ഇം​ഗ്ലണ്ടിനെ തോൽപ്പിക്കണമെങ്കിൽ അവൻ വരണം, ആ താരത്തെ കളിപ്പിച്ചാൽ പരമ്പര ഉറപ്പ്, ഇപ്പോഴുളളവരെ കൊണ്ട് ഉപകാരമില്ല, നിർദേശവുമായി മുൻ ക്രിക്കറ്റർ

രണ്ടാം ടെസ്റ്റിൽ ഇം​ഗ്ലണ്ടിനെതിരെ ഇടംകയ്യൻ പേസർ അർഷ്ദീപ് സിങിനെ ഇന്ത്യ കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം ഇർ‌ഫാൻ പത്താൻ. ടീമിന് വേണ്ടി ഇംപാക്ടുളള പ്രകടനം അർഷ്ദീപിന് നടത്താൻ സാധിക്കുമെന്ന് പത്താൻ അഭിപ്രായപ്പെട്ടു. ആദ്യ ടെസ്റ്റിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവരായിരുന്നു ഇന്ത്യയുടെ പേസർമാർ. എന്നാൽ അടുത്ത ടെസ്റ്റിൽ ബുംറ കളിക്കാനുളള സാധ്യത കുറവാണ്. അതിനാൽ‌ ഇന്ത്യ മറ്റൊരു ബോളറെ പരീക്ഷിക്കാനുളള സാധ്യതയുണ്ട്. ഈ സമയത്താണ് അർഷദീപ് സിങിനെ പിന്തുണച്ച് ഇർഫാൻ പത്താൻ സംസാരിച്ചത്.

“ഇന്ത്യ അർഷ്ദീപ് സിങിനെ കളിപ്പിക്കണമെന്ന് എനിക്ക് തോന്നുന്നു. അർഷ്ദീപ് ഇതുവരെ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും, ആവശ്യമുള്ളപ്പോഴെല്ലാം അദ്ദേഹത്തിന് കളിയിൽ‌ നിയന്ത്രണം കൊണ്ടുവരാൻ കഴിയും. നല്ല സ്ഥലങ്ങളിൽ പന്തെറിയാൻ അദ്ദേഹത്തിന് കഴിയും. അവൻ ഉയരമുള്ളയാളാണ്, പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യും. ലൈൻ നിയന്ത്രിക്കുന്നത് അദ്ദേഹത്തിന് എളുപ്പമാണെന്ന് തോന്നിയേക്കാം, കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ ടീമിന് അത് നഷ്ടപ്പെട്ടു. ബുംറ ഒഴികെ, ബൗളിംഗിൽ ആർക്കും ഒരു നിയന്ത്രണവുമില്ലെന്ന് എനിക്ക് തോന്നി”, പത്താൻ പറഞ്ഞു.

Read more

ജൂലൈ രണ്ടിനാണ് ഇന്ത്യ-ഇംഗ്ലണ്ട് സീരീസിലെ രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. ടീമിൽ നിതീഷ് കുമാർ റെഡ്ഡിയും വാഷിങ്ടൺ സുന്ദറും കളിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇം​ഗ്ലണ്ടിനെതിരെ പരമ്പര പിടിക്കാൻ ഇന്ത്യക്ക് ഇനിയുളള മത്സരങ്ങൾ നിർണായകമാണ്.