ക്രിക്കറ്റിലെ ഫാബ് 4 ആയി ഏറെകാലം അറിയപ്പെട്ട താരങ്ങളാണ് വിരാട് കോഹ്ലി, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, കെയ്ൻ വില്യംസൺ എന്നിവർ. യുവത്വം മുതൽ ഇതിഹാസങ്ങൾ ആയതുവരെ ക്രിക്കറ്റിലെ എറ്റവും മികച്ച നാല് താരങ്ങളാണ് ഇവരെന്ന് ക്രിക്കറ്റ് ലോകം ഒന്നടങ്കം പുകഴ്ത്തി. കൂടുതലും ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ സൂപ്പർ താരങ്ങളെ ഫാബ് 4 ആയി വിശേഷിപ്പിച്ചത്. എന്നാൽ നിലവിൽ ഈ നാല് താരങ്ങളും അവരുടെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്.
വിരാട് കോഹ്ലി ഇതിനോടകം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചുകഴിഞ്ഞു. സ്റ്റീവ് സ്മിത്താവട്ടെ ഏകദിന ക്രിക്കറ്റ് മതിയാക്കിയത് അടുത്തിടെയാണ്. കെയ്ൻ വില്യംസൺ വിരമിച്ചില്ലെങ്കിലും ന്യൂസിലൻഡ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പിന്മാറുകയും 2024-25 സെൻട്രൽ കരാർ നിരസിക്കുകയും ചെയ്തിരിക്കുകയാണ്. യുവതാരങ്ങൾക്ക് കൂടുതൽ അവസരം ലഭിക്കാനാണ് ഇവരെല്ലാം ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. ഈ സാഹചര്യത്തിൽ യുവതലമുറയിലെ ഫാബ് 4 ആരെല്ലാം ആണെന്ന് പറയുകയാണ് കെയ്ൻ വില്യംസൺ.
Read more
ഇന്ത്യൻ ടീമിലെ രണ്ട് താരങ്ങളെയാണ് ഫാബ് 4ൽ കെയ്ൻ വില്യംസൺ പറയുന്നത്. ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, ഓപ്പണർ യശസ്വി ജയ്സ്വാൾ തുടങ്ങിയവരാണ് വില്യംസണിന്റെ ഫാബ് 4 ലിസ്റ്റിൽ ഇടംപിടിച്ചത്. വരുംവർഷങ്ങളിൽ ക്രിക്കറ്റ് ലോകം ഭരിക്കാൻ കെൽപ്പുളള താരങ്ങളാണ് ഇരുവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂസിലൻഡിന്റെ രചിൻ രവീന്ദ്ര, ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് എന്നിവരാണ് വില്യംസണിന്റെ ലിസ്റ്റിലുളള മറ്റു താരങ്ങൾ. ഇവർക്കൊപ്പം ഓസ്ട്രേലിയയുടെ കാമറൂൺ ഗ്രീനിന്റെ പേരും കെയ്ൻ വില്യംസൺ പറയുന്നു. “അവരെല്ലാം മികച്ച കളിക്കാരാണ്, എല്ലാ ഫോർമാറ്റുകളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. എല്ലാ യുവതാരങ്ങളും അവരുടെ കളികളും വളരുകയാണ്”, കെയ്ൻ വില്യംസൺ പറഞ്ഞു.