ഇന്ത്യയുടെ വരവ്; ശ്രീലങ്ക പടയൊരുക്കം തുടങ്ങി

ഏകദിന നായകസ്ഥാനത്ത് നിന്നും കരുണാരത്‌നെ പുറത്താക്കി ശ്രീലങ്ക. പുതിയ നായകനായി കുശാല്‍ പെരേരയെയാണ് ശ്രീലങ്ക ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. കുശാല്‍ മെന്‍ഡിസ് ആണ് പുതിയ ഉപനായകന്‍.

58 ശതമാനം വിജയം മാത്രമാണ് ഏകദിനങ്ങളില്‍ കരുണാരത്‌നെയ്ക്ക് ശ്രീലങ്കയ്ക്ക് നേടി കൊടുക്കാന്‍ സാധിച്ചിട്ടുള്ളത്. ശ്രീലങ്കയുടെ 24ആം ഏകദിന ക്യാപ്റ്റനാണ് കുശാല്‍ പെരേര. വരാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തില്‍ കുശാല്‍ ശ്രീലങ്കയെ നയിക്കുമെന്ന് ശ്രീലങ്ക ക്രിക്കറ്റ് അറിയിച്ചു. കരുണാരത്‌നെയെ ടീമില്‍ നിന്നുതന്നെ ഒഴിവാക്കാനാണ് സാധ്യത. ദാസുന്‍ ഷനകയാണ് ടി20 ക്യാപ്റ്റന്‍.

യുവ താരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി 2023 ലോക കപ്പ് മുന്നില്‍ക്കണ്ട് ഒരു പുതിയ ഏകദിന ടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റ്. ഇന്ത്യയ്‌ക്കെതിരെ വരാനിരിക്കുന്ന ഏകദിന, ടി20 പരമ്പരയ്ക്കുള്ള ഒരുക്കത്തിന്റെ ഭാഗമായും കൂടിയാണ് ശ്രീലങ്കയുടെ ഈ ഒരുക്കം.

മൂന്നു വീതം ഏകദിന ടി20 പരമ്പരകളാകും ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 13 ന് ഏകദിന മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുക. ജൂലൈ 16, 19 തിയതികളില്‍ ബാക്കി രണ്ട് ഏകദിനങ്ങള്‍ നടക്കും. ടി20 മത്സരങ്ങള്‍ ജൂലൈ 22, 24,27 തിയതികളില്‍ നടക്കും. എല്ലാ മത്സരങ്ങളും കൊളംബോയിലെ പ്രേമദാസാ സ്റ്റേഡിയത്തിലാവും നടക്കുക.