ഐപിഎല്ലിൽ തുടർച്ചയായ ആറാം ജയത്തോടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിന് തൊട്ടരികിൽ നിൽക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ 100 റൺസിന്റെ തകർപ്പൻ ജയമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 218 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന് 117 റൺസ് നേടാനേ സാധിച്ചുള്ളൂ. ട്രെൻഡ് ബോൾട്ടും ജസ്പ്രീത് ബുമ്രയും ദീപക് ചഹറും ഹാർദിക് പാണ്ഡ്യയും ഉൾപ്പെട്ട മുംബൈയുടെ പേസ് അറ്റാക്കിന് മുന്നിൽ ഒരു ഉത്തരവും ഇല്ലാതെ രാജസ്ഥാൻ തോൽവി സമ്മതിക്കുക ആയിരുന്നു.
ഇപ്പോഴിതാ മുംബൈ നേടിയ തകർപ്പൻ വിജയത്തിന് പിന്നാലെ അവർ തന്നെ ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് സ്വന്തമാക്കും എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഹർഭജൻ സിംഗ്. ടീം ഗെയിം കളിക്കുന്ന മുംബൈ എതിരാളികൾക്ക് അപകട സൂചനയാണ് നൽകുന്നതെന്നും വേറെ ഒരു ടീമിനും മുംബൈയെ ജയിക്കാൻ പറ്റുമെന്നും തോനുന്നില്ല എന്നുമാണ് ഹർഭജന്റെ ചിന്ത.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
“ഈ വർഷം മുംബൈ ഇന്ത്യൻസ് ഐപിഎൽ കിരീടം നേടിയില്ലെങ്കിൽ, മറ്റ് ഫ്രാഞ്ചൈസികളും ട്രോഫി ഉയർത്താൻ അർഹരല്ല. ജസ്പ്രീത് ബുംറ തിരിച്ചുവരുമ്പോൾ അദ്ദേഹം ഒരു ബാഹുബലിയെപ്പോലെയാണെന്ന് ഞാൻ കരുതുന്നു. അവർക്ക് ബൗളിംഗ് ഓപ്ഷനുകളായി ബോൾട്ട്, ചാഹർ, വിൽ ജാക്സ്, ഹാർദിക്, കരൺ ശർമ്മ, കോർബിൻ ബോഷ് എന്നിവരുണ്ട്,” അദ്ദേഹം പറഞ്ഞു.
“ടൂർണമെന്റ് ജയിക്കാൻ കഴിയുന്ന ടീം അവർക്കുണ്ട്, ഇത് അവരുടെ വർഷമാണ്. ആർക്കും അവരെ പിടിക്കാൻ കഴിയില്ല, ആറാം തവണയും അവർ ട്രോഫി ഉയർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
മുംബൈയിലെ എല്ലാ താരങ്ങളും ഫോമിൽ കളിക്കുന്ന സാഹചര്യത്തിൽ മറ്റുള്ള ടീമുകളും ആ നിലവാരത്തിൽ കളിച്ചില്ലെങ്കിൽ അവർക്ക് ഈ സീസണിൽ കിരീടം മുംബൈ നേടുന്നത് നോക്കി നിൽക്കേണ്ടി വരുമെന്ന് തന്നെ നമുക്ക് മനസിലാക്കാം.