മികച്ച താരങ്ങളെ വിലക്കെടുത്ത് കപ്പടിക്കാൻ മുംബൈക്ക് എന്നല്ല ആർക്കും പറ്റും, ചെന്നൈയെ പോലെ താരങ്ങൾക്ക് നല്ല അന്തരീക്ഷം നൽകി ജയിക്കാനാണ് പാട്; പഴയ ടീമിനെ കൊട്ടി അവരുടെ ശത്രുക്കളെ പുകഴ്ത്തി ഹാർദിക്ക്

2014 ഇന്ത്യൻ പ്രീമിയർ ലീഗിന് തൊട്ടുമുമ്പ് നടന്ന ലേലത്തിൽ ഹാര്ദിക്ക് പാണ്ഡ്യാ എന്ന പേര് ടീമുകൾക്ക് മുന്നിലേക്ക് ലേലം നടത്തിയ ആൾ വെക്കുന്നു. 10 ലക്ഷം രൂപയ്ക്ക് ഹാർദിക്കിനെ ടീമിലെടുക്കാനുള്ള അവസരം കിട്ടിയിട്ടും ടീമുകൾക്ക് ഒന്നും അയാളെ മേടിക്കാൻ താത്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ മുംബൈ ഇന്ത്യൻസ് കൂടുതൽ ചിന്തകൾ ഒന്നും കൂടാതെ തന്നെ അയാളെ ടീമിലെടുക്കുന്നു. പിന്നെ നടന്ന ചരിത്രമാണ്. മുംബൈയുടെ കിരീട വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ച ഹാര്ദിക്ക് എന്ന ഓൾ റൗണ്ടർ ടീം വിട്ട് മെഗാ ലേലത്തിന്റെ സമയത്ത് പുതിയ ടീമായ ഗുജറാത്തിലെത്തി അവിടെ നായകനായി. ആ സമയം കൊണ്ട് ലോകത്തിലെ മികച്ച ഓൾ റൗണ്ടറുമാരിൽ ഒരാളായി അയാൾ മാറിയിരുന്നു.

ആദ്യ സീസണിൽ തന്നെ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച ഹാര്ദിക്ക് ഈ സീസണിലും ടീമിനെ മികച്ച രീതിയിൽ നയിക്കുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ടീം ഏകദേശം പ്ലേ ഓഫ് ഉറപ്പിച്ച് കഴിഞ്ഞു. എന്നാൽ ജിയോ സിനിമയിൽ സംസാരിച്ച ഹാര്ദിക്ക് തന്റെ പഴയ ടീമായ മുബൈയെ ഇകഴ്ത്തിയും അവരുടെ മുഖ്യ എതിരാളിയായ ചെന്നൈയെ പുകഴ്ത്തിയും പറഞ്ഞിരിക്കുകയാണ്. ഈ വാക്കുകൾ എന്തായാലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിരിക്കുകയാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

“ക്രിക്കറ്റിൽ വിജയിക്കാൻ രണ്ട് ഫോർമുലകളുണ്ട്. 1) മികച്ച കളിക്കാരെ ലേലത്തിൽ സ്വന്തമാക്കി മുംബൈയെ പോലെ വിജയിക്കുന്നതിനും 2) കളിക്കാരനെ വാങ്ങുക, നല്ല അന്തരീക്ഷം സൃഷ്ടിക്കുകയും കളിക്കാരിൽ നിന്ന് മികച്ചത് നേടുകയും ചെന്നൈയെ പോലെ വിജയിക്കുകയും ചെയ്യുക” ഇതാണ് ഹാര്ദിക്ക് പറഞ്ഞത്. തന്നെ ഇത്രയും വളർത്തിയ മുംബൈയെ പുച്ഛിക്കുന്ന സംസാരമാണ് ഹാര്ദിക്ക് നടത്തിയതെന്നും മുംബൈയിൽ വന്നതിന് ശേഷം സൂപ്പർ താരവുമായ താരങ്ങളാണ് കൂടുതലെന്നും ആരാധകർ പറയുന്നു. 20 , 21, 22 വയസുകളിൽ മുംബൈയിൽ എത്തുമ്പോൾ ഈ പറഞ്ഞ താരങ്ങളെ ഒന്നും ആരും അറിയുക പോലും ഇല്ലായിരുന്നു എന്നും ആരാധകർ താരത്തെ ഓർമ്മിപ്പിക്കുന്നു,

വരും ദിവസങ്ങളിൽ ഹാര്ദിക്ക് പറഞ്ഞ കാര്യങ്ങൾ കൂടുതൽ ചർച്ചയാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.