‍ത്തിയാക്കിയ അദ്ദേഹം ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വക്ക് ഉടമയായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഡേവിഡ് മില്ലര്‍ (35 പന്തില്‍) എന്നിവരുടെ റെക്കോര്‍ഡാണ് മല്ല തകര്‍ത്തത്.

27 പന്തില്‍ 61 റണ്‍സെടുത്ത രോഹിത് പൗഡേല്‍, 10 പന്തില്‍ 52 റണ്‍സെടുത്ത ദിപേന്ദ്ര സിംഗ് ഐറി എന്നിവരും നേപ്പാളിനായി തിളങ്ങി. ടി20 ക്രിക്കറ്റിലെ വേഗമേറിയ അര്‍ധ സെഞ്ച്വറി ഐറി തന്റെ പേരിലായി. ഒന്‍പത് പന്തിലാണ് ഐറി അര്‍ദ്ധ സെഞ്ച്വറി നേടിയത്. ഇവിടെ മുന്‍ താരം യുവരാജ് സിംഗിന്റെ റെക്കോഡാണ് പഴങ്കഥയായത്. യുവജാര് 12 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു. എട്ട് സിക്സുകളുള്‍പ്പെട്ടതായിരുന്നു ഐറിയുടെ ഇന്നിംഗ്‌സ്.

മത്സരത്തില്‍ നേപ്പാള്‍ 273 റണ്‍സിന് വിജയിച്ചു. ടി20യിലെ ഏറ്റവും വലിയ വിജയവും ഇതോടെ നേപ്പാളിന്റെ പേരിലായി. നേപ്പാളിന്റെ കൂറ്റന്‍ വിജയത്തിലേക്ക് ബാറ്റേന്തിയ മങ്കോളിയ 13.1 ഓവറില്‍ 41 റണ്‍സിന് ഓള്‍ഔട്ടായി.