KOHLI THROWBACK: 60 ഓവറുകൾ അവന്മാർക്ക് നരകം പോലെ തോന്നണം..., എങ്ങനെ മറക്കും 2021 ലെ ആ തീതുപ്പിയ കോഹ്‌ലി ഡയലോഗ്; ഇതിഹാസത്തിന്റെ വിരമിക്കൽ വേളയിൽ തരംഗമായി ബിഗ്ഗെസ്റ്റ് മോട്ടിവേഷൻ വീഡിയോ

2021-ൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് ക്രിക്കറ്റിന്റെ മക്കയായ ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 151 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ സ്വന്തമാക്കുന്നു. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീമിന്റെ ആറ്റിട്യൂഡ് എന്താണെന്ന് കാണിച്ച ഈ പോരിൽ, ഇന്ത്യ ഇംഗ്ലണ്ടിനെ വെറും 60 ഓവറിന് ഉള്ളിൽ പുറത്താക്കി തങ്ങളുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്ന് രേഖപ്പെടുത്തി.

ഇന്ത്യയുടെ എക്സ്പ്രസ് പേസ് ബൗളിംഗ് ജോഡിയായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും തമ്മിലുള്ള 89 റൺസിന്റെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടിന് മുമ്പ് ടീം അൽപ്പം പ്രതിസന്ധിയിൽ ആയിരുന്നു. എന്നാൽ ഈ കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ തളർത്തുകയും ഇന്ത്യയെ ഉണർത്തുകയും ചെയ്തു. മത്സരത്തിൽ 60 ഓവർ മാത്രം ബാക്കി നിൽക്കെ ഇന്ത്യ ഇംഗ്ലണ്ടിന് 272 റൺസിന്റെ വിജയലക്ഷ്യം നൽകുന്നു. ശേഷം ഇംഗ്ലണ്ടിനെ വെറും 120 റൺസിന് പുറത്താക്കി ഇന്ത്യൻ ബൗളിംഗ് യൂണിറ്റ് മറക്കാനാവാത്ത ഒരു പ്രകടനം കാഴ്ചവച്ചു.

അന്ന് ഇംഗ്ലണ്ട് ഇന്നിംഗ്സ് ആരംഭിക്കുന്നതിന് മുമ്പ് കോഹ്‌ലി നടത്തിയ തീപാറുന്ന പ്രസംഗം ആ ദിവസം ഇന്റർനെറ്റിലുടനീളം വൈറലായി. ഇന്ത്യൻ നായകൻ സഹതാരങ്ങളോട് പറഞ്ഞു, “ആരെങ്കിലും ചിരിക്കുന്നത് ഞാൻ കണ്ടാൽ, നോക്കൂ! 60 ഓവറുകളിൽ അവർക്ക് അവിടെ നരകം പോലെ തോന്നണം.”

എന്തായാലും അന്ന് തീപാറുന്ന വാക്കുകളുമായി ഇന്ത്യൻ സഹതാരങ്ങളെ ഉണർത്തിയ കോഹ്‌ലി ഇന്ന് ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ ആരാധകർ അന്നത്തെ ആ 60 ഓവറും തീപാറുന്ന പ്രസംഗവും ഒന്നും മറക്കില്ല എന്ന് പറയാം. കഴിഞ്ഞ വർഷം ടി 20 യിൽ നിന്ന് വിരമിച്ച കോഹ്‌ലി ടെസ്റ്റിൽ നിന്ന് വിരമിച്ചതോടെ ഇനി ക്രിക്കറ്റിൽ ഏകദിനത്തിലും ഇന്ത്യൻ പ്രീമിയർ ലീഗിലും മാത്രമായി ഒതുങ്ങും. 123 ടെസ്റ്റിൽ നിന്ന് 9230 റൺ നേടിയ താരം അതിൽ 31 അർദ്ധ സെഞ്ചുറിയും 30 സെഞ്ചുറിയും നേടിയിട്ടുണ്ട്.

Read more