സഞ്ജുവിനോട് കാണിക്കുന്നത് അനീതി, ശുഭ്മൻ ഗില്ലിന് എന്തിന് ഇത്രയും അവസരങ്ങൾ?; മാനേജ്‍മെന്റിനെതിരെ വൻ ആരാധകരോഷം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മൂന്നാം ടി 20 യിൽ 7 വിക്കറ്റുകൾക്ക് വിജയിച്ച് ഇന്ത്യ പരമ്പരയിൽ മുന്നിട്ട് നിൽക്കുന്നു. ബോളർമാരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് വിജയിക്കാൻ നിർണായകമായത്. ഹർഷിത് റാണ, അർശ്ദീപ് സിങ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും ഹർദിക് പാണ്ട്യ, ശിവം ദുബൈ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.

ബാറ്റിംഗിൽ ഇന്ത്യക്ക് വേണ്ടി അഭിഷേക് ശർമ്മ 18 പന്തിൽ മൂന്നു ഫോറുകളും സിക്സറുകളും അടക്കം 35 റൺസ് നേടി. വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 5 ഫോറടക്കം 28 പന്തുകളിൽ 28 റൺസ് നേടി. കൂടാതെ സൂര്യകുമാർ (12) തിലക് വർമ്മ (26) ശിവം ദുബൈ (10*) എന്നിവരും മികച്ച പ്രകടനം നടത്തി.

നാളുകൾ ഏറെയായി മോശം ഫോമിൽ തുടരുന്ന ശുഭ്മൻ ഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. എന്നാൽ ടി 20 ഫോർമാറ്റിൽ കളിക്കേണ്ട രീതിയിലല്ല താരം കളിച്ചത് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഗില്ലിന് മുൻപ് ഓപണിംഗിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ചിട്ടുള്ള താരമാണ് സഞ്ജു സാംസൺ.

Read more

എന്നിട്ടും അദ്ദേഹത്തെ ഓപണർ റോളിൽ നിന്നും തഴഞ്ഞ് മിഡിൽ ഓർഡറിലേക്ക് മാറ്റുകയും തുടർന്ന് ടീമിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഗില്ലിന്റെ അത്രയും അവസരങ്ങൾ സഞ്ജുവിന് ലഭിച്ചിരുന്നെങ്കിൽ അദ്ദേഹം ഇന്ത്യക്കായി മിന്നും പ്രകടനം നടത്തിയേനെ എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.