ആരാധകരുടെ മനസിൽ അയാൾക്ക് സ്ഥാനം നേടിക്കൊടുക്കാൻ ഒരു മത്സരം മതിയായിരുന്നു, അയാൾ ഒരു ജിൻ ആയിരുന്നു

മനീഷ് മധുസുദന്‍

സാഹസികമായ ഫീല്‍ഡിംഗ് ശ്രമങ്ങള്‍ ഒരു പക്ഷെ നിങ്ങളെ പരിക്കിന്റെ പിടിയില്‍ എത്തിച്ചേക്കാം, ചിലപ്പോള്‍ മാസങ്ങളോളം എടുത്തേക്കും നിങ്ങളതില്‍ നിന്ന് പൂര്‍ണമായും മോചിതനാകാന്‍, ഒരു പക്ഷെ തിരിച്ചു ടീമിലേക്ക് വരുമ്പോഴേക്കും ടീമിലെ തന്റെ സ്ഥാനം മറ്റാരെങ്കിലും സ്വന്തമാക്കിയേക്കാം , ഒരു തിരിച്ചുവരവിന് ഒരുപക്ഷേ  കാലങ്ങളോളം കാത്തിരിക്കേണ്ടി വന്നേക്കാം…

അപ്പോ പിന്നെ എന്തിന് ഈ റിസ്‌ക് എടുക്കണം, വേദന അനുഭവിക്കണം..? കളിയില്‍ ഒരു ഡൈവിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഇത്തരം ചിന്തകള്‍ ഒരു പ്രൊഫഷണല്‍ ക്രിക്കറ്ററിന് ഒരു പക്ഷെ സ്വാഭാവികം ആയിരിക്കും. പക്ഷേ #മുഹമ്മദ്_കൈഫിനോട് ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ അയാളുടെ മറുപടി ഇതായിരുന്നു. ‘Pain and risk is normal, but the fun is more important…’

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആകാശത്ത് നിരവധി നക്ഷത്രങ്ങള്‍ തിളങ്ങി നിന്നിരുന്ന കാലമായിരുന്നു അത്…. അവിടേക്കായിരുന്നു അത്ഭുതവും മനോഹരവുമായ ഒരു കാഴ്ച സമ്മാനിച്ചു കൊണ്ട് മുഹമ്മദ് കൈഫ് എന്ന ആ വാല്‍നക്ഷത്രം കടന്നു പോകുന്നത്.. അതേ അയാളെ അങ്ങനെ വിശേഷിപ്പിക്കാന്‍ ആണെനിക്കിഷ്ടം… കണ്ട് നില്‍ക്കുന്നവരുടെ കണ്ണും മനസ്സും നിറച്ച് , ഒരുപാട് കാലത്തേക്ക് ഓര്‍ത്തു വെയ്ക്കാന്‍ ഒത്തിരി വലുതല്ല എങ്കില്‍ പോലും കുറച്ചു മനോഹരമായ കാഴ്ചകള്‍ സമ്മാനിച്ചു കൊണ്ട്, ഒരു വലിയ വിപ്ലവം സൃഷ്ടിച്ചു കൊണ്ട്, വളരെവേഗം കടന്നു പോയ ഒരു വാല്‍നക്ഷത്രം..

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുപ്പതു വാരക്ക് ഉള്ളില്‍ അയാള്‍ തീര്‍ത്ത കണ്ണഞ്ചിപ്പിക്കുന്ന റിഫ്‌ളക്‌സ് ഫീല്‍ഡിംഗ് മോമെന്റുകള്‍ എങ്ങിനെയാണ് നമ്മള്‍ മറക്കുക, അജയ് ജഡേജയും മുഹമ്മദ് അസറുദ്ദീനും ഫീല്‍ഡിംഗ് മേഖലയില്‍ പ്രതിഭയുടെ ചില മിന്നലാട്ടങ്ങള്‍ കാഴ്ചവച്ചു എങ്കില്‍ പോലും, ബാറ്റിംഗിനോടും ബോളിംഗിനോടും മാത്രമായി അഗാധമായ റൊമാന്‍ന്‍സിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റിനെ ഫീല്‍ഡിംഗിൻറെ വഴിയേ കൂടി മാറി ചിന്തിക്കാന്‍ ഒരു പരിധി വരെ കാരണമായത് കൈഫിന്റെ കടന്നുവരവാണ്.

അതുവരെ ക്രിക്കറ്റ് ലോകം അമ്പരപ്പോടെ കാണുകയും ഓര്‍ത്തിരിക്കുകയും ചെയ്ത ഒരു പ്രകടനമായിരുന്നു ജോണ്ടി റോഡ്‌സ് , 1992 വേള്‍ഡ് കപ്പില്‍ ബ്രിസ്ബനില്‍ വെച്ച് പാകിസ്ഥാന് എതിരെ ഇന്‍സമാമിനെ പുറത്താക്കിയ ആ റണ്‍ ഔട്ട് . ഒരു പക്ഷിയെ അനുസ്മരിപ്പിക്കും വിധം ബോളുമായി വിക്കറ്റിലേക്ക് പറന്നിറങ്ങിയ ആ ഫീല്‍ഡിംഗ് പ്രകടനം. ശരിക്കും പറഞ്ഞാലൊരു സെന്‍സേഷണല്‍ മോമെന്റ്. അതുപോലെ ഒരെണ്ണം ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ സ്വപ്നം മാത്രമായിരുന്നു എന്ന് കരുതിയ കാലത്താണ് കൈഫിന്റെ ആ അത്ഭുതപ്രകടനം നമ്മള്‍ കാണുന്നത്..

2003 വേള്‍ഡ് കപ്പ്, ഇംഗ്ലണ്ടിന് എതിരെയുള്ള ലീഗ് മത്സരം, ഇന്നിംഗ്‌സിന്റെ രണ്ടാം ഓവറില്‍
ജവഗല്‍ ശ്രീനാഥിന്റെ അത്ര അപകടകരമായ ഒരേ ലെംഗ്ത്ത് ഡെലിവറി നോണ്‍ സ്‌ട്രൈക്കറിന് സമീപമായി ടാപ്പ് ചെയ്തു അധികം റിസ്‌ക് ഇല്ലാതെ ഒരു സിംഗിളിനു ശ്രമിക്കുകയാണ് ഇംഗ്ലീഷ് ഓപ്പണര്‍ നിക് നൈറ്റ്. പക്ഷേ ഹി ചലഞ്ച് വിത്ത് ദ റോംഗ് പേഴ്‌സണ്‍..  ബാറ്റ്‌സ്മാന് ഒപ്പം തന്നെ
എക്‌സ്ട്രാ കവറില്‍ നിന്ന് ഒരു സ്പ്രിന്ററിന്റെ വേഗത്തോടെ തന്റെ ലക്ഷ്യത്തിലേക്ക് പാഞ്ഞടുത്ത കൈഫ്, വലതുകൈ കൊണ്ട് ബോള്‍ കളക്ട് ചെയ്ത് നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലേക്ക് ഗ്രൗണ്ടിന് തിരശ്ചീനമായി ഒരു മുഴുനീള ഡൈവിംഗ്…

വായുവില്‍ പറന്ന് അങ്ങനെ നില്‍ക്കുമ്പോള്‍ തന്നെ സ്റ്റമ്പിനേ ലക്ഷ്യം വച്ച് ബോള്‍ റിലീസ് ചെയ്യുന്നു, കൃത്യമായി തന്നെ ബെയ്ലുകള്‍ താഴേക്ക് പതിക്കുമ്പോള്‍ നിക് നൈറ്റ് ആ ഫ്രെയിമില്‍ പോലും എത്തിയിട്ടുണ്ടായുരുന്നില്ല. ഒരുപക്ഷേ അതുവരെ ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പക്കല്‍ നിന്ന് കണ്ടിട്ട് പോലും ഉണ്ടായിരുന്നില്ല അതുപോലെ ഒരു പ്രകടനം. ഇന്നും അതോര്‍ക്കുമ്പോള്‍ വല്ലാത്ത ഒരാവേശമാണ് മനസ്സില്‍.

നാറ്റ് വെസ്റ്റ് ട്രോഫിയില്‍ തന്നെ നിക് നൈറ്റിനേ ഫൈന്‍ ലെഗ്ഗില്‍ നിന്ന് ഷോര്‍ട്ട് ലെഗ്ഗിലേക്ക് ഓടിയും പറന്നും എടുത്ത ആ ക്യാച്ച്, ഷോര്‍ട്ട് ലെഗ്ഗ് ഫീല്‍ഡില്‍ നിന്ന് ക്യാമറമാന് പോലും പിക് ചെയ്യാന്‍ പറ്റാത്ത വേഗത്തില്‍ സെക്കന്‍ഡുകള്‍ക്കും താഴെ സമയത്തില്‍ പോള്‍ കോളിംഗ് വുഡിനെ എതിരെയുള്ള ആ ക്വിക് റണ്‍ ഔട്ട്, ഹേമന്ത് ബദാനിക്ക് മുകളിലൂടെ പറന്നെടുത്ത പാകിസ്ഥാന് എതിരെയുള്ള അവിശ്വസനീയമായ ആ ക്യാച്ച്..

അങ്ങനെ ഒന്നിന് മുകളില്‍ ഒന്നായി ക്രിക്കറ്റ് മൈതാനത്ത് ആ മനുഷ്യന്‍ നടത്തിയ പകരം വെയ്ക്കാനില്ലാത്ത ഫീല്‍ഡിംഗ് ഓര്‍മ്മകള്‍ മാത്രം മതി അയാളേ ആരാധിക്കാന്‍, ഓര്‍മ്മിക്കാന്‍. പക്ഷേ കൈഫ് ഇന്നും ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കാന്‍ കാരണമായ ഒരു മത്സരമുണ്ട്… അയാള്‍ക്കൊരു മേല്‍വിലാസം നേടിക്കൊടുത്ത മത്സരം..! അതിനെപ്പറ്റി പറയാതെയുള്ള അയാളുടെ കഥ തികച്ചും അപൂര്‍ണമായിരിക്കും…!

ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ നാറ്റ്വെസ്റ്റ് ട്രോഫിയുടെ ഫൈനലാണ്.  ഇന്ത്യന്‍ ബോളിംഗ് നിരയുടെ ബലഹീനതകള്‍ മുതലെടുത്തു കൊണ്ട് ഓപ്പണര്‍ ട്രേസ്‌കോത്തിക്കിന്റെയും ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്റെയും സെഞ്ച്വറികളുടെയും പിന്‍ബലത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 325 എന്ന അക്കാലത്തെ ഏറ്റവും വലുതും അസാദ്ധ്യം ആയതുമായ ഒരു ടോട്ടല്‍ പിന്തുടരുകയാണ് ഇന്ത്യന്‍ ടീം.

ഗാംഗുലിയുടേയും സെവാഗിന്റെയും വെടിക്കെട്ട് ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ പിന്‍ബലത്തില്‍ 14 ഓവറില്‍ വിക്കറ്റ് പോകാതെ 106 എന്ന മികച്ച നിലയില്‍ നിന്ന് 5 വിക്കറ്റിന് 146 എന്ന നിലയിലേക്ക് ഇന്ത്യന്‍ ബാറ്റിംഗ് കൂപ്പ് കുത്തുന്നു. അവസാന പ്രതീക്ഷയായ സച്ചിന്റെ വിക്കറ്റ് കൂടി വീണു കഴിഞ്ഞിരിക്കുന്നു, ആറാമനായി #കൈഫ് ലോര്‍ഡ്‌സിന്റെ ആ ചരിത്ര മത്സരത്തിലേക്ക് പാഡപ്പ് ചെയ്തു കടന്നു വരുന്നു. അപ്പോഴേക്കും ഒരുവിധം ഇന്ത്യന്‍ ആരാധകരും തങ്ങളുടെ ഇരിപ്പിടങ്ങളില്‍ നിന്നെഴുന്നേറ്റ് സ്റ്റേഡിയം വിട്ടു കഴിഞ്ഞിരുന്നു..

ലോര്‍ഡ്‌സില്‍ നിന്ന് നാലായിരം കിലോമീറ്ററുകള്‍ക്ക് അപ്പുറം അലഹബാദില്‍ കൈഫിന്റെ പിതാവ് മുഹമ്മദ് തരീക്കും കുടുംബവും പോലും ടീവി ഓഫ് ചെയ്തു അടുത്തുള്ള തിയേറ്ററില്‍ ഷാരൂഖ് ഖാന്റെ ദേവദാസ് എന്ന ചിത്രം കാണാനായി ഇറങ്ങി. തന്റെ മകന്റെ കഴിവില്‍ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല , പക്ഷേ പഴയ രഞ്ജി ട്രോഫി പ്ലേയര്‍ കൂടിയായ ആ മനുഷ്യന് ആഗ്രഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു ആ വിജയലക്ഷ്യം… സാഹചര്യങ്ങള്‍ ഒന്നും തന്നെ അനുകൂലമല്ല എന്ന് ആ ഇരുപത്തിരണ്ട് വയസുകാരന് ഉറപ്പുണ്ടായിരുന്നു… പക്ഷേ തനിക്ക് ചെയ്യാനും ഇവിടെ കുറച്ചു അധികം ബാക്കി ഉണ്ട് എന്ന് അയാളുടെ മുഖഭാവത്തില്‍ നിന്ന് വ്യക്തമായിരുന്നു. യുവരാജിനൊപ്പം അപ്രാപ്യം എന്ന് തോന്നിയിരുന്ന ആ ടോട്ടല്‍ മറികടക്കാന്‍ തുടങ്ങിയ സമയത്ത് മാത്രം ഒരു പക്ഷെ ഒരല്പം എങ്കിലും ഭയം അയാളെ ഭരിച്ചിരിക്കണം.
പക്ഷേ വിക്കറ്റുകള്‍ ഇടയിലൂടെ ഉള്ള ഓട്ടത്തിലൂടെയും കൃത്യമായ ഇടവേളകളില്‍ വന്നു കൊണ്ടിരുന്ന ബൗണ്ടറികളിലൂടെയും ഭയം എന്ന വികാരം അതിന്റെ എല്ലാ വൈകാരിക വിക്ഷോഭങ്ങളോടും കൂടി ഇംഗ്ലണ്ടിന്റെ ഓരോ കളിക്കാരന്റെയും മുഖത്തേക്ക് പരകായപ്രവേശം നടത്തിയിരുന്നു..

U19 ടീമില്‍ ഇരുവരും ഒന്നിച്ചു കളിച്ച അനുഭവസമ്പത്ത് ആ ഇന്നിംഗ്സില്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല, ചെയ്‌സില്‍ ഒരിടത്തും റണ്‍ റേറ്റ് 8 ല്‍ താഴാതിരിക്കാന്‍ അവര്‍ ശ്രമിച്ചു. അപ്രതീക്ഷിതമായി 41-ാം ഓവറില്‍ സ്‌കോര്‍ 267 എല്‍ നില്‍ക്കെ 69 റണ്‍സ് എടുത്ത യുവരാജ് പുറത്താകുന്നു. ഇനിയങ്ങോട്ട് അംഗീകൃത ബാറ്റ്‌സ്മാന്‍മാര്‍ ഒന്നും തന്നെ തനിക്കൊപ്പം ഇല്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് തന്നെയാണ് കൈഫ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടു പോയത്.
പിന്നീട് വന്ന ഹര്‍ഭജനെ കൂട്ട് പിടിച്ചു റണ്‍ റേറ്റ് നിലനിര്‍ത്തിക്കൊണ്ട് തന്നെ കൈഫ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു.

പക്ഷേ ഫ്‌ളിന്റോഫ് വീണ്ടും വില്ലനായി എത്തി, തൊട്ടടുത്ത പന്തുകളില്‍ ഹര്‍ഭജനെയും കുംബ്ലയെയും പുറത്താക്കി ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വരാന്‍ ഫ്‌ളിന്റോഫിന്റെ 47 ഓവര്‍ കാരണമായി. പക്ഷേ അപ്പോഴും ഒരറ്റത്ത് കൈഫ് യാതൊരു കുലുക്കവും ഇല്ലാതെ തന്നെ ഉണ്ടായിരുന്നു. പത്താമന്‍ ആയി എത്തിയ സഹീറിനേ ഒപ്പം കൂട്ടി അവസാന 11 റണ്‍സിലേക്ക് എത്തുക എന്നത് ഒരു ചെറിയ ടാസ്‌ക് ആയിരുന്നില്ല. അതുകൊണ്ട് തന്നെ സഹീറിന് സ്‌ട്രൈക്ക് കഴിയുന്നതും കൊടുക്കാതെ 48-ാം ഓവറില്‍ 9 റണ്‍സ് നേടി കൈഫ് ഒന്നുകൂടി മത്സരം ഇന്ത്യക്ക് അനുകൂലമാക്കി.

ഒടുവില്‍ അവസാന ഓവര്‍ എറിയാന്‍ വന്ന ഫ്‌ളിന്റോഫിനെ കവര്‍ പോയിന്റിലേക്ക് ഒരു സിംഗിളിന് തട്ടി ഇട്ട് സഹീര്‍ സാഹസികമായി ഒരു റണ്‍സിന് ഓടുന്നു. ഫീല്‍ഡറുടെ ത്രോ മിസ്സ് ചെയ്തതിലൂടെ അടുത്ത റണ്‍സിന് വേണ്ടി കൈഫ് വീണ്ടും ഓടി ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കി. അതേസമയം ലോര്‍ഡ്‌സില്‍ മട്ടുപ്പാവില്‍ ഇന്ത്യയുടെ രാജകുമാരന്‍ തന്റെ തൊണ്ണൂറ്റി ഒന്‍പതാം നമ്പര്‍ ജേഴ്‌സി അപാരമായ ഒരു ആവേശത്തോടെ ഊരി വീശുകയാണ്…??
അതൊരു കാവ്യനീതിയായിരുന്നു. ഒരു വര്‍ഷം മുന്നേ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മെക്കയായ വാങ്കഡേ സ്റ്റേഡിയത്തില്‍ വന്ന് ഫൈനല്‍ ഓവര്‍ എറിഞ്ഞു കളി ജയിപ്പിച്ചു ജേഴ്‌സി ഊരി ആവേശം കാണിച്ച അതേ ഫ്‌ളിന്റോഫിനെ , അയാളുടെ നാട്ടില്‍ , അയാളുടെ ഓവറില്‍ , അതേ പോലെ ഒരു മൈതാനത്ത് , അതേ പോലെ ഒരു ഫൈനലില്‍ അതിലും മികച്ച ഒരു വിജയം നേടി ഫ്‌ളിന്റോഫ് അന്ന് നടത്തിയ ആഹ്ളാദ പ്രകടനത്തിന് അതേ നാണയത്തില്‍ മറുപടി കൊടുത്ത കാലം കാത്തു വച്ച കാവ്യനീതി..

അതിനു കാരണമായത് മുഹമ്മദ് കൈഫ് എന്ന 22 വയസുകാരന്റെ നിശ്ചയദാര്‍ഢ്യവും . പ്രതിസന്ധികളില്‍ നിന്നാണ് യഥാര്‍ത്ഥ നായകന്മാര്‍ ഉണ്ടാവുന്നത് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു കൊണ്ട് കൈഫ് അന്നവിടെ തീര്‍ത്തത് ഒരു ഐതിഹാസികമായ ഇന്നിംഗ്‌സ് ആയിരുന്നു.

കൈഫ് ഇന്ത്യന്‍ ടീമില്‍ എത്തിയ കാലഘട്ടത്തിലേക്ക് നോക്കുകയാണ് എങ്കില്‍ സച്ചിന്‍ , ഗാംഗുലി, ദ്രാവിഡ്, വി വി എസ് , സെവാഗ്, തുടങ്ങിയ അതികായന്മാര്‍ , അതിലുപരിയായി അയാളുടെ അതേ പ്രായത്തില്‍ ബാറ്റിംഗ്, ഫീല്‍ഡിംഗ്, ബോളിംഗ് എന്നീ സമസ്ത മേഖലകളിലും തന്റേതായ കഴിവ് തെളിയിച്ച യുവരാജ്. ഇത്രയും പേര്‍ക്കിടയില്‍ തന്റേതായ ഒരു സ്ഥാനം നിലനിര്‍ത്തി പോരുക എന്നത് കൈഫിനെ സംബന്ധിച്ച് ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു.

ഇതിനിടയില്‍ ടീമിലെ തന്റെ റോളിനെ കുറിച്ചുള്ള കൈഫിന്റെ സംശയങ്ങള്‍ ഗാംഗുലി എന്നെ ദീര്‍ഘ വീക്ഷണമുള്ള ക്യാപ്റ്റന് കൃത്യമായി നിര്‍വചിച്ച് കൊടുക്കാന്‍ കഴിഞ്ഞു എന്നതും ശ്രദ്ധേയമായിരുന്നു. ‘ നോക്ക് കൈഫ്, ഇത്രയും ആഴമേറിയ ഒരു ഒരു ബാറ്റിംഗ് നിര ആയതു കൊണ്ട് തന്നെ നിന്റെ ബാറ്റിംഗ് കഴിവുകള്‍ പരീക്ഷിക്കപ്പെടുന്നത് ഒരു പക്ഷെ അപൂര്‍വ്വമായിരിക്കും, അവിടെ നീ ബോള്‍ to ബോള്‍ റണ്‍സ് നേടാന്‍ ശ്രമിക്കുക, നീ മുപ്പതു ബോളില്‍ മുപ്പതു റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കുക, ഫീല്‍ഡില്‍ നീ ഒരു ഇരുപതു റണ്‍സ് സേവ് ചെയ്യുക, അപ്പോള്‍ തന്നെ നീ ടീമിന് വേണ്ടി അന്‍പത് റണ്‍സ് സംഭാവന ചെയ്തു കഴിഞ്ഞു ..’ തന്റെ ടീമിലെ ഓരോ താരത്തേയും മാച്ച് വിന്നര്‍മാര്‍ ആക്കുന്നതില്‍ ഗാംഗുലി വഹിച്ച പങ്ക് ചെറുതല്ല, ഈയൊരു ആവേശപൂര്‍വ്വമായ പിന്തുണ കൈഫിനെ അയാളുടെ ശരിക്കുള്ള പൊട്ടന്‍ഷ്യലിലേക്ക് എത്തിക്കുവാന്‍ സഹായകമായി, അതിനു തെളിവായിരുന്നു നാറ്റ് വെസ്റ്റ് ട്രോഫിയില്‍ കൈഫിന്റെ പ്രകടനം.

തുടര്‍ന്നും കൈഫിന്റെ സേവനം ടീമില്‍ ആവശ്യം ഉള്ളത് കൊണ്ട് തന്നെ , അയാള്‍ക്ക് വേണ്ടി അവസാന പതിനൊന്നില്‍ ഒരു സ്ലോട്ട് കണ്ടെത്താന്‍ ദ്രാവിഡിന് വിക്കറ്റ് കീപ്പര്‍ സ്ഥാനം കൂടി ഏറ്റെടുക്കേണ്ടി വന്നു, ആ തീരുമാനത്തെ 2003 വേള്‍ഡ് കപ്പിലെ പ്രകടനം കൊണ്ട് കൈഫ് സാധൂകരിക്കുകയും ചെയ്തു.

ഫീല്‍ഡിംഗ് മികവുകള്‍ കൊണ്ട് ഒരു പരിധിവരെ അയാള്‍ ബാറ്റിംഗ് ബാക്ക് ഡ്രോപ്പുകള്‍ മറച്ചു പിടിച്ചിരുന്നു. പക്ഷേ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് ടീം വിധേയമായപ്പോള്‍ , തന്നേക്കാള്‍ പ്രകടന മികവുള്ള യുവാക്കള്‍ക്ക് വേണ്ടി കൈഫിന് വഴി മാറേണ്ടി വന്നു മാറി വരുന്ന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തന്റെ സ്‌കില്ലുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് കഴിയാതെ വന്നത് തന്നെയായിരുന്നു അതിനും കാരണം, റെയ്‌നയെ പോലെ കൈഫിന്റെ റോള്‍ കുറച്ചു കൂടി മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന യുവതാരങ്ങളുടെ കടന്നുവരവും അയാളുടെ തിരിച്ചുവരവ് ദുഷ്‌കരമാക്കി..

ഫീല്‍ഡര്‍/ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ നിന്ന് ഒരു വിക്കറ്റ് കീപ്പര്‍/ബാറ്റ്‌സ്മാന്‍ റോളിലേക്ക് കൈഫ് മാറിയിരുന്നു എങ്കില്‍ കുറച്ചു കാലം കൂടി ഒരു പക്ഷെ ടീമിന്റെ ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞേനെ എന്ന് ക്രിക്കറ്റ് വിദഗ്ധര്‍ പോലും പറഞ്ഞിരുന്നു, പക്ഷേ അപ്പോഴേക്കും ആരോടും ഒരു പാരാതിയോ പരിഭവമോ ഇല്ലാതെ നിശ്ശബ്ദമായി അയാള്‍ പടിയിറങ്ങിയിരുന്നു.

മനോഹരമായ ഒരു ഗാനം പാതിവഴിയില്‍ നിന്ന് പോകും പോലെയായിരുന്നു മുഹമ്മദ് കൈഫ് എന്ന ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ കൈഫിന്റെ കരിയറിന്റെ താളം നേര്‍ത്തു വന്നത്. യുവരാജിനെയോ സേവാഗിനെയോ പോലെ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും ഗ്രൗണ്ടില്‍ വിസ്മയങ്ങള്‍ തീര്‍ക്കാം എന്നൊരു അതിമോഹം ഒന്നും അയാളില്‍ ഉണ്ടായിരുന്നിരിക്കില്ല. തന്റെ പരിമിതമായ റിസോഴ്‌സുകള്‍ വെച്ച് ടീമിന് വേണ്ടി കോണ്ട്രിബ്യൂട്ട് ചെയ്യാന്‍ അയാളും ആഗ്രഹിച്ചിരിക്കണം..

നെഞ്ചുരഞ്ഞായലും കൈകാല്‍ മുട്ടിലേ ചോര ചീന്തിയായാലും ഒരു റണ്‍സ് എങ്കിലും തന്റെ ടീമിന് വേണ്ടി സേവ് ചെയ്യണം എന്ന്, തടയാന്‍ ഒരു ശതമാനം പോലും സാദ്ധ്യതയില്ലാത്ത ഒരു ഷോട്ടിന് പിന്നാലെ പായുമ്പോഴും അയാള്‍ ഉരുവിട്ടു കൊണ്ടേയിരുന്നിരിക്കണം. എഡ്ജ് ചെയ്തു ഉയര്‍ന്നു പൊങ്ങുന്ന ഏതൊരു പന്തും നിലം തൊടുന്നതിന് മുന്നേ കൈപ്പിടിയില്‍ ഒതുക്കി ഒരാളുടെയെങ്കിലും വിക്കറ്റിന് താന്‍ കാരണമാകണം എന്ന് അയാള്‍ ആഗ്രഹിച്ചിരുന്നിരിക്കണം.

കൈയ്ക്കുഴയില്‍ മാന്ത്രികതയും പാദചലനങ്ങളിലെ സാങ്കേതികത്തികവോ ഇല്ലെങ്കിലും തന്റെ പരിമിതമായ കഴിവുകള്‍ കൊണ്ട് ക്രീസില്‍ നില്‍ക്കുന്ന ഓരോ ബോളിലും ടീമിന് തന്നാലവും വേണ്ടി റണ്‍സ് കൂട്ടി ചേര്‍ക്കാന്‍ അയാള്‍ അങ്ങേയറ്റം ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നിരിക്കണം.. ഗൗരവ് കപൂറുമായി ഒരു ഇന്റര്‍വ്യൂവില്‍ ചെറുപ്പത്തില്‍ അച്ഛന്‍ തന്ന ഉപദേശങ്ങളേ പറ്റി വാചാലനാവുകയാണ് കൈഫ്. അത് തുടങ്ങുന്നത് ഇങ്ങനെയായിരുന്നു.. ‘ബേട്ടാ.. നോട്ടൗട്ട് രെഹനാ ലൈഫ് മേ…’ മോനെ, നീ നോട്ടൗട്ട് ആയിരിക്കണം ജീവിതത്തില്‍ എപ്പോഴും.. അതിനി 30 ഓവര്‍ ആയാലും 50 ഓവര്‍ ആയാലും ഇനിയിപ്പോള്‍ റണ്‍സ് കുറച്ചു മാത്രമേ അടിച്ചുള്ളൂ എങ്കില്‍ പോലും നോട്ടൗട്ട് ആയിരിക്കണം..’ അതായിരുന്നു ആ മനുഷ്യന്റെ ആഗ്രഹം.

‘പ്രിയപ്പെട്ട താരീക്ക് താങ്കളുടെ ആഗ്രഹം അതുപോലെ തന്നെ നടന്നു. നിങ്ങളുടെ മകന്‍ മുഹമ്മദ് കൈഫ് , ഇന്നും ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ നോട്ടൗട്ട് ആണ്. ഇംഗ്ലണ്ടിനെതിരെ , അവരുടെ മണ്ണില്‍ പോയി ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ സ്വപ്നതുല്യമായ പ്രകടനത്തിലൂടെ , ഐതിഹാസികമായ ആ ഇന്നിംഗ്സിലൂടെ …
87* നോട്ടൗട്ട്..’
Muhammad Kaif , still 87* Not out

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍