ഐപിഎല്‍ ലേലത്തില്‍ ഏറ്റവുമധികം തുക ലഭിക്കുന്നത് ആര്‍ക്കാവും?; പ്രവചിച്ച് അശ്വിന്‍

ഡിസംബര്‍ 19നു ദുബായില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിക്കാന്‍ സാധ്യതയുള്ള താരത്തെ പ്രവചിച്ചിച്ച് ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഓസ്ട്രേലിയന്‍ സൂപ്പര്‍ ഫാസ്റ്റ് ബോളറായ മിച്ചെല്‍ സ്റ്റാര്‍ക്കിനെയാണ് ഏറ്റവും വിലയേറിയ താരമായി അശ്വിന്‍ തിരഞ്ഞെടുത്തത്. ലേലത്തിലും സ്റ്റാര്‍ക്കിനു തന്നെയാവുമോ ഏറ്റവുമുയര്‍ന്ന തുക ലഭിക്കുകയെന്നാണ് ഇനി അറിയാനുള്ളത്.

1166 കളിക്കാര്‍  ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്കിന് പുറമേ പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ്, ഡാരില്‍ മിച്ചല്‍, റാച്ചിന്‍ രവീന്ദ്ര എന്നിവര്‍ ലേലത്തില്‍ പങ്കെടുക്കും. ലേലത്തില്‍ രജിസ്റ്റര്‍ ചെയ്ത 1166 കളിക്കാരില്‍ 830 പേര്‍ ഇന്ത്യന്‍ താരങ്ങളും 336 പേര്‍ വിദേശ താരങ്ങളുമാണ്. 212 ക്യാപ്ഡ്, 909 അണ്‍ക്യാപ്പ്ഡ്, അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള 45 താരങ്ങളുമാണ് പട്ടികയിലുള്ളത്.

വരുണ്‍ ആരോണ്‍, കെഎസ് ഭരത്, കേദാര്‍ ജാദവ്, സിദ്ധാര്‍ത്ഥ് കൗള്‍, ധവാല്‍ കുല്‍ക്കര്‍ണി, ശിവം മാവി, ഷഹബാസ് നദീം, കരുണ്‍ നായര്‍, മനീഷ് പാണ്ഡെ, ഹര്‍ഷല്‍ പട്ടേല്‍, ചേതന്‍ സക്കറിയ, മന്‍ദീപ് സിംഗ്, ബരീന്ദര്‍ സ്രാന്‍, ശാര്‍ദുല്‍ താക്കൂര്‍, ജയദേവ് ഉനദ്കട്ട്, ഹനുമ ഉനദ്കട്ട്, 830 ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ താരങ്ങളില്‍ ഹര്‍ഷല്‍ പട്ടേല്‍, കേദാര്‍ ജാദവ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ് എന്നിവര്‍ അടിസ്ഥാന വില രണ്ട് കോടി രൂപയായി നിലനിര്‍ത്തിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ അടിസ്ഥാന വില 50 ലക്ഷം രൂപയാണ്. ഈ ലേലത്തില്‍ 77 താരങ്ങള്‍ മാത്രമാകും വിറ്റു പോവുക. അതില്‍ 30 ഉം വിദേശ താരങ്ങളാണ്.

ബിസിസിഐ നിയമമനുസരിച്ച്, ഏതൊരു ടീമിലും കുറഞ്ഞത് 18 പേരും പരമാവധി 25 പേരും ഉണ്ടായിരിക്കണം. അതിനാല്‍ ഈ ലേലത്തില്‍ പരമാവധി 77 കളിക്കാര്‍ വില്‍ക്കപ്പെടും, മറ്റ് കളിക്കാര്‍ നിരാശരാകും. ഈ 77 താരങ്ങള്‍ക്കായി 262.95 കോടി രൂപയാണ് ചെലവിടുന്നത്.