IPL 2025: ആ മൂന്ന് ദുരന്തങ്ങൾ കാരണമാണ് ചെന്നൈയുടെ അവസ്ഥ അതിദയനീയമായത്, ടീമിന്റെ തോൽ‌വിയിൽ സൂപ്പർതാരത്തെ അടക്കം പരിഹസിച്ച് ആർപിസിംഗ്; പറഞ്ഞത് ഇങ്ങനെ

ചെപ്പോക്കിൽ ഇന്നലെ നടന്ന പോരിൽ പഞ്ചാബ് കിംഗ്സിനോട് 4 വിക്കറ്റിന് പരാജയപ്പെട്ടതിനെ തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേഓഫിൽ നിന്ന് ഔദ്യോഗികമായി പുറത്താകുന്ന ആദ്യ ടീമായി മാറി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയർത്തിയ190 റൺസ് വിജയലക്ഷ്യം പ്രതിരോധിക്കാൻ ടീമിന് കഴിഞ്ഞില്ല. പഞ്ചാബ് ആകട്ടേഇടക്ക് ഒന്ന് പതറിയെങ്കിലും 19.4 ഓവറിനുള്ളിൽ വിജയലക്ഷ്യം പൂർത്തിയാക്കി. എന്തായാലും പുറത്താക്കലിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്സിനെ മുൻ ഇന്ത്യൻ താരം ആർ.പി. സിംഗ് വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ടൂർണമെന്റിന്റെ 18-ാം സീസണിൽ ഫ്രാഞ്ചൈസി പുറത്തായതിന് പിന്നിലെ കാരണങ്ങൾ അദ്ദേഹം പരാമർശിച്ചു.

2025 ലെ ഐപിഎല്ലിൽ സ്വന്തം ഗ്രൗണ്ടിൽ മുംബൈ ഇന്ത്യൻസിനെതിരെ വിജയത്തോടെയാണ് ചെന്നൈ തുടങ്ങിയത്. എന്നാൽ തുടർന്നുള്ള അഞ്ച് മത്സരങ്ങളിലും അവരുടെ കോട്ടയിൽ അവർ തോറ്റു. ബാറ്റ്‌സ്മാന്മാരിൽ ഒരാൾ പോലും മികവിലേക്ക് എത്തിയില്ല എന്നുള്ളത് നിരാശയായി. ആദ്യ കുറച്ച് മത്സരങ്ങളിൽ നൂർ അഹമ്മദും ഖലീൽ അഹമ്മദും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും സീസൺ പുരോഗമിക്കുമ്പോൾ ഇരുവർക്കും തങ്ങളുടെ മികവ് നിലനിർത്താനായില്ല.

“രവീന്ദ്ര ജഡേജ വളരെക്കാലമായി ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ടിരിക്കുന്നു, പക്ഷേ അദ്ദേഹം സീസണിൽ പരാജയപ്പെട്ടു. എം.എസ്. ധോണിയുടെ നേതൃത്വത്തിലുള്ള ലോവർ ഓർഡർ ടീമിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല. പതിരണ ധാരാളം വൈഡ് ബോളുകൾ എറിഞ്ഞു, വിക്കറ്റുകൾ നേടിയില്ല,” ആർ.പി. സിംഗ് ബ്രോഡ്കാസ്റ്റിംഗ് ചാനലിൽ പറഞ്ഞു.

മികച്ച പ്രകടനം കാഴ്ചവെക്കാത്തവരുടെ പട്ടികയിൽ ശിവം ദുബെയുടെ പേരും അദ്ദേഹം ചേർത്തു. “ശിവം ദുബെയുടെ ഗ്രാഫ് താഴേക്ക് പോയി. എതിരാളികൾ സ്പിന്നർമാരെ അദ്ദേഹത്തിന് മുന്നിൽ കൊണ്ടുവന്നില്ല. ടീമിന്റെ പരാജയത്തിൽ ഇതെല്ലം കാരണമായി.” അദ്ദേഹം പറഞ്ഞു.

Read more