സൂപ്പര്‍ ഫാസ്റ്റ് സെഞ്ച്വറിയുമായി നമാന്‍ ഓജ, കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും ഇന്ത്യ തോറ്റു

ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗില്‍ ഇന്ത്യ മഹാരാജാസിന് തോല്‍വി. റണ്‍മഴ പെയ്ത മത്സരത്തില്‍ വേള്‍ഡ് ജയന്റ്സ് മൂന്നുവിക്കറ്റിനാണ് ഇന്ത്യ മഹാരാജാസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ മുന്നോട്ടുവെച്ച 210 എന്ന കൂറ്റന്‍ വിജയലക്ഷ്യം 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വേള്‍ഡ് ജയന്റ്സ് മറികടന്നു.

27 പന്തുകളില്‍ നിന്ന് 53 റണ്‍സെടുത്ത കെവിന്‍ പീറ്റേഴ്സണും അവസാന ഓവറുകളില്‍ അപ്രതീക്ഷിതമായി ആളിക്കത്തിയ ഇമ്രാന്‍ താഹിറുമാണ് വേള്‍ഡ് ജയന്റ്സിന് വിജയം സമ്മാനിച്ചത്. താഹിര്‍ വെറും 19 പന്തുകളില്‍ നിന്ന് 5 സിക്‌സും 3 ഫോറും സഹിതം 52 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി മുനാഫ് പട്ടേല്‍, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ നമന്‍ ഓജ തകര്‍പ്പന്‍ സെഞ്ച്വറി നേടി. വെറും 69 പന്തുകളില്‍ നിന്ന് 15 ഫോറിന്റെയും ഒന്‍പത് സിക്സിന്റെയും അകമ്പടിയോടെ 140 റണ്‍സാണ് ഓജ അടിച്ചുകൂട്ടിയത്. നായകന്‍ മുഹമ്മദ് കൈഫ് 53 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ജയത്തോടെ ടൂര്‍ണമെന്റിലെ ആദ്യ പോയന്റ് സ്വന്തമാക്കാന്‍ ജയന്റ്സിന് സാധിച്ചു. ആദ്യ മത്സരത്തില്‍ ജയന്റ്സ് ഏഷ്യ ലയണ്‍സിനോട് പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തില്‍ ഏഷ്യ ലയണ്‍സിനെ തോല്‍പ്പിച്ച ഇന്ത്യ മഹാരാജാസ് ടൂര്‍ണമെന്റില്‍ വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്.