വിഷാംശം കലര്‍ന്ന ദ്രാവകം കുടിച്ചു, മായങ്ക് അഗര്‍വാള്‍ ആശുപത്രിയില്‍

വിമാനത്തില്‍വച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിനെ അഗര്‍ത്തലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷാംശം കലര്‍ന്ന ദ്രാവകം കുടിച്ചതിനെത്തുടര്‍ന്നു വായിലും തൊണ്ടയിലും പൊള്ളല്‍ അനുഭവപ്പെട്ട മയാങ്ക് വിമാനത്തിനുള്ളില്‍ ഛര്‍ദിക്കുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

വിമാനത്തില്‍ വച്ച് വെള്ളമാണെന്നു കരുതി തനിക്കു മുന്നില്‍ വച്ച ബോട്ടിലിലെ പാനീയം എടുത്ത് താരം കുടിക്കുകയായിരുന്നു. മായങ്ക് പലവട്ടം ഛര്‍ദിച്ചതോടെ അദ്ദേഹത്തെ അഗര്‍ത്തലയിലെ ഐഎല്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുപ്പത്തിമൂന്നുകാരന്‍ മായങ്കിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

രഞ്ജി ട്രോഫിയില്‍ ത്രിപുരയ്‌ക്കെതിരായ വിജയത്തിനുശേഷം രാജ്‌കോട്ട് വഴി ന്യൂഡല്‍ഹിയിലേക്കുള്ള മടക്കയാത്രയ്ക്കു ടീമിനൊപ്പം എത്തിയതായിരുന്നു മയാങ്ക്. സംഭവത്തില്‍ ദുരൂഹത പ്രകടിപ്പിച്ച് മായങ്ക് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നു വെസ്റ്റ് ത്രിപുരയിലെ എസ്പിയായ കെ കിരണ്‍ കുമാറാണ് പിടിഐയോടു പറഞ്ഞു.

വിമാനത്തില്‍ ഇരിക്കവെയാണ് തനിക്കു മുന്നിലുള്ള പൗച്ചില്‍ മായങ്ക് ഒരു ബോട്ടില്‍ കണ്ടത്. കുടിവെള്ളമാണെന്നു തെറ്റിദ്ധരിച്ച് അദ്ദേഹം അതു കുടിക്കുകയായിരുന്നു. തുടര്‍ന്ന് വായില്‍ വീക്കവും വ്രണങ്ങളും പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇപ്പോള്‍ മായങ്കിന്റെ അവസ്ഥ സാധാരണ നിലയിലേക്കു എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാനേജര്‍ സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ പരാതി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഈ വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും കിരണ്‍ കുമാര്‍ വ്യക്തമാക്കി.