ബോളിംഗിൽ ആ ടീമിനോട് കിടപിടിക്കാൻ മുംബൈക്കും ചെന്നൈക്കും ഒന്നും സാധിക്കില്ല; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) 2023 എഡിഷൻ മാർച്ച് 31 ന് ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഉദ്ഘാടന മത്സരം ഗുജറാത്ത് ടൈറ്റൻസും (ജിടി) ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) തമ്മിലാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്നത്. മൂന്ന് വർഷത്തിന് ശേഷം ഹോം- എവേ ഫോർമാറ്റുമായി തിരിച്ചെത്തുന്ന ക്രിക്കറ്റ് കാർണിവൽ ആരംഭിക്കുന്നതിനായി ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

സ്റ്റാർ സ്‌പോർട്‌സിൽ സംസാരിക്കവെ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (ആർ‌സി‌ബി) ബൗളിംഗ് ശക്തിയെ പ്രശംസിച്ചു. ഈ ഐപിഎൽ സീസണിലെ ഏറ്റവും മികച്ച ബൗളിംഗ് ആക്രമണമാണ് ബാംഗ്ലൂരിന്റെതാണെന്ന് മഞ്ജരേക്കർ പറയുന്നത്. ഏപ്രിൽ 2 ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസാണ് ബാംഗ്ലൂരിന്റെ ആദ്യ എതിരാളികൾ.

“അവരുടെ പേസ് ബൗളിങ്ങിന് ഡെപ്ത് ഉണ്ട്. ഹേസിൽവുഡിന് പരിക്ക് ആണെങ്കിലും അവർക്ക് ടോപ്ലിയുണ്ട്. സ്പിന്നിൽ അവർക്ക് വണിന്ദു ഹസരംഗയുണ്ട്. മുഹമ്മദ് സിറാജും ഹർഷൽ പട്ടേലുമുണ്ട്. അവരുടെ ബൗളിംഗ് മികച്ചതാണ്, മാക്സ്വെല്ലിനുപോലും പന്തെറിയാം. ഈ ഐ.പി.എല്ലിൽ. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച ബൗളിംഗ് ആക്രമണം ആർ‌സി‌ബിയുടേതാണ്, അതാണ് അവരുടെ സംയുക്ത എക്‌സ് ഫാക്ടർ,”മഞ്ജരേക്കർ പറഞ്ഞു.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഐപിഎൽ ഫ്രാഞ്ചൈസികളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ടീമുകളിൽ ഒന്നാണ്. എന്നാലും അവർ ഒരു കിരീടം പോലും നേടിയിട്ടില്ല. 10 ടീമുകളുള്ള ടൂർണമെന്റിൽ കഴിഞ്ഞ തവണ നാലാം സ്ഥാനത്താണ് ടീം പോരാട്ടം അവസാനിപ്പിച്ചത്.