മെസി ക്രിക്കറ്റ് കൂടി കളിക്കേണ്ടിവരും, അര്‍ജന്റീനയെ 450 റണ്‍സിന് തോല്‍പ്പിച്ച് അമേരിക്ക

ഐസിസി അണ്ടര്‍ 19 പുരുഷ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അമേരിക്കയോട് 450 റണ്‍സിന്റെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി അര്‍ജന്റീന. ആദ്യം ബാറ്റ് ചെയ്ത യു.എസ്.എ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 515 റണ്‍സ് നേടിയപ്പോള്‍ അര്‍ജന്റീന 19.5 ഓവറില്‍ 65 റണ്‍സിന് ഓള്‍ഔട്ടായി. 21 റണ്‍സിന് ആറു വിക്കറ്റ് വീഴ്ത്തിയ ആര്യന്‍ നദ്കര്‍ണിയാണ് അര്‍ജന്റീനയെ തരിപ്പണമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത യു.എസ് ഭവ്യ മേഹ്ത (136), റിഷി രമേഷ് (100), പ്രണവ് ചട്ടിപ്പാളയം (61), അര്‍ജുന്‍ മഹേഷ് (67) അമോഗ് അരേപ്പള്ളി (48), ഉത്കര്‍ഷ് ശ്രീവാസ്തവ (45) എന്നിവരുടെ മികവിലാണ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. യുഎസിനായി നദ്കര്‍ണിയ്ക്ക് പുറമേ ആര്യന്‍ സതീഷ് രണ്ട് വിക്കറ്റ് വീഴ്ത്തി. ആര്യന്‍ ബത്രയും പാര്‍ത്ഥ് പട്ടേലും ഓരോ വിക്കറ്റും നേടി.

ഫുട്‌ബോള്‍ രാജക്കന്മാരാണെങ്കിലും ലോക ക്രിക്കറ്റില്‍ കൃത്യമായ മേല്‍വിലാസമില്ലാത്ത രാജ്യമാണ് അര്‍ജന്റീന. എന്നാല്‍ ഒരു സമയത്ത് ലാറ്റിന്‍ അമേരിക്കന്‍ ക്രിക്കറ്റില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ അര്‍ജന്റീനക്ക് സാധിച്ചിട്ടുണ്ട്. ഒരുകാലത്തെ ബ്രിട്ടീഷ് ഭരണം തന്നെയായിരുന്നു അതിന് കാരണം.

അര്‍ജന്റീനയില്‍ ഇപ്പോഴും ക്രിക്കറ്റുണ്ടെങ്കിലും പലരും ഫുട്ബോളിന്റെ പിന്നാലെയാണ്. അവരുടെ പരമ്പരാഗതമായി അവരുടെ കായികവിനോദവും ഫുട്ബോള്‍ തന്നെ. ഫുട്ബോളിലെ പോലെ ക്രിക്കറ്റില്‍ ഒരു മറഡോണയോ, മെസിയോ അവര്‍ക്കില്ല. ഐസിസി ടി20 റാങ്കിംഗില്‍ 63ാമതാണ് അര്‍ജന്റീന. വനിതകളുടെ ടി20 ക്രിക്കറ്റില്‍ 54ാമതുമാണ് ടീം.