ബിസിസിഐ ഉത്തരവ് അവഗണിച്ച് ഇഷാന്‍, ഭാവി അവതാളത്തിലാക്കി താരത്തിന്റ തീക്കളി

ജാര്‍ഖണ്ഡിനായുള്ള രഞ്ജി ട്രോഫി മത്സരങ്ങളുടെ അവസാന റൗണ്ടില്‍നിന്നും വിട്ടുനിന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. കേന്ദ്ര കരാറുള്ള കളിക്കാര്‍ ഫസ്റ്റ് ക്ലാസ് ഗെയിമുകളില്‍ പങ്കെടുക്കണമെന്ന് ബിസിസിഐയുടെ വ്യക്തമായ നിര്‍ദ്ദേശം അവഗണിച്ചാണ് ഇഷാന്റെ ഈ നടപടി. ഇതോടെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാരുടെ ലഭ്യതയെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായി.

എല്ലാ ഫിറ്റ്നുള്ള കേന്ദ്ര കരാറുള്ള കളിക്കാരും ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അടുത്തിടെ വ്യക്തമാക്കിയിരുന്നു. കളിക്കാരുടെ വികസനത്തില്‍ ആഭ്യന്തര ടൂര്‍ണമെന്റുകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുക്കൊണ്ട് ‘ഫിറ്റാണെങ്കില്‍ ഒരു ഒഴികഴിവും നല്‍കില്ല’ എന്നാണ് അദ്ദേഹം അറിയിച്ചത്.

ഫിറ്റായിട്ടും രഞ്ജി ട്രോഫി ഒഴിവാക്കാനുള്ള കിഷന്റെ തീരുമാനം, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ അദ്ദേഹം ഇടവേള എടുത്തിരുന്നു. പിന്നീട് സഹതാരങ്ങള്‍ ആഭ്യന്തര രംഗത്ത് മത്സരിക്കുമ്പോള്‍ താരം മറ്റൊരിടത്ത് പരിശീലനം നടത്തുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

Read more

വ്യക്തിപരമായ കാരണങ്ങളാല്‍ കിഷന്‍ തന്റെ അസാന്നിധ്യത്തെ ന്യായീകരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ബിസിസിഐയുടെ ഉത്തരവിന് വിരുദ്ധമാണ്. മാത്രമല്ല ഇത് ദേശീയ ടീമുകളിലേക്കുള്ള അദ്ദേഹത്തിന്റെ ഭാവി തിരഞ്ഞെടുപ്പിനെ ബാധിക്കുകയും ചെയ്യും.