മോഹന്‍ലാല്‍-സഞ്ജു.., ഡിസംബര്‍ 21നെ ധന്യമാക്കിയ മലയാളികള്‍

ലാലേട്ടന്‍ മാണിക്യന്‍ ആയും ബോബി ആയും ചേട്ടച്ഛന്‍ ആയുമെല്ലാം തിരശീലകളെ പ്രകമ്പനം കൊള്ളിച്ച വര്‍ഷം ഭൂമിയിലേക്ക് വരവ് അറിയിച്ചൊരു മനുഷ്യനുണ്ട്.. (1994)

അങ്ങേരു ഇന്ദു ചൂടന്‍ ആയും വിശാല്‍ കൃഷ്ണാമൂര്‍ത്തി ആയും ബിഗ് സ്‌ക്രീനിനെ പിടിച്ചു കുലുക്കിയ നാളുകളില്‍ ക്രിക്കറ്റ് ബാറ്റില്‍ അഭ്യാസം കാണിച്ചു തുടങ്ങിയ പയ്യന്‍.. (2000)

അണ്ണന്‍ ഗുണ്ടാ മാത്തുക്കുട്ടി ആയും ശരീരം പാതി തളര്‍ന്ന മാത്യൂസ് ആയും വെള്ളിത്തിരയെ പുളകം കൊള്ളിക്കുമ്പോള്‍ കേരള ക്രിക്കറ്റ് ടീമിന്റെ പടി ചവിട്ടിയ മനുഷ്യന്‍.. ( 2011)

അങ്ങേരു മലയാളത്തില്‍ ആദ്യമായി 50 കോടിയുടെ ബിസിനസ് നടത്തിയ ജോര്‍ജൂട്ടിയെ അവതരിപ്പിച്ച വര്‍ഷം പണകിലുക്കങ്ങളുടെ കളിതട്ട് ആയ ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി അരങ്ങേറ്റം കുറിച്ച പയ്യന്‍.. ( 2013)

പിരിച്ചു വച്ച മീശയുമായി തിളക്കമുള്ള ലോഹത്തിന്റെ പിറകെ രാജു ആയി അണ്ണന്‍ പാഞ്ഞ വര്‍ഷം നീലക്കുപ്പായമിട്ടു ഇന്ത്യന്‍ ടീമിലേക്ക് അരങ്ങേറിയ ചെക്കന്‍.. ( 2015)

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ അനന്ത സാധ്യതകള്‍ പ്രേക്ഷകരുടെ മുന്നില്‍ തുറന്നു തന്നു കൊണ്ടു അണ്ണന്‍ ജോര്‍ജൂട്ടിയുടെ രണ്ടാം വരവിലൂടെ ഞെട്ടിച്ച വര്‍ഷം രാജസ്ഥാന റോയല്‍സിന്റെ ക്യാപ്റ്റന്‍ ആയി അരങ്ങേറിയ മനുഷ്യന്‍.. (2021)

ഒരു പടം പോലും ഹിറ്റ് ചാര്‍ട്ടില്‍ കയറ്റുവാനാകാതെ ലാലേട്ടന്‍ വലഞ്ഞ വര്‍ഷങ്ങളില്‍ , ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റിയിട്ടും റിസേര്‍വ് ബഞ്ചില്‍ ഇരുന്നും അവസരം കിട്ടിയപ്പോള്‍ നന്നായി പെര്‍ഫോം ചെയ്യാനാകാതെ കഷ്ടകാലം വേട്ടയാടിയും തളര്‍ന്ന മനുഷ്യന്‍.. ( 2019-2023)

ഒടുവില്‍ നിരന്തര പരാജയങ്ങള്‍ക്ക് ശേഷം ലാലേട്ടന്‍ മറ്റൊരു തകര്‍പ്പന്‍ സിനിമയോടെ തന്റെ തട്ടകത്തിലേക്ക് തിരിച്ചു വന്ന 2023 ഡിസംബര്‍ 21 ന്.. തന്റെ ആദ്യ ഏകദിന സെഞ്ച്വറി അടിച്ചു കൊണ്ടു തന്റെ ക്ലാസ് വീണ്ടും ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തുന്ന അയാള്‍..

ലാലേട്ടന്‍ – സഞ്ജു.. ഇന്നത്തെ ദിവസം ധന്യമാക്കിയ രണ്ട് മലയാളികള്‍…

എഴുത്ത്: സനല്‍ കുമാര്‍ പത്മനാഭന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍