IPL 2024: ആരാധകരെ പൊട്ടന്മാരാക്കരുത്, ബിസിസിഐ ഇടപെട്ട് ആര്‍സിബി ടീം ഉടമകളെ മാറ്റണം; ഗതികെട്ട് പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം

ഐപിഎലില്‍ മോശം പ്രകടനം തുടര്‍ക്കഥയാക്കിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) ടീമിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം മഹേഷ് ഭൂപതി. ആര്‍സിബിയെ പുതിയ ഉടമയ്ക്ക് വില്‍ക്കുന്നത് ബിസിസിഐ ഗൗരവത്തോടെ ആലോചിക്കണമെന്ന് താരം പറഞ്ഞു. ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ടോട്ടല്‍ വഴങ്ങി പരാജയപ്പെട്ടതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.

ആരാധകരേയും ക്രിക്കറ്റിനേയും കരുതി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ നിലവിലെ ഉടമകളെ മാറ്റണം. നല്ല ടീം രൂപീകരിക്കാന്‍ കഴിയുന്നവരെ കണ്ടെത്തി ബിസിസിഐ ഉടമസ്ഥാവകാശം അവര്‍ക്ക് കൈമാറണം- മഹേഷ് ഭൂപതി ആവശ്യപ്പെട്ടു.

ഐപിഎലില്‍ ഇതുവരെ കിരീടം നേടാത്ത ടീമാണ് ആര്‍സിബി. ഐപിഎല്‍ 17ാം സീസണില്‍ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളില്‍ ആറെണ്ണത്തിലും ബെംഗളൂരു തോറ്റു. മത്സരങ്ങളില്‍ ബോളര്‍മാര്‍ റണ്‍സ് ചോര്‍ത്തുമ്പോള്‍ ബാറ്റര്‍മാര്‍ക്ക് സ്ഥിരമായി സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ അവരുടെ ഏറ്റവും പുതിയ മത്സരത്തില്‍, ആര്‍സിബി ബോളര്‍മാര്‍ എതിരാളികളെ 287/3 എന്ന സ്‌കോറിലേക്ക് എത്താന്‍ അനുവദിച്ചു. ഇത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. നാല് ആര്‍സിബി ബോളര്‍മാര്‍ 50-ലധികം റണ്‍സ് വിട്ടുകൊടുത്തു. ഇത് ഐപിഎലിലെ മോശം റെക്കോര്‍ഡാണ്.