'അടുത്ത സീസണില്‍ ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിച്ചേക്കില്ല'

അടുത്ത സീസണില്‍ രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിച്ചേക്കില്ലെന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. 33കാരനായ ജഡേജ ഈ സീസണില്‍ തികച്ചും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യം ക്യാപ്റ്റനെന്ന നിലയില്‍ തന്റെ എട്ട് മത്സരങ്ങളില്‍ ആറെണ്ണം തോറ്റ് ക്യാപ്റ്റന്‍സിയില്‍ പരാജയമായ ജഡേജ ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിംഗിലും ശോഭിക്കുന്നില്ല.

‘ജഡേജ അടുത്ത വര്‍ഷം സിഎസ്‌കെയ്‌ക്കൊപ്പം ഉണ്ടാകില്ല എന്ന ചിന്ത എനിക്കുണ്ട്. ചെന്നൈ ക്യാമ്പില്‍ എന്ത് സംഭവിക്കുന്നു, ജഡേജക്ക് എന്താണ് സംഭവിച്ചും എന്നതൊന്നും കൃത്യമായി അറിയില്ല. 2021-ല്‍ സുരേഷ് റെയ്നയ്ക്ക് സംഭവിച്ചതുപോലുള്ള സമാനമായ ഒരു സാഹചര്യമാണ് ഇവിടെ അനുഭവപ്പെടുന്നത്. ചില മത്സരങ്ങള്‍ക്ക് ശേഷം, അവര്‍ അവനെ പെട്ടെന്ന് പുറത്താക്കി.’

‘സീസണില്‍ മുന്നേറാന്‍ ചെന്നൈക്ക് വിജയിച്ചുകൊണ്ടേയിരിക്കണം. പ്ലേഓഫിലെത്താന്‍ കണക്കില്‍ ചെന്നൈയ്ക്ക് ഒരു അവസരമുണ്ട്. പക്ഷേ അത് സംഭവിക്കുന്നതിന് ജയിക്കുക എന്നത് പ്രധാനമാണ്. കളികള്‍ ജയിക്കണം എന്ന വസ്തുതയില്‍ നിന്നാണ് എല്ലാം ആരംഭിക്കുന്നത്’ ആകാശ് ചോപ്ര പറഞ്ഞു.

നിലവില്‍ 11 മത്സരങ്ങളില്‍ 8 പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് ചെന്നൈ. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിച്ചാല്‍ ചെന്നൈയ്ക്ക് പ്ലേഓഫ് സാധ്യതയുണ്ട്. എന്നാലിത് മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.