ഹൃദയം കൊണ്ട് പന്തെറിഞ്ഞ മൈസൂര്‍ എക്‌സ്പ്രസ്സ്, ജവഗൽ ശ്രീനാഥ് എന്ന ഏകനായ പടയാളി

ഒന്നു തുമ്മിയാലും ചുമച്ചാലും പോലും റെക്കോഡ് പുസ്തകങ്ങളിൽ കണക്കു വരുന്ന ക്രിക്കറ്റിൽ എഴുതപ്പെടാത്ത ചില കണക്കുകളുണ്ട് . കൈ വിട്ട ക്യാച്ചുകളുടേയും അവസരങ്ങളുടേയും മിസ് ഫീൽഡിംഗുകളുടേയും കണക്കുകൾ .ആ കണക്കുകൾ എവിടെയെങ്കിലും എഴുതപ്പെട്ടിരുന്നെങ്കിൽ ലോക ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ടാകുക ജവഗൽ ശ്രീനാഥ് എന്ന ഏകനായ പടയാളിയുടേതായിരിക്കും.
പലപ്പോഴും ബാറ്റ്സ്മാൻ്റെ ബാറ്റിൽ നിന്നും എഡ്ജ് ചെയ്ത് പോകുന്ന പന്ത് ഫീൽഡർമാർ വിട്ടു കളയുമ്പോൾ , ആരേയും കുറ്റം പറയാതെ , നിസ്സഹായനായി കൈ മലർത്തി ബോളിംഗ് എൻഡിലേക്ക് തിരിച്ചു നടക്കുന്ന ശ്രീനാഥ് എന്ന പാടിപ്പുകഴ്ത്തപ്പെടാത്ത പ്രതിഭയുടെ മുഖം ഇന്ത്യയുടെ അക്കാലത്തെ നിലവാരമില്ലാത്ത ഫീൽഡിംഗിൻ്റെ അവസ്ഥ കുടിയായിരുന്നു വരച്ചു കാണിച്ചിരുന്നത്.
Javagal-Srinath - SwagCricket
67 ടെസ്റ്റുകളിൽ 236 വിക്കറ്റുകൾ,229 ഏകദിനങ്ങളിൽ 315 വിക്കറ്റുകൾ .കണക്കുകൾ മാത്രം നോക്കി മാത്രം വിലയിരുത്തുന്നവർക്ക് ഇതൊന്നും അത്ര വലിയ നേട്ടമായി തോന്നില്ല .എന്നാൽ പലപ്പോഴും കണക്കുകൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാറില്ല .കരിയറിൻ്റെ ഭൂരിഭാഗവും ഇന്ത്യയിലെ ഫ്ലാറ്റ് പിച്ചുകളിൽ പിച്ചിൻ്റെയോ മറ്റൊരു ബോളറുടേതോ ഒരു പിന്തുണയുമില്ലാതെ പന്തെറിഞ്ഞ് വലഞ്ഞ അയാൾ ചത്ത പിച്ചുകളിൽ ഹൃദയം കൊണ്ടാണ് പന്തെറിഞ്ഞത്.
ദ്രാവിഡിനെയും ലക്ഷ്മണിനെയും പോലുള്ള മികച്ച ക്ലോസ് ഇൻ ഫീൽഡർമാർ വരുമ്പോഴേക്കും അയാൾക്ക് സ്വന്തം പേരിൽ കുറിക്കേണ്ടിയിരുന്ന കുറെ വിക്കറ്റുകൾ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു . മാത്രമല്ല മോശം ഔട്ട് ഫീൽഡിംഗുകൾ കഷ്ടപ്പെട്ട് പന്തെറിഞ്ഞ അയാളുടെ ബോളിംഗ് അനാലിസിസുകളിൽ വെള്ളം ചേർക്കുകയും ചെയ്തിരുന്നു .ദക്ഷിണാഫ്രിക്ക പോലൊരു ടീമിൽ പോയിൻ്റിൽ ജോണ്ടി റോഡ്സ് അടക്കമുള്ള ഫീൽഡർമാർ നിരന്ന് നിൽക്കെ പന്തെറിയാൻ അവസരം ലഭിച്ചിരുന്നെങ്കിൽ ശ്രീനാഥ് എന്ന ബോളർക്ക് ഇന്ന് ലോക ക്രിക്കറ്റിലെ സ്ഥാനം ഏറ്റവും മികച്ചവർ ഉൾപ്പെടുന്ന ഒന്നാം നിരയിലായിരിക്കും .
ആ കാലഘട്ടത്തിൽ ഇൻ്റർനാഷണൽ ക്രിക്കറ്റിൽ സജീവമായ അലിസ്റ്റർ കാംപ് ബെല്ലും ഗ്രാൻ്റ് ഫ്ളവറും ഏകാഭിപ്രായത്തിൽ പറഞ്ഞത് , ലോക ക്രിക്കറ്റിൽ ഡൊണാൾഡ് ,ക്ളൂസ്നർ , വഖാർ , അക്രം എന്നിവരെക്കാൾ വേഗത്തിൽ പന്തെറിയാൻ ശ്രീനാഥിന് പറ്റിയിരുന്നു എന്നാണ് .1996/97 ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ അലൻ ഡൊണാൾഡിനേക്കാൾ വേഗത്തില്‍ 157km/hrപന്തെറിഞ് ശ്രീനാഥ് അത് തെളിയിക്കുകയും ചെയ്തു .
ഇന്ത്യൻ ക്രിക്കറ്റിൽ ശ്രീനാഥ് എന്ന ഇൻസ്ട്രുമെൻ്റേഷൻ എന്‍ജുനീയറിംഗ് ബിരുദധാരിക്കുള്ള സ്ഥാനമെന്താണ് ?
1983 ലോക കപ്പ് ജയിച്ച ശേഷം ലോക ക്രിക്കറ്റിൽ ഒരു വൻശക്തി ആയി 90 കളിലേക്ക് കാലെടുത്തു വെയ്ക്കുമ്പോഴും എതിരാളികൾ ഇന്ത്യയെ ഒരു കാര്യത്തിൽ പരിഹസിച്ചിരുന്നു. ഒരു ഫാസ്റ്റ് ബോളർ പോലും ഇല്ലാത്ത ലോകോത്തര ടീം എന്നത് ഒരു നാണക്കേടും കൊണ്ടു നടന്ന ടീമിന് അപ്പോഴും ചെറിയ ആശ്വാസം നൽകിയിരുന്നത് ഒരറ്റത്ത് ഏകനായി തൻ്റെ മീഡിയം പേസ് ബോളിംഗിലൂടെ കപിൽദേവ് വാരിക്കുട്ടിയ വിക്കറ്റുകളിലൂടെ ആയിരുന്നു .
ഇന്ന് ഇന്ത്യൻ ടീമിൽ ഫാസ്റ്റ് ബോളർമാരുടെ ഒരു പട തന്നെ കാണാം . എല്ലാത്തിനും തുടക്കം കപിലിൻ്റെ അസ്തമയ കാലത്ത് ടീമിൽ വന്ന് , കപിൽ കാരണം ആദ്യകാലത്ത് ടീമിൽ സ്ഥിര സാന്നിദ്ധ്യമാകാൻ വൈകിയ മെലിഞ്ഞ ഉയരക്കാരനായ ജവഗൽ ശ്രീനാഥ് ആയിരുന്നു . 1995-96 ആയപ്പോഴേക്കും ഒരു ഇന്ത്യക്കാരന് തീ പാറുന്ന വേഗത്തിൽ പന്തെറിയാൻ പറ്റും എന്ന് ഇന്ത്യയുടെ ഒരു തലമുറയെ വിശ്വസിപ്പിക്കാൻ പറ്റി ,അല്ലെങ്കിൽ യുവാക്കളെ പ്രചോദിപ്പിക്കാൻ പറ്റി എന്നതു തന്നെയാണ് ബാറ്റ്സ്മാൻമാരെയും ,സ്പിന്നർമാരെയും മാത്രം പൂവിട്ട് പൂജിച്ച ഒരു രാജ്യത്ത് ശ്രീനാഥ് സൃഷ്ടിച്ച നിശ്ശബ്ദ വിപ്ളവം. Dhanam Cric
VVS Laxman names Javagal Srinath as the fast bowler who revolutionized Indian pace bowling
സ്പിന്നർമാർക്ക് വേണ്ടി പന്തിൻ്റെ തിളക്കം കളയാൻ വേണ്ടി ഒരു മീഡിയം പേസറെ മാത്രം ഉൾപ്പെടുത്തി ഗാവസ്കറിനെ പോലും ബോളിംഗ് ഓപ്പൺ ചെയ്യിച്ച ഗതികേടിൽ നിന്നും ഇന്ത്യൻ ടീമിൻ്റെ മാനസിക സഞ്ചാരം 90 കൾ വരെയും ഏതാണ്ട് അതു പോലെ ഒക്കെ തന്നെ ആയിരുന്നു .ശ്രീനാഥിൻ്റെ കാലത്ത് പോലും പേസർമാർക്ക് വേണ്ടി 3 സ്ളിപ്പുകൾ ,ഗള്ളി തുടങ്ങിയ ക്ലോസ് പൊസിഷനുകളിൽ ഫീൽഡർമാരെ നിർത്താൻ വിശ്വാസം കാണിക്കാഞ്ഞ നായകർക്കും സ്പിന്നർമാരെ മാത്രമായിരുന്നു വിശ്വാസം .
പലപ്പോഴും വിക്കറ്റ് കിട്ടണമെങ്കിൽ ആദ്യ സ്പെല്ലിൽ മാത്രമായിരുന്നു അവസരം . നാലാം ഇന്നിംഗ്സിലാണെങ്കിൽ പറയുകയും വേണ്ട .10 ഓവർ പോലും പന്തെറിയാൻ അവസരം കിട്ടാതെ മനീന്ദർ , കുംബ്ലെ , രാജു , ചൗഹാൻ , ഹർഭജൻമാർ സിംഹഭാഗം ഓവറുകളും എറിഞ്ഞു തീർക്കുമ്പോൾ വെയിൽ കൊണ്ട് ഫീൽഡ് ചെയ്യാൻ വിധിക്കപ്പെട്ട ആളായിരുന്നു “Genuine Fast Bowler ” എന്ന് സാക്ഷാൽ ഡെന്നിസ് ലില്ലി പോലും പ്രശംസിച്ച ശ്രീനാഥിൻ്റേത് .
വാൽഷ് -ആംബ്രോസ്, വസിം – വഖാർ ,മഗ്രാത്ത് – ലീ, ഡൊണാൾഡ് പൊള്ളോക്ക് മാർ രണ്ടറ്റത്ത് നിന്നും ഒരു പോലെ മികവ് കാട്ടി ബാറ്റ്സ്മാൻമാരെ സമ്മർദ്ദത്തിലേക്ക് തള്ളി വിടുമ്പോൾ ഇന്ത്യക്കെതിരെ മറ്റു എതിരാളികൾക്ക് ശ്രീനാഥ് എന്ന പടയാളിക്ക് മാത്രമേ ബഹുമാനം നൽകേണ്ടിയിരുന്നുള്ളൂ . ഒരു കൂട്ടാളി ഉണ്ടായിരുന്നെങ്കിൽ ശ്രീനാഥ് എത്ര അപകടകാരിയായിരിക്കും എന്ന് കരിയറിൻ്റെ മദ്ധ്യത്തിൽ തെളിയിക്കപ്പെടുകയും ചെയ്തു .
ശ്രീനാഥ് സൃഷ്ടിച്ച സമ്മർദ്ദത്തിൽ വെങ്കിടേഷ് പ്രസാദ് എന്ന ഒരു സാധാരണ മീഡിയം പേസർ വിക്കറ്റുകളുടെ ചാകര കൊയ്തത് ക്രിക്കറ്റ് പ്രേമികൾ മറന്നു കാണില്ല .കപിൽ ദേവിൻ്റെയോ , സഹീർ ഖാൻ്റെയോ നല്ല കാലത്തായിരുന്നു ശ്രീനാഥ് പന്തെറിഞ്ഞിരുന്നുവെങ്കിൽ അധികം ഭാരം വലിക്കാതെ , കരിയർ നീട്ടാനും ,കുറഞ്ഞത് 200 വിക്കറ്റുകളെങ്കിലും നേടാനും ശ്രീനാഥിന് തീർച്ചയായും പറ്റിയേനെ .എന്നാൽ ശ്രീനാഥിൻ്റെയും ഇന്ത്യയുടേയും നിർഭാഗ്യമെന്നു പറയട്ടെ ,കപിലിൻ്റെ അസ്തമയ കാലത്തും സഹീറിൻ്റെ ഉദയകാലത്തുമായി ശ്രീനാഥിൻ്റെ പ്രതാപകാലം. Dhanam Cric
Happy Birthday, Javagal Srinath – India's First Great “Fast” Bowler
12 വർഷം ഇന്ത്യൻ ബോളിംഗിനെ ചുമലിലേറ്റിയ ശ്രീനാഥിന് കൂടുതലായും ഇന്ത്യയിലെ ചത്ത പിച്ചുകളിൽ എറിഞ്ഞ് വിയർപ്പൊഴുക്കാനായിരുന്നു വിധി .1991 മുതൽ 2000 വരെ ഇന്ത്യ വളരെ കുറച്ചു വിദേശപരമ്പരകളിലായിരുന്നു കളിച്ചത് .പേസ് ബോളിംഗിനെ തുണക്കുന്ന ഓസ്ട്രേലിയ ,ദക്ഷിണാഫ്രിക്ക ,ന്യുസിലണ്ട് ,ഇംഗ്ലണ്ട് പിച്ചുകളിൽ ലോകത്തിലെ ഏറ്റവും മികച്ച പേസർമാർക്ക് തുല്യമായിരുന്നു ശ്രീനാഥിൻ്റെ പ്രകടനവും .എന്നാൽ നാട്ടിൽ എതിരാളികളെ നിഷ്പ്രഭരാക്കുന്ന ഇന്ത്യൻ ബാറ്റ്സ്മാൻമാർ വിദേശത്ത് കളി മറക്കുമ്പോൾ പ്രതിരോധിക്കാനുള്ള സ്കോർ പോലും ടീമിന് ലഭിക്കാത്തപ്പോൾ ഒരറ്റത്ത് ഒറ്റക്ക് പന്തെറിഞ്ഞ ശ്രീനാഥ് നിസ്സഹായനായിരുന്നു . വിദേശ പിച്ചുകളിൽ കൂടുതൽ അവസരം കിട്ടിയിരുന്നെങ്കിൽ ശ്രീനാഥിൻ്റെ കരിയർ സ്റ്റാറ്റിറ്റിക്സിൽ പ്രകടനമായ മാറ്റം കണ്ടേനെ .പലപ്പോഴും സ്വദേശത്തും വിദേശത്തും ശ്രീനാഥിനെ പിന്തുണച്ച ഒരേയൊരു ബോളർ സ്പിന്നറായ അനിൽ കുംബ്ല എന്നത് ലോക ക്രിക്കറ്റിലെ വൈരുദ്ധ്യമായ ഒരു കാര്യവും .എന്നിട്ടും കരിയറിൽ ശ്രീനാഥ് നേടിയ 549 വിക്കറ്റുകൾ പറയാതെ പറയുന്നു ശ്രീനാഥ് എന്ന ഇന്ത്യയുടെ ആദ്യ ഫാസ്റ്റ് ബോളറുടെ മൂല്യം.
ഒരു ഘട്ടത്തിൽ പരിക്കുകൾ അലട്ടിയ ഷോൾഡർ അയാളെ ഡീപ്പിൽ നിന്നും ത്രോ ചെയ്യാൻ പോലും സമ്മതിച്ചില്ലാഞ്ഞിട്ടും ,അയാൾ തൻ്റെ വേഗം കുറക്കാതെ, വിട്ടുവീഴ്ചയില്ലാതെ തന്നെ ഒരു ടീം മാൻ ആയി. 34 ആം വയസിൽ 12 വർഷത്തിലധികം ടീമിൻ്റെ കുന്തമുന ആയി ഒടുവിൽ തിരിച്ചറിങ്ങയിപ്പോഴും ഒരിക്കൽ പോലും എതിരാളികളെ തെറി വിളിക്കുകയോ , അമ്പയറോട് കയർക്കുകയോ , ബഹളം വെയ്ക്കുകയോ, ആക്രോശിക്കുകയോ ചെയ്യാതെ തൻ്റെ സമകാലിക പേസറിൽ നിന്നും വ്യത്യസ്തമായി ഏറ്റവും മാന്യനായി നില കൊണ്ടു .Dhanam Cric
സമ്പൂർണ വെജിറ്റേറിയനായ ശ്രീനാഥ് അതേ വ്യത്യസ്തത പ്രകടനങ്ങളിലും പുലർത്തി .പേസർമാർ തങ്ങളുടെ കരുത്ത് കൂട്ടാൻ ഭക്ഷണരീതി പോലും മാറ്റിയ കാലത്ത് മാറ്റമില്ലാതെ നില കൊണ്ട ശ്രീനാഥ് ഒരു പക്ഷെ ഏറ്റവുമധികം വിക്കറ്റുകളെടുത്ത സസ്യാഹാരി ആയിരിക്കാം . 1989 രഞ്ജി ട്രോഫിയിൽ അരങ്ങേറ്റ മത്സരത്തിൽ ഹൈദരാബാദിനെതിരെ ഹാട്രിക് അടക്കം ഒന്നാമിന്നിങ്സിൽ 5 വിക്കറ്റും മാച്ചിൽ ആകെ 7 വിക്കറ്റുകളുമായി തുടങ്ങി സീസണിൽ 25 വിക്കറ്റുകൾ നേടിയതോടെയാണ് ശ്രദ്ധേയനായത് .ആസ്ത്രേലിയൻ പര്യടനത്തിൽ ബ്രിസ്ബേനിൽ മൂന്നാം പേസറായി അരങ്ങേറി 59 റൺസിന് 3 വിക്കറ്റ് നേടി നല്ല അരങ്ങേറ്റം കുറിച്ച് ദക്ഷിണാഫ്രിക്കയിലെത്തി 33 റൺസിന് 4 വിക്കറ്റുകൾ വീഴ്ത്തി കരിയറിന് നല്ല തുടക്കം കുറിച്ചെങ്കിലും ഇന്ത്യൻ മണ്ണിൽ സ്പിന്നർമാരെ ആശ്രയിച്ച ടീം 2 പേസർമാരെ മാത്രം ഉൾപ്പെടുത്തിയപ്പോൾ ശ്രീനാഥിൻ്റെ സ്ഥാനം സൈഡ് ബെഞ്ചിലായി .
Sourav Ganguly wanted me for the 2002 England tour but I said no,' Javagal Srinath recalls being upset with selectors | Cricket - Hindustan Times
1994 ൽ കപിൽ വിരമിച്ച തൊട്ടടുത്ത മാച്ചിൽ വെസ്റ്റ് ഇൻഡീസിനെതിരെ 5 വിക്കറ്റും അർദ്ധ സെഞ്ചുറിയും കുറിച്ച് മാൻ ഓഫ് ദ മാച്ച് ആയതോടെ ശ്രീനാഥ് യുഗത്തിന് തുടക്കമായി . Dhanam Cric
മുൻനിരക്കാരെ വേഗത്തിൽ വീഴ്ത്താനുള്ള അപാര കഴിവ് ശ്രീനാഥിനുണ്ടായിരുന്നു .1996 ലോകകപ്പ് സെമിയിൽ വെടിക്കെട്ടുകാരായ ജയസൂര്യയെയും കലു വിതരണയെയും നിശ്ശബ്ദമാക്കിയ മത്സരത്തിൽ ഇന്ത്യ ജയിച്ചിരുന്നെങ്കിൽ ശ്രീനാഥിൻ്റെ പ്രകടനം വാഴ്ത്തപ്പെടുമായിരുന്നു .
1996 ൽ ,മൊട്ടേരസ്റ്റേഡിയത്തിലെ അഹമ്മദാബാദ് ടെസ്റ്റിൽ കരുത്തരായ ദക്ഷിണാഫ്രിക്ക 170 റൺസ് ചേസ് ചെയ്ത് 105 റൺസിന് പുറത്തായപ്പോൾ ശ്രീനാഥിൻ്റെ പ്രകടനം 11.5 – 4-21 – 6 ഒരു ഇന്ത്യൻ പേസറുടെ ഏറ്റവും മികച്ച പ്രകടനമാണ് .അത് ഇന്ത്യൻ പിച്ചിലാണെന്നത് അതിൻ്റെ പ്രസക്തി കൂട്ടുന്നു .Dhanam Cric
ആദ്യ ഏഷ്യൻ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാനെതിരെ ആദ്യം ഇന്നിങ്സിൽ 86 റൺസിന് 8 വിക്കറ്റും ,രണ്ടാമിനിങ്ങ്സിൽ 46 റൺസിന് 5 വിക്കറ്റും അടക്കം ആകെ 132 റൺസിന് 13 വിക്കറ്റെടുത്ത പ്രകടനം ,ഇന്ന് ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർക്ക് സ്വപ്നം പോലും കാണാൻ പറ്റില്ല എന്നതാണ് സത്യം .അതിനേക്കാൾ യാഥാർത്ഥ്യം ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാർക്ക് പോലും ഇന്ത്യയിൽ അത്തരം ഒരു പ്രകടനം ഓർക്കാൻ പോലും ബുദ്ധിമുട്ടായിരിക്കും എന്നതാണ് .
Technology Helped Tendulkar Extend His Career: Javagal Srinath
സ്വപ്ന തുല്യമായ ആ പ്രകടനം കാഴ്ച വെച്ചിട്ടും ആ മത്സരത്തിൽ പരാജിതൻ്റെ മുഖമണിയേണ്ടി വന്ന് പരാജയപ്പെട്ട ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനം എന്ന ദു:ഖകരമായ ലോക റെക്കോർഡും ശ്രീനാഥിൻ്റെ പേരിലായി .ഈ പ്രകടനങ്ങളൊക്കൊ ഉണ്ടായിട്ടും ശ്രീനാഥ് എന്ന ബൗളർക്ക് അർഹിച്ച അംഗീകാരം ഇന്ത്യൻ ആരാധകർ നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ് .
ടെസ്റ്റിൽ കപിലിന് പിറകിൽ 200 വിക്കറ്റുകൾ നേടിയ ആദ്യ ഇന്ത്യൻ പേസറായ ശ്രീനാഥ് കുംബ്ലെ കഴിഞ്ഞാൽ ഏറ്റുമധികം വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ഏകദിന ബാളർ കൂടിയാണ്. ഏകദിനത്തിൽ ഹർഭജനൊപ്പം 3 അഞ്ച് വിക്കറ്റ് നേട്ടം പങ്കിടുന്ന ശ്രീനാഥ് ആശ്രയിക്കാവുന്ന ബാറ്റ്സ്മാൻ കൂടി ആയിരുന്നു .ഏകദിന ക്രിക്കറ്റിൽ 12 തവണ മുൻ നിരയിൽ ഇറങ്ങിയ ശ്രീനാഥ് ദക്ഷിണാഫ്രിക്കക്കെതിരായ ഒരു മാച്ചിൽ 3 മനായി പിഞ്ച് ഹിറ്റർ റോളിൽ അർധ സെഞ്ചുറിയും നേടിയിരുന്നു.
അവസാന നാലിൽ ഇറങ്ങി 17 സിക്സറുകൾ നേടിയ ശ്രീനാഥിൻ്റെ ബാറ്റിങ്ങ് സംഭാവനകൾ പല ഘട്ടങ്ങളിലും ടീമിന് മുതൽ കൂട്ടായിട്ടുണ്ട് .ആസ്ട്രേലിയക്കെതിരെ ടൈറ്റൻ കപ്പിൽ 9 ആം വിക്കറ്റിൽ അപരാജിതമായി 52 റൺസ് കൂട്ടിച്ചേർത്ത് അനിൽ കുംബ്ളെക്കൊപ്പം ചിന്നസ്വാമി യിൽ സ്വന്തം കാണികൾക്കു മുൻപിൽ തോറ്റ കളി ജയിപ്പിച്ച മത്സരം ഓരോ ഇന്ത്യൻ ക്രിക്കറ്റ് പ്രേമിയുടെയും മനസിൽ എന്നും തങ്ങി നിൽക്കുന്ന മത്സരങ്ങളിലൊന്നാണ് .ടെസ്റ്റിൽ 4 അർധ സെഞ്ചുറികൾ കുറിച്ച ശ്രീനാഥിൻ്റെ ഉയർന്ന സ്‌കോർ 76 ആണ് .Dhanam Cric
കൗണ്ടി ക്രിക്കറ്റിൽ 3 ടീമുകൾക്ക് വേണ്ടി കളിച്ച ശ്രീനാഥ് ഒരിന്നിങ്സിൽ 79 റൺസിന് 9 വിക്കറ്റ് വീഴ്ത്തിയതടക്കം ഒരു സിസണിൽ 87 വിക്കറ്റുകൾ നേടി വിദേശ പിച്ചിൽ തിളങ്ങാനുള്ള വൈഭവം തെളിയിച്ചിരുന്നു .പരിക്കുകൾ വില്ലനായി 2002 ൽ വിരമിക്കൽ തീരുമാനമെടുത്ത ശ്രീനാഥിനെ തിരിച്ചു വിളിച്ച ഗാംഗുലിയുടെ തീരുമാനം 2003 ലോകകപ്പിലെ ഇന്ത്യൻ പടയോട്ടത്തിൽ നിർണായകമായി. ലോകകപ്പിന് മുമ്പ് നടന്ന ന്യൂസിലണ്ട് പര്യടനത്തിൽ 18 വിക്കറ്റുകൾ നേടി റെക്കോർഡിട്ട ശ്രീനാഥിന് പക്ഷെ 2003 ലോകകപ്പ് ഫൈനൽ ഏറ്റവുമധികം നിരാശ സമ്മാനിച്ചു .കരിയറിൻ്റെ നല്ല ഘട്ടത്തിൽ ഗാംഗുലിയെ പോലൊരു നായകൻ ഉണ്ടായിരുന്നെങ്കിൽ ശ്രീനാഥ് എന്ന ബൗളറെ കുറെക്കൂടി ഉപയോഗപ്പെടുത്തിയേനെ എന്ന് നിസ്സംശയം പറയാം .Dhanam Cric
കരിയറിൽ എല്ലാ തരത്തിലും മാന്യത കാത്തു സൂക്ഷിച്ച ശ്രീനാഥ് തൻ്റെ സഹകളിക്കാരുടെ നേട്ടത്തിൽ കാണിച്ച ആത്മാർത്ഥതക്കൊരുദാഹരണമായിരുന്നു കുംബ്ലെയുടെ 10 വിക്കറ്റ് പ്രകടനം കണ്ട മത്സരം .കുംബ്ളെ 9 വിക്കറ്റെടുത്ത സമയത്ത് ഇന്ത്യ മുഴുവൻ ആ 10 വിക്കറ്റ് നേട്ടം കൊതിച്ച നിമിഷത്തിൽ 59 ആം ഓവർ എറിഞ്ഞ ശ്രീനാഥ് എറിഞ്ഞത് ഓഫ് സ്റ്റംപിന് വെളിയിൽ വൈഡ് ആയി 6 പന്തുകൾ .തൊട്ടടുത്ത ഓവറിൽ കുംബ്ലെ ലക്ഷ്യം കൈ വരിച്ചപ്പോൾ ഏറ്റവും കടപ്പെട്ടത് തൻ്റെ ആത്മാർത്ഥ സുഹൃത്തായ ജവഗലിനോട് തന്നെയാണ്.
Javagal Srinath among the best pacers in my era but didn't get the credit he
90 കളിലെ ക്രിക്കറ്റ് പ്രേമികൾ ശ്രീനാഥിനെ നെഞ്ചോട് ചേർത്തു നിർത്തുന്നു .അതിന് കാരണങ്ങൾ പലതുമാണ് .ഒരു വിൻഡീസ് ബൗളറുടെ ഏറ്റവും മികച്ച പ്രകടനം തൻ്റെ പ്രതാപകാലത്ത് വേഗപ്പിച്ചിൽ മൈക്കൽ ഹോൾഡിങ് നേടിയ 149 റൺസിന് 14 വിക്കറ്റുകൾ ആണ് .എന്നാൽ ശ്രീനാഥ് വരണ്ട ഇന്ത്യൻ പിച്ചിൽ കരുത്തരായ ബാറ്റിങ് നിരക്കെതിരെ വീഴ്ത്തിയത് 132 ന് 13 വിക്കറ്റുകൾ. 1992 ,1996 ,1999 ,2003 ലോകകപ്പുകളിലായി 44 വിക്കറ്റുകൾ വീഴ്ത്തിയ ശ്രീനാഥ് ആ നേട്ടത്തിൽ പേസ് സെൻസേഷൻ സഹീർഖാനൊപ്പമാണ് .ഏകദിന ക്രിക്കറ്റിൽ ബൗളിങ് ഇക്കണോമിയിൽ അനിൽ കുംബ്ലെ എന്ന ഇതിഹാസത്തിന് ഒട്ടും പിറകിലല്ല തുടങ്ങിയ കണക്കുകൾക്കൊപ്പം ഇരുട്ടിൽ നിന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളിങ്ങിന് വെളിച്ചം നൽകിയ പ്ലെയർ എന്ന നിലയിലും ശ്രീനാഥ് എന്ന പാടിപ്പുകഴ്ത്തപ്പെടാത്ത ഒറ്റയാൾ പട്ടാളത്തത്തിൻ്റെ വിലയിടാൻ പറ്റാത്ത മൂല്യം വിളിച്ചു പറയുന്നു .