സിനിമ കാണുന്നതിനേക്കാൾ ഒരുപാട് കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ചെയ്യാനുണ്ട്: ഫഹദ് ഫാസിൽ

ഫഹദ് നായകനായി എത്തിയ ജിതു മാധവൻ ചിത്രം ‘ആവേശം’ 100 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്. ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ആവേശത്തിലെ രംഗ.

ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങൾ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റർ സ്പൂഫിന്റെയും പശ്ചാത്തലത്തിൽ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.

ഇപ്പോഴിതാ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസിൽ. സിനിമ കാണുന്നതിനേക്കാൾ ഒരുപാട് കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ചെയ്യാനുണ്ടെന്നാണ് ഫഹദ് ഫാസിൽ പറയുന്നത്. നിങ്ങൾ സിനിമ കഴിയുന്നതുവരെ എന്നെക്കുറിച്ച് ചിന്തിക്കുക. തീൻമേശയിൽ ആളുകൾ അഭിനേതാക്കളെക്കുറിച്ചോ അവരുടെ അഭിനയത്തെക്കുറിച്ചോ സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഫഹദ് പറയുന്നു.

“എനിക്ക് ഡെഡ് ലൈനുകളെക്കുറിച്ച് യാതൊരു ധാരണയുമില്ല, ഞാൻ കാര്യങ്ങൾ കൃത്യസമയത്ത് തുടങ്ങുകയോ കൃത്യസമയത്ത് പൂർത്തിയാക്കുകയോ ചെയ്യുന്നില്ല. എന്‍റെ പദ്ധതികളൊന്നും മുൻകൂട്ടി നിശ്ചയിച്ചിട്ടില്ല. എനിക്ക് താൽപ്പര്യമുള്ള കാര്യങ്ങൾ മാത്രമാണ് ഞാൻ ചെയ്യുന്നത്.

പ്രേക്ഷകരോട് ഞാൻ എപ്പോഴും പറയാറുണ്ട്, അവരോടുള്ള എന്‍റെ ഒരേയൊരു ഉത്തരവാദിത്തം അവര്‍ക്ക് കാണാന്‍ താല്‍പ്പര്യമുള്ള സിനിമകൾ നിർമ്മിക്കുക എന്നതാണ്. അവർ എന്നെക്കുറിച്ച് ചിന്തിക്കാനോ എന്‍റെ ജീവിതത്തിൽ ഞാൻ എന്താണ് ചെയ്യുന്നതെന്നോർത്ത് വിഷമിക്കുവാനോ ഞാൻ ആഗ്രഹിക്കുന്നില്ല.

നിങ്ങൾ സിനിമ കഴിയുന്നതുവരെ എന്നെക്കുറിച്ച് ചിന്തിക്കുക. തീൻമേശയിൽ ആളുകൾ അഭിനേതാക്കളെക്കുറിച്ചോ അവരുടെ അഭിനയത്തെക്കുറിച്ചോ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആ ചര്‍ച്ച തിയേറ്ററുകളിലോ, തീയറ്ററില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴോ ചർച്ചചെയ്യുക. സിനിമ ഇതിനപ്പുറമല്ല. സിനിമ കാണുന്നതിനേക്കാൾ ഒരുപാട് കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ചെയ്യാനുണ്ട്.” എന്നാണ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസിൽ പറഞ്ഞത്.

അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ആവേശം നിർമ്മിച്ചിരിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

അതേസമയം റിലീസ് ചെയ്ത് പതിമൂന്ന് ദിവസങ്ങൾ കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയത്. ഓപ്പണിംഗ് ദിനത്തില്‍ ആഗോളതലത്തില്‍ 10 കോടിക്ക് മുകളില്‍ നേടിയ ചിത്രം കേരളത്തില്‍ മാത്രം 4 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ എല്ലാം 3 കോടിക്ക് മുകളില്‍ കളക്ഷന്‍ ചിത്രം കേരളത്തില്‍ നിന്നും നേടിയിട്ടുണ്ട്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’, ‘ആടുജീവിതം’, ‘പ്രേമലു’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം 100 കോടി ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ ചിത്രമാണ് ആവേശം. ഫഹദിന്റെ ആദ്യ നൂറ് കോടി ചിത്രം കൂടിയാണിത്.

മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.