കാര്യവട്ടം ഏകദിനം: പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്ന് കായികമന്ത്രി, വിവാദം

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഈ മാസം 15ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് നിരക്കിലെ വിനോദ നികുതി കുറയ്ക്കാനാകില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. നികുതി കുറയ്ക്കാനാകില്ലെന്നും പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രതികരണം ഇതിനോടകം വിവാദമായിട്ടുണ്ട്.

വിനോദ നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമായാണ് ഉയര്‍ത്തിയത്. കഴിഞ്ഞ തവണ നികുതി കുറച്ചിട്ടും ടിക്കറ്റ് വില കുറഞ്ഞില്ലെന്നും സംഘാടകര്‍ അമിതലാഭം എടുക്കാതിരിക്കാനാണ് നികുതി കുറക്കാത്തതെന്നും ഇത്തവണ നികുതി വര്‍ധന കൊണ്ട് കാണികള്‍ക്ക് അധിക ഭാരമില്ലെന്നും മന്ത്രി പറഞ്ഞു.

കാര്യവട്ടത്ത് കളി കാണാന്‍ ബിസിസിഐ ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപ, ലോവര്‍ ടയറിന് 2000 എന്നിങ്ങനെയാണ്. 18 ശതമാനം ജിഎസ്ടിയുംകോര്‍പ്പറേഷന്റെ 12 ശതമാനം വിനോദ നികുതിയും ബുക്കിങ് ചാര്‍ജും കൂടിയാകുമ്പോള്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയാകും.

സെപ്റ്റംബറില്‍ ഇവിടെ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തില്‍ അഞ്ചുശതമാനമായിരുന്നു വിനോദ നികുതി. നികുതി ഉള്‍പ്പടെ 1500ഉം 2750ഉം ആയിരുന്നു ടിക്കറ്റ് നിരക്ക്. ഈ ടിക്കറ്റ് നിരക്ക് ഇത്തവണ കെസിഎ 1000, 2000 രൂപയായി കുറച്ചിട്ടുണ്ട്.