രാജസ്ഥാൻ റോയൽസിനെതിരായ (RR) ആധിപത്യ വിജയത്തിന് ശേഷം മുംബൈ ഇന്ത്യൻസ് (MI) ഇപ്പോൾ ഐപിഎൽ 2025 ൽ അജയ്യരാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര പറഞ്ഞു. ഈ സീസണിൽ അവരുടെ വിജയ കുതിപ്പ് അവസാനിപ്പിക്കാൻ കഴിവുള്ള ഒരേയൊരു ടീം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB) ആയിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയല്സിനെതിരെ മുംബൈ ഇന്ത്യൻസിന് 100 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കാൻ സാധിച്ചിരുന്നു. ഓപ്പണർമാരായ റയാൻ റിക്കൽട്ടൻ 38 പന്തിൽ 3 സിക്‌സും 7 ഫോറും അടക്കം 61 റൺസ് നേടി. രോഹിത് ശർമ്മ ആകട്ടെ 36 പന്തിൽ 9 ഫോർ അടക്കം 53 റൺസും നേടി.
ഇരുവർക്കും ശേഷം ക്യാപ്റ്റൻ ഹാർദിക് പാണ്ട്യയും സൂര്യകുമാറും ചേർന്ന് സ്കോർ 217 ഇൽ നിർത്തി. സൂര്യകുമാർ 23 പന്തിൽ നിന്നായി 4 ഫോറും 3 സിക്സുമായി 48* റൺസും, പാണ്ട്യ 23 പന്തിൽ 6 ഫോറും 1 സിക്‌സും അടക്കം 48* റൺസും നേടി. ബോളിങ്ങിൽ ട്രെന്റ് ബോൾട്ട്, കരൺ ശർമ്മ എന്നിവർ 3 വിക്കറ്റുകളും, ജസ്പ്രീത് ബുംറ 2 വിക്കറ്റുകളും, ഹാർദിക് പാണ്ട്യ ദീപക് ചഹാർ ഓരോ വിക്കറ്റുകളും സ്വാന്തമാക്കി.
ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ :
“അവർ തുടർച്ചയായി ആറ് വിജയങ്ങൾ നേടിയിട്ടുണ്ട്. ഈ ടീം അപ്രതിരോധ്യമായ കുതിപ്പിലാണ്. അവർക്ക് യോഗ്യത നേടാൻ സാധിക്കും. അവർക്ക് അത് നേടാനാകുമെന്നതിൽ സംശയമില്ല. പക്ഷേ അവർ ആദ്യ രണ്ട് ടീമുകളിൽ ഫിനിഷ് ചെയ്യുമോ? അതാണ് പ്രധാന ചോദ്യം. ആർക്കാണ് അവരെ വെല്ലുവിളിക്കാൻ കഴിയുക? ഒരുപക്ഷേ ആർസിബി, പക്ഷേ ഇരു ടീമുകൾക്കുമിടയിൽ ഒരു ലീഗ് മത്സരം പോലും അവശേഷിച്ചിട്ടില്ല,” അദ്ദേഹം അഭിപ്രായപ്പെട്ടു.
“രാജസ്ഥാനെതിരെ പൂർണ്ണമായും ഏകപക്ഷീയമായ ഒരു മത്സരമായിരുന്നു. മുംബൈ വീണ്ടും ആധിപത്യം സ്ഥാപിച്ചു. അവർ 217 റൺസ് നേടി, രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി, സത്യസന്ധമായി പറഞ്ഞാൽ, അവരുടെ ശക്തമായ ബാറ്റിംഗ് നിര കണക്കിലെടുക്കുമ്പോൾ അവർക്ക് 25-30 റൺസ് കൂടി ചേർക്കാമായിരുന്നു എന്ന് തോന്നുന്നു,” അദ്ദേഹം പറഞ്ഞു.
പോയിന്റ് പട്ടികയിൽ മുംബൈ ഒന്നാമതും ഗുജറാത്ത് രണ്ടാമതും ബാംഗ്ലൂർ മൂന്നാമതും നിൽകുമ്പോൾ അവസാന റൗണ്ട് മത്സരം ആവേശകരമാകും എന്ന് ഉറപ്പാണ്.