ചെണ്ടയെന്ന് പരിഹസിക്കപ്പെട്ടവന്‍ ഇന്ന് ഏകദിന ക്രിക്കറ്റിലെ ഒന്നാമന്‍; രോഹിത്തിനെയും കോഹ്‌ലിയെയും പിന്നിലാക്കി കുതിച്ച് ഗില്‍

ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഏകദിന റാങ്കിംഗില്‍ വന്‍കുതിപ്പു നടത്തി ഇന്ത്യന്‍ താരങ്ങള്‍. ഓപ്പണിംഗ് ബാറ്റര്‍ ശുഭ്മാന്‍ ഗില്ലും പേസര്‍ മുഹമ്മദ് സിറാജുമാണ് ഏകദിന റാങ്കിംഗില്‍ മിന്നും മുന്നേറ്റം കാഴ്ചവെച്ചത്.

ഏകദിനത്തില്‍ ബോളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനമാണ് നേടിയെടുത്തത്. കഴിഞ്ഞ ജൂലൈയില്‍ ജസ്പ്രീത് ബുംറ ഒന്നാമതെത്തിയതിന് ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ ബോളര്‍ ഏകദിന ബോളിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ ജോഷ് ഹേസല്‍വുഡിനെ പിന്തള്ളിയാണ് സിറാജ് ഒന്നാം സ്ഥാനത്തെത്തിയത്. ശ്രീലങ്ക, കിവീസ് ടീമുകള്‍ക്കെതിരായ മിന്നും പ്രകടനമാണ് സിറാജിന്‍രെ നേട്ടത്തിന് കുതിപ്പായത്.

2022 ജനുവരിയില്‍ ബോളിംഗ് റാങ്കിങ്ങില്‍ 279ാം സ്ഥാനത്തായിരുന്നു സിറാജ്. ഈ കാലത്ത് ചെണ്ട സിറാജെന്ന രീതില്‍ ഏറെ പരിഹാസവും താരം ഏറ്റുവാങ്ങി. പിന്നീട് നടത്തിയ മികച്ച പ്രകടനങ്ങള്‍ വര്‍ഷാവസാനത്തില്‍ താരത്തെ 18ാം റാങ്കിലെത്തിച്ചു. പുതുവര്‍ഷത്തില്‍ ഒന്നാം സ്ഥാനവും താരത്തെ തേടിയെത്തി.

രോഹിത് ശര്‍മ്മയെയും വിരാട് കോഹ്‌ലിയെയും പിന്തള്ളി ഗില്‍ റാങ്കിംഗില്‍ ആറാം സ്ഥാനത്തെത്തി. ന്യൂസിലന്റിനെതിരായ പരമ്പരയില്‍ ഒരു സെഞ്ച്വറിയും ഒരു ഡബിള്‍ സെഞ്ച്വറിയുമടക്കം 360 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. ഈ പ്രകടനമാണ് താരത്തിന് നേട്ടമായത്.

Read more

ശ്രീലങ്കക്കെതിരെ രണ്ട് സെഞ്ച്വറികളുമായി മിന്നും പ്രകടനം പുറത്തെടുത്ത ശേഷം ന്യൂസിലന്റിനെതിരെ നിറം മങ്ങിയ കോഹ്‌ലി ഒരു സ്ഥാനം താഴേക്കിറങ്ങി ഏഴാം സ്ഥാനത്തെത്തി. രോഹിത് ശര്‍മ എട്ടാം സ്ഥാനത്താണ്.