റസലിനെ വരിഞ്ഞുകെട്ടിയ സ്റ്റാര്‍ക്കിന്റെ പഞ്ചശരം; അപാരമെന്ന് ക്രിക്കറ്റ് ലോകം

വെസ്റ്റിന്‍ഡീസിന്റെ പവര്‍ ഹിറ്റര്‍ ആന്ദ്രെ റസല്‍ വീശിയടിച്ചാല്‍ ഒരു ഷോട്ടിന് സിക്സല്ല പന്ത്രണ്ട് റണ്‍സ് നല്‍കേണ്ടിവരുമെന്നാണ് കമന്റേറ്റര്‍മാര്‍ തമാശരൂപേണ പറയാറുള്ളത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ റസലിന്റെ ബാറ്റിന്റെ പ്രഹരശേഷി അറിയാത്ത ബോളര്‍മാര്‍ വിരളം. എന്നാല്‍ ബോളര്‍മാരെ നിഗ്രഹിക്കുന്ന ബാറ്റിംഗ് വിസ്ഫോടനങ്ങള്‍ക്ക് പേരുകേട്ട റസലിന് കഴിഞ്ഞ രാത്രിയില്‍ ചില പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നു.

ഓസ്ട്രേലിയക്കെതിരായ നാലാം ടി20യുടെ അവസാന ഓവറിലാണ് റസലിലെ ബാറ്റ്സ്മാന് തലകുനിക്കേണ്ടിവന്നത്. റസലിനെ പിടിച്ചുകെട്ടിയ ബൗളറും ചില്ലറക്കാരനല്ല, മിച്ചല്‍ സ്റ്റാര്‍ക്ക്. ഓസിസിനെതിരെ 190 എന്ന വിജയലക്ഷ്യം തേടിയ വിന്‍ഡീസിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 11 റണ്‍സ്. ബാറ്റിങ് ക്രീസില്‍ റസല്‍; പന്തുമായി സ്റ്റാര്‍ക്ക്.

Mitchell Starc Defend 11 Runs In Last Over Against Andre Russell Epic victory for Australia

ആദ്യ പന്ത് ഉശിരന്‍ യോര്‍ക്കര്‍, റസലിന് റണ്‍സ് എടുക്കാന്‍ സാധിച്ചില്ല. പിന്നാലെയൊരു ഫുള്‍ ലെങ്ത് ബോള്‍. അതു റസലിന്റെ പാഡില്‍ കൊണ്ടു. അതിന്റെ മൂന്നാം പന്തില്‍ മിഡ് വിക്കറ്റിലേക്ക് ഷോട്ട് പായിച്ചെങ്കിലും റസല്‍ റണ്‍സ് എടുത്തില്ല. നാലാം പന്ത് ഷോര്‍ട്ട് ബോള്‍, മുതലെടുക്കുന്നതില്‍ കരീബിയന്‍ വെടിക്കെട്ട് വീരന്‍ പരാജയപ്പെട്ടു.

തൊട്ടടുത്ത പന്തില്‍ ഫുള്‍ടോസ് ലഭിച്ചെങ്കിലും മിഡ് വിക്കറ്റിലേക്ക് കളിച്ച റസല്‍ ക്രീസില്‍ അനങ്ങാതെ നിന്നു. അവസാന പന്തില്‍ റസല്‍ സിക്സര്‍ പറത്തി. പക്ഷേ, അപ്പോഴേക്കും കങ്കാരുപ്പട നാല് റണ്‍സിന്റെ വിജയം ഉറപ്പിച്ചിരുന്നു.