IND VS ENG: കോഹ്ലിയുടെ പകരക്കാരനാവാൻ എറ്റവും യോ​ഗ്യൻ ആ താരം, അവനെ നാലാം നമ്പറിൽ കളിപ്പിച്ചാൽ ഇന്ത്യക്ക് പരമ്പര പിടിക്കാം, നിർദേശിച്ച് മുൻ ക്രിക്കറ്റർ

ഇം​ഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പര ജൂൺ 20നാണ് ആരംഭിക്കുക. യുവതാരങ്ങൾക്ക് പ്രധാന്യം നൽ‌കിയുളള ഇന്ത്യൻ ടീമിനെ ശുഭ്മാൻ ​ഗിൽ ആണ് നയിക്കുന്നത്. ബെൻ സ്റ്റോക്സ് ഇം​ഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റനായും എത്തും. വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവരുടെ വിരമിക്കലിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ യു​ഗത്തിനാണ് ഈ സീരീസോടെ തുടക്കമാവുക. കോഹ്ലി കളിച്ച നാലാം നമ്പർ പൊസിഷനിൽ ഏത് താരമാവും ഇം​ഗ്ലണ്ട് പരമ്പരയിൽ എത്തുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കരുൺ നായർ, കെഎൽ രാഹുൽ, സായി സുദർശൻ തുടങ്ങിയവരാണ് ഈ പൊസിഷനിലേക്കുളള സാധ്യതാപട്ടികയിലുളളത്. വിരാട് കോഹ്ലിയുടെ ബാറ്റിങ് പൊസിഷനിൽ കെഎൽ രാഹുൽ കളിക്കണമെന്ന് പറയുകയാണ് മുൻ ഓസ്ട്രേലിയൻ താരം മാത്യൂ ഹെയ്ഡൻ. രാഹുലാണ് ഈ സ്ഥാനത്തേക്കുളള എറ്റവും മികച്ച ഓപ്ഷൻ എന്ന് ഹെയ്ഡൻ അഭിപ്രായപ്പെട്ടു. എന്നാൽ ഇം​ഗ്ലണ്ടിനെതിരെ യശസ്വി ജയ്സ്വാളിനൊപ്പം രാഹുൽ തന്നെ ഓപ്പണിങ്ങിൽ  ഇറങ്ങാനാണ് കൂടുതൽ സാധ്യതയെന്നും ഹെയ്ഡൻ പറഞ്ഞു.

“ഇവിടെ മറ്റൊരു പ്രശ്നം കൂടിയുണ്ട്. കെഎൽ രാഹുൽ ഓപ്പണറായി തന്നെ ഇറങ്ങാനാണ് സാധ്യത. ഞാൻ അത് ഉറപ്പിക്കുകയാണ്. എന്നാൽ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിലെ നിലവിലെ എറ്റവും മികച്ച ബാറ്റർ രാഹുൽ ആണെന്നാണ്. നാലാം നമ്പറിൽ വിരാട് കോഹ്ലിക്ക് പകരക്കാരനാവാൻ കെഎൽ‌ രാഹുലിന് കഴിയും”, ഹെയ്ഡൻ പറഞ്ഞു

Read more

രാഹുലിനെ ഒരു ഓപ്പണർ എന്ന നിലയിൽ ഇഷ്ടപ്പെടാത്തതിന്റെ കാരണവും മാത്യൂ ഹെയ്ഡൻ തുറന്നുപറഞ്ഞു. “ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ നമ്മൾ കണ്ടതാണ്, രാഹുൽ ഔട്ടാവാറുളളത് 57%വും കീപ്പർക്കോ സ്ലിപ്പിലുളള ഫീൽഡർമാർക്കോ ക്യാച്ച് നൽകിയാണ്. സാങ്കേതികപരമായി അദ്ദേഹം വളരെ മികച്ചതായി കാണപ്പെടുന്നു. എത്ര അത്ഭുതകരമാണത്. എന്നാൽ പെട്ടെന്ന് തന്നെ അദ്ദേഹം പുറത്താവുന്നു”, ഹെയ്ഡൻ പറഞ്ഞു.