പഴത്തൊലി നീക്കാന്‍ സെയ്‌നിയുടെ സഹായം തേടി ജഡേജ; ഭാഗ്യത്തിന് ബാറ്റു ചെയ്യേണ്ടി വന്നില്ല- വീഡിയോ

വംശീയ അധിക്ഷേപത്തിനൊപ്പം പരിക്കുകളെയും അഭിമുഖീകരിച്ചാണ് ഇന്ത്യ ഓസീസ് പര്യടനം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്നത്. പരിക്ക് ഏറെ അലട്ടുന്ന ഇന്ത്യന്‍ ടീമിന് പരമ്പരയില്‍ ഏറ്റവും ഒടുവില്‍ നഷ്ടമായിരിക്കുന്നത് ഹിറ്റ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയാണ്. എന്നാല്‍ മൂന്നാം ടെസ്റ്റിന്റെ നിര്‍ണായക ദിനമായിരുന്ന ഇന്ന് വേണ്ടി വന്നാല്‍ കൈയ്ക്ക് പരിക്കേറ്റ ജഡേജയെ ബാറ്റിംഗിന് ഇറക്കുമെന്നായിരുന്നു ടീമിന്റെ നിലപാട്. എന്നാല്‍ ആ അതിസാഹസത്തിലേക്ക് ടീമിന് പോകേണ്ടി വന്നില്ല.

ഏറെ ആവേശം നിറഞ്ഞ മൂന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനമായ ഇന്ന് ക്യാമറക്കണ്ണുകള്‍ അടിക്കടി ജഡേജയെ വീക്ഷിക്കുന്നുണ്ടായിരുന്നു. അശ്വിനോ വിഹാരിയോ പുറത്തായാല്‍ അടുത്തതായി ബാറ്റിംഗിനിറങ്ങാന്‍ തയ്യാറായി ഇരിക്കുകയായിരുന്നു ജഡേജ. ഇടയ്ക്ക്, താരങ്ങള്‍ക്കായി വിതരണം ചെയ്ത വാഴപ്പഴത്തിന്റ തൊലി നീക്കാന്‍ ജഡേജ നവ്ദീപ് സെയ്‌നിയുടെ സഹായം തേടുന്നതിന്റെയും ദൃശ്യവും ക്യാമറയില്‍ പതിഞ്ഞു. കൈവിരലിന് പ്ലാസ്റ്ററിട്ട്, കുത്തിവെയ്‌പ്പെടുത്താണ് അഞ്ചാം ദിനം ഇറങ്ങാന്‍ ജഡേജ തയ്യാറായി ഇരുന്നത്.

 ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റു ചെയ്യുന്നതിനിടെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് കയ്യില്‍ പതിച്ചാണ് ജഡേജയ്ക്ക് പരിക്കറ്റത്. പിന്നീട് സ്‌കാനിങ്ങില്‍ ജഡേജയുടെ കൈവിരലിന്റെ എല്ല് സ്ഥാനം തെറ്റിയതായി വ്യക്തമായി. നാലു മുതല്‍ ആറാഴ്ച വരെ വിശ്രമമാണ് താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

AUS vs IND 3rd Test Day 3: Ravindra Jadeja suffers blow to thumb, taken for scans | Cricket News – India TV

ഇതോടെ ഈ പരമ്പരയിലെ ശേഷിക്കുന്ന ടെസ്റ്റില്‍നിന്നും ജഡേജ പുറത്തായി. ഫെബ്രുവരി അഞ്ചിന് ഇന്ത്യയില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റിലും ജഡേജയ്ക്ക് കളിക്കാനാവില്ല.