ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ റിഷഭ് പന്തിന് ഉപദേശവുമായി മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. പന്ത് ഇനിയെങ്കിലും സാഹചര്യം നോക്കി കളിക്കണമെന്ന് ഗാംഗുലി ആവശ്യപ്പെട്ടു. ഓസ്ട്രേലിയക്കെതിരെ ബോർഡർ ഗവാസ്കർ ട്രോഫിയിൽ മോശം ഷോട്ട് സെലക്ഷന്റെ പേരിൽ വലിയ വിമർശനമാണ് റിഷഭ് പന്തിനെതിരെ വന്നത്. ഇതിന് പിന്നാലെയാണ് സൗരവ് ഗാംഗുലിയും പന്തിനെ വിമർശിച്ച് രംഗത്തെത്തിയത്.
പന്ത് ഓസ്ട്രേലിയയിൽ കാണിച്ച രീതി തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് ഗാംഗുലി തുറന്നടിച്ചു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കാനും പോരാട്ടവീര്യം കാണിക്കാനും പന്തിനോട് അദ്ദേഹം ആവശ്യപ്പെട്ടു. പന്ത് പവർഹിറ്ററാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ സാഹചര്യത്തിനനുസരിച്ച് പൊരുത്തപ്പെടുകയും കളിക്കുകയും ചെയ്യണമെന്ന് ഇതിഹാസ ക്രിക്കറ്റ് താരം പറഞ്ഞു.
Read more
“വളരെ നന്നായി പ്രതിരോധ ബാറ്റിങ് കാഴ്ചവയ്ക്കാൻ സാധിക്കുന്ന താരമാണ് പന്തെന്ന് ഗാംഗുലി പറയുന്നു. അതാണ് ഞാൻ കാണാൻ ആഗ്രഹിക്കുന്നത്. അദ്ദേഹം പോരാടുകയും തളരുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആക്രമണശൈലി ആവാം. എന്നാൽ സാഹചര്യത്തിനനുസരിച്ച് കരുതലോടെ കളിക്കുക. അദ്ദേഹം ഒരു സ്ട്രോക്ക് മേക്കർ ആണെന്ന് എനിക്കറിയാം, അതാണ് അദ്ദേഹത്തിന്റെ ശക്തി, പക്ഷേ അദ്ദേഹം അതിനനുസരിച്ച് പൊരുത്തപ്പെടുകയും കളിക്കുകയും ചെയ്യേണ്ടിവരും”, ഗാംഗുലി കൂട്ടിച്ചേർത്തു.