കലി അടങ്ങാതെ കോഹ്ലി ആരാധകര്‍; ക്രിസ്റ്റ്യനും ഭാര്യയ്ക്കും കടുത്ത അവഹേളനം

ഐപിഎല്ലില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുറത്തായതിന്റെ രോഷം ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഡാനിയേല്‍ ക്രിസ്റ്റ്യനോടും ഗര്‍ഭിണിയായ ഭാര്യയോടും തീര്‍ത്ത് വിരാട് കോഹ്ലി ആരാധകര്‍. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ അധിക്ഷേപം അതിരു വിട്ടതോടെ ക്രിസ്റ്റ്യന് പ്രതികരിക്കേണ്ടി വന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ എലിമിനേറ്ററില്‍ ക്രിസ്റ്റ്യന്‍ ഒരു ഓവറില്‍ 22 റണ്‍സ് വഴങ്ങിയിരുന്നു. ആര്‍.സി.ബിയുടെ തോല്‍വിക്ക് അതു കാരണമായെന്ന് പറഞ്ഞാണ് ആരാധകര്‍ താരത്തിനും ഭാര്യയ്ക്കുമെതിരെ തിരിഞ്ഞത്. ജീവിതപങ്കാളിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കയറി ആരാധകര്‍ മോശം വാക്കുകള്‍ പ്രയോഗിച്ചതോടെ ക്രിസ്റ്റ്യന്‍ തിരിച്ചടിച്ചു.

ഭാര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ നിന്ന് ഇറങ്ങിപോകാന്‍ വകതിരിവില്ലാത്ത ആര്‍.സി.ബി പ്രേമികളോട് ക്രിസ്റ്റ്യന്‍ ആവശ്യപ്പെട്ടു. കൊല്‍ക്കത്തയുമായുള്ള മത്സരം തന്നെ സംബന്ധിച്ച മികച്ചതായിരുന്നില്ലെന്നും സ്‌പോര്‍ട്‌സ് എന്നു പറഞ്ഞാല്‍ അങ്ങനെയാണെന്നും മറുപടി നല്‍കിയ ക്രിസ്റ്റ്യന്‍ തന്റെ പങ്കാളിയെ വെറുതെ വിടാനും അപേക്ഷിച്ചു.