IPL 2024: ലോകത്തെ ഏറ്റവും മികച്ച ലീഗിൽ ആ മേഖലയിൽ നടക്കുന്നത് ശുദ്ധ അവഹേളനം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഹമ്മദ് കൈഫ്

പഞ്ചാബ് കിംഗ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ഐപിഎൽ 2024 മത്സരത്തിൽ ഏകദേശം ഏഴ് ക്യാച്ചുകൾ കൈവിട്ടു പോകുന്ന അവസ്ഥ ഉണ്ടായി. രണ്ട് ഫ്രാഞ്ചൈസികളിലെയും കളിക്കാർ കളത്തിൽ കാഴ്ച വെച്ചത് മോശം പ്രകടനമായി പോയി. പിബികെഎസിനായി പുറത്താകാതെ 46 റൺസെടുത്ത ശശാങ്ക് സിംഗും ഒരു ക്യാച്ച് കൈവിട്ടു. ആ പന്ത് ആകട്ടെ ബൗണ്ടറിയും കടന്നു. പഞ്ചാബിന്റെ രണ്ട് റൺ തോൽവിക്ക് കാരണമായതും ഈ മിസ് ആയിരുന്നു. എന്തായാലും ഫീൽഡിങ്ങിലെ പിഴവുകൾക്ക് എതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുഹമ്മദ് കൈഫും നവജ്യോത് സിങ് സിഡുവും ഇപ്പോൾ.

ഐപിഎൽ 2024 ൽ ഏകദേശം 66-67 ക്യാച്ചുകൾ ഫീൽഡറുമാർ കൈവിട്ടെന്ന് സിദ്ദു പറഞ്ഞു. “ക്യാച്ചുകൾ പിടിച്ചില്ലെങ്കിൽ മത്സരം ജയിക്കില്ല. പക്ഷേ കളിക്കാർ ഫീൽഡിംഗ് ആസ്വദിക്കുന്നില്ല. ഒന്നുകിൽ അവരുടെ കൈകളിൽ എണ്ണ തേച്ചിരിക്കുന്നു, അല്ലെങ്കിൽ ഷൂസിൽ എന്തോ അലർജിയുണ്ട്. നിങ്ങൾ ഫീൽഡിംഗ് ആസ്വദിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ക്യാച്ചുകൾ എടുക്കാൻ കഴിയില്ല, ”നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു.

ഐപിഎൽ ഫ്രാഞ്ചൈസികളായ ഡൽഹി ക്യാപിറ്റൽസിനും ഗുജറാത്ത് ലയൺസിനും ഒപ്പം പ്രവർത്തിച്ച മുഹമ്മദ് കൈഫ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി. കഴിഞ്ഞ അഞ്ചോ ആറോ വർഷത്തിനിടെ ഐപിഎല്ലിൽ 600-700 ക്യാച്ചുകൾ ടീമുകൾ വിട്ടെന്ന് അദ്ദേഹം പറഞ്ഞു.

“ഐപിഎല്ലിൽ ഫീൽഡിങ്ങിനായി സമയം ചെലവഴിക്കാൻ കളിക്കാർ ആഗ്രഹിക്കുന്നില്ല. അവർക്ക് ഒഴികഴിവുകളുണ്ട്, ഫീൽഡിംഗ് സെഷനുകളിൽ നിന്ന് വിട്ടുനിൽക്കാൻ അവർ തയ്യാറാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 600-700 ക്യാച്ചുകളാണ് ലീഗിൽ കൈവിട്ട് കളഞ്ഞത്. ക്യാച്ച് പിടിക്കാനും ഫീൽഡ് ചെയ്യാനും കളിക്കാർക്ക് താൽപ്പര്യമില്ല. അവർ മണിക്കൂറുകൾ ബാറ്റിംഗിലും ബൗളിംഗിലും ചെലവഴിക്കുന്നു, പക്ഷേ അവരെ വിളിക്കുമ്പോഴോ ഫീൽഡിങ്ങിലോ ഒഴികഴിവുകൾ പറയുന്നു.” കൈഫ് പറഞ്ഞു

“ഫീൽഡിംഗ് ആസ്വാദ്യകരമാക്കേണ്ടത് പരിശീലകരാണ്. അവർ മണിക്കൂറുകൾ ബാറ്റിംഗിലും ബൗളിംഗിലും ചെലവഴിക്കുന്നത് കാണുമ്പോൾ, വിശ്രമിക്കാൻ മുറിയിലേക്ക് മടങ്ങാനുള്ള ഓപ്ഷൻ ഞങ്ങൾ അവർക്ക് പൊതുവെ നൽകുന്നു. ഫീൽഡിംഗ് ഒഴിവാക്കാൻ അവർ സന്തോഷത്തോടെ സമ്മതിക്കുന്നു, ”സ്റ്റാർ സ്പോർട്സിൽ മുഹമ്മദ് കൈഫ് പറഞ്ഞു.