'ഐ.പി.എല്ലിന് പോകുന്നവര്‍ ദേശിയ ടീമില്‍ കളിക്കാന്‍ യോഗ്യരല്ല'; തുറന്നടിച്ച് ഷെയ്ന്‍ വോണ്‍

പണം ലക്ഷ്യംവെച്ച് ഐ.പി.എല്‍ കളിക്കാന്‍ പോകുന്നവര്‍ ദേശിയ ടീമില്‍ കളിക്കാന്‍ യോഗ്യരല്ലെന്ന് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. വിന്‍ഡിസ്, ബംഗ്ലാദേശ് പര്യടനങ്ങള്‍ക്കുള്ള ഓസീസ് ടീമില്‍ നിന്ന് പ്രമുഖ താരങ്ങള്‍ മാറി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് വോണിന്‍രെ പ്രതികരണം.

“എനിക്ക് ഈ കളിക്കാരോട് അതൃപ്തിയൊന്നുമില്ല. അവര്‍ക്ക് പണമുണ്ടാക്കണം എന്നാണെങ്കില്‍ അങ്ങനെ ചെയ്യട്ടെ. എന്നാല്‍ നിങ്ങള്‍ക്ക് ദേശിയ ടീമിന് വേണ്ടി കളിക്കണം എന്ന ആഗ്രഹം ഉള്ളപ്പോഴും പണത്തിന് വേണ്ടി ഐ.പി.എല്ലിന് മുന്‍തൂക്കം നല്‍കിയാല്‍ പിന്നെ നിങ്ങള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യരല്ല.”

“ക്രിക്കറ്റ് താരം എന്ന നിലയില്‍ നിങ്ങള്‍ സ്വയം മൂല്യം കല്‍പ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഏറ്റവും മികച്ച കളിക്കാര്‍ക്കെതിരെ കളിച്ച് കഴിവ് തെളിയിക്കണം. അതിന് രാജ്യാന്തര ക്രിക്കറ്റ് എന്നൊരു വേദി മാത്രമേയുള്ളു. നിങ്ങള്‍ ആ പണത്തിന് പിന്നാലെ പോയാല്‍ ഏതാനും ടെസ്റ്റില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ നിങ്ങള്‍ എത്ര മികച്ച താരമാണെങ്കില്‍ പോലും മാറ്റി നിര്‍ത്തപ്പെടും. കാരണം അവസരം കാത്ത് വേറെ താരങ്ങള്‍ പുറത്തുണ്ട്.” വോണ്‍ പറഞ്ഞു.


ഐ.പി.എല്‍ കളിച്ച ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, പാറ്റ് കമ്മിന്‍സ്, ജൈ റിച്ചാര്‍ഡ്സണ്‍, കെയിന്‍ റിച്ചാര്‍ഡ്സണ്‍, റൈലി മെറിഡിത്ത് എന്നിവരാണ് ടീമില്‍ നിന്ന് ഇടവേള ചോദിച്ചുവാങ്ങി മാറിനില്‍ക്കുന്നത്. ബയോ ബബിള്‍ ജീവിതത്തിലെ മടുപ്പ് കാരണമാണ് പിന്മാറ്റം.