ജാര്‍വോയ്ക്ക് പണി കിട്ടി; ഇനി ഗാലറിയില്‍ ഇടം ലഭിക്കില്ല

ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ ഗ്രൗണ്ടിലിറങ്ങി തടസം സൃഷ്ടിക്കുന്ന ജാര്‍വോയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് യോര്‍ക്ഷയര്‍ കൗണ്ടി. ഹെഡിങ്‌ലിയിലെ ഗാലറിയില്‍ നിന്ന് ജാര്‍വോയെ ആജീവനാന്തം വിലക്കി. വന്‍ തുകയും ജാര്‍വോയ്ക്ക് പിഴയിട്ടിട്ടുണ്ട്.

ക്രിക്കറ്റിലെ ശല്യക്കാരനായ ആരാധകനായാണ് യൂട്യൂബര്‍ കൂടിയായ ഡാനിയേല്‍ ജാര്‍വിസ് അറിയപ്പെടുന്നത്. ലോര്‍ഡ്‌സിലും ലീഡ്‌സിലും ഗ്രൗണ്ടിലിറങ്ങിയ ജാര്‍വോ മത്സരം തടസപ്പെടുത്തിയിരുന്നു. ലീഡ്‌സില്‍ രോഹിത് ശര്‍മ്മ പുറത്തായതിനു പിന്നാലെ ബാറ്റിംഗ് പാഡും ഹെല്‍മറ്റും സര്‍ജിക്കല്‍ മാസ്‌കും ധരിച്ചാണ് ജാര്‍വോ കളത്തിലിറങ്ങിയത്. ഗാലറിയില്‍ നിന്ന് ആരോ ജാര്‍വോയ്ക്കു നേരെ ബാറ്റ് വലിച്ചെറിയുകയും ചെയ്തു.

ഇത്തവണയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാര്‍വോയെ കീഴടക്കി ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയി. ലോര്‍ഡ്‌സില്‍ ഇന്ത്യ ഫീല്‍ഡ് ചെയ്യുന്നതിനിടെ 69 എന്ന നമ്പറിലെ ജഴ്‌സി ധരിച്ച് ഗ്രൗണ്ടില്‍ ഇറങ്ങിയ ജാര്‍വോ മത്സരത്തിന് വിഘാതം സൃഷ്ടിച്ചിരുന്നു.