തോറ്റ് തുടങ്ങുന്ന മുംബൈയെ ഭയക്കണം എന്ന് പറയുന്നത് വെറുതെയല്ല. പലപ്പോഴും ഒരു സീസൺ മോശമായി തുടങ്ങിയിട്ട് ഉണ്ടോ അന്നൊക്കെ മുംബൈ തിരിച്ചുവന്നിട്ടുണ്ട്. ഇത്തവണയും അവസ്ഥക്ക് മാറ്റം ഒന്നും ഉണ്ടായില്ല. തുടക്കത്തിലെ പതർച്ചക്ക് ശേഷം ട്രാക്കിൽ എത്തിയ മുംബൈ നിലവിൽ 12 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. അതിൽ അവസാന 5 മത്സരത്തിലും ടീം ജയിച്ച് കയറി.
ഇന്ന് രാജസ്ഥാനെതിരായ മത്സരത്തിൽ ജയിച്ചാൽ പോയിന്റ് പട്ടികയിൽ ഒന്നാമത് എത്താം എന്ന സാധ്യത മുംബൈക്ക് മുന്നിൽ ഉണ്ടായിരുന്നു. അതിനാൽ തന്നെ ഫുൾ പവറിൽ ഇറങ്ങിയ മുംബൈ ഇന്ന് ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയാണ് കണ്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടി. ഓപ്പണർമാരായ രോഹിത് ശർമ്മയുടെയും റയാൻ റിക്കൽട്ടണിന്റെയും അർദ്ധ സെഞ്ച്വറികളാണ് മുംബൈയുടെ പ്രകടനത്തിൽ നിർണായകമായത്. റിക്കൽട്ടൻ 61 ഉം രോഹിത് 53 ഉം നേടിയപ്പോൾ നായകൻ ഹാർദിക്കും വെടിക്കെട്ട് വീരൻ സൂര്യകുമാറും 48 റൺ നേടി.
കഴിഞ്ഞ മത്സരത്തിൽ ഗുജറാത്തിനെതിരെ കൂറ്റൻ ലക്‌ഷ്യം ആയിരുന്നിട്ടും അത് 16 ഓവറിന് ഉള്ളിൽ പിന്തുടർന്ന രാജസ്ഥാൻ പ്രതീക്ഷ മുഴുവൻ വെച്ചത് വൈഭവ് സുര്യവൻഷിയിലും ജയ്‌സ്വാളിലും തന്നെ ആയിരുന്നു. എന്നാൽ അത് മുളയിൽ തന്നെ നുള്ളിയ മുംബൈ തുടക്കം തന്നെ തീയായി. തന്റെ ആദ്യ ഓവറിൽ തന്നെ കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരൻ വൈഭവ് സുര്യവൻഷിയെ ( 0 ) മടക്കി ദീപക്ക് ആദ്യ വെടിമുഴക്കി. ശേഷം തന്റെ ആദഹ്യ ഓവർ എറിയാൻ എത്തിയ ട്രെന്റ് ബോൾട്ട് ആകട്ടെ തനിക്ക് എതിരെ ഓവറിൽ രണ്ട് സിക്സൊക്കെ അടിച്ച് മിന്നിച്ച ജയ്‌സ്വാളിന്റെ ( 13 ) കുറ്റിതെറിപ്പിച്ച് മുംബൈയെ ടോപ് ഗിയറിലാക്കി.
ശേഷം ക്രീസിൽ ഒന്നിച്ച നിതീഷ് റാണ- പരാഗ് സഖ്യം മുംബൈയെ മുന്നോട്ട് കൊണ്ടുപോകും എന്ന് വിചാരിച്ചപ്പോൾ ബോൾട്ട് വീണ്ടും എത്തി റാണ ( 9 ) മടക്കി. പിന്നെ ബുമ്രയുടെ ഊഴം ആയിരുന്നു. തന്റെ ആദ്യ ഓവറിൽ തന്നെ പരാഗിനെ ( 16 ) മിഡ് വിക്കറ്റിൽ രോഹിത്തിന്റെ കൈയിൽ എത്തിച്ച് ബുംറ ക്ലാസ് കാണിച്ചു. ശേഷം അടുത്ത പന്തിൽ ഹെറ്റ്മെയർ ( 0 ) മടക്കി ബുംറ വീണ്ടും തീയായി. ഈ വിക്കറ്റിൽ ബ്രില്ലൻസ് ഉണ്ടായിരുന്നു എന്ന് പറയാം. വെസ്റ്റ് ഇൻഡീസ് താരത്തിന്റെ ബലഹീനത മനസിലാക്കി കൃത്യമായി ഷോർട് മിഡ് വിക്കറ്റിൽ സൂര്യകുമാറിനെ നിർത്തിയ ഹാർദിക് കൈയടി അർഹിക്കുന്നു.
Read more
എന്തായാലും മത്സരത്തിൽ കൂറ്റൻ ജയത്തിലേക്കാണ് മുംബൈ ഇപ്പോൾ നീങ്ങുന്നത്.