ഐപിഎൽ 2024 : ആർസിബി അവസാനമായി ചെന്നൈയിൽ ജയിക്കുമ്പോൾ..., ലോക ക്രിക്കറ്റിൽ ഇതൊന്നും സംഭവിച്ചിട്ടില്ലായിരുന്നു; കണക്കുകൾ കേട്ട് ഞെട്ടി ആരാധകർ

നായകനായ ആദ്യ മത്സരത്തിൽ തന്നെ സിഎസ്‌കെയ്‌ക്കൊപ്പം വിജയം നുണഞ്ഞ് ഋതുരാജ് ഗെയ്ക്വാദ് നിന്നപ്പോൾ ആർസിബിക്ക് ഇത്തവണയും ചെന്നൈക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ആയില്ല. ഐപിഎൽ 17ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ആർസിബിക്കെതിരെ സിഎസ്‌കെ ആറ് വിക്കറ്റിന് ജയിച്ചുകയറി. ആർസിബി മുന്നോട്ടുവെച്ച 174 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ സിഎസ്‌കെ മറികടന്നു. 15 ബോളിൽ 37 റൺസെടുത്ത രചിൻ രവീന്ദ്രയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ.

അതേസമയം ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനോട് തോറ്റ ശേഷം റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് ബാറ്റിംഗിലെ മോശം പ്രകടനത്തെ കുറ്റപ്പെടുത്തി. 2008 ലെ ആദ്യ സീസണിലാണ് ചെന്നൈ സൂപ്പർ കിങ്സിനെ ചെപ്പോക്കിലെ മണ്ണിൽ അവസാനമായി ആർസിബി പരാജയപെടുത്തുന്നത്. ശേഷം ഇതുവരെ ഒരൊറ്റ മത്സരത്തിൽ പോലും ചെന്നൈക്ക് എതിരെ ജയിക്കാൻ അവർക്ക് സാധിച്ചിട്ടില്ല എന്ന നാണക്കേട് ഇന്നലെയും തുടർന്നു. ശിവം ദുബെ 28 ബോളിൽ 34*, രവീന്ദ്ര ജഡേജ 17 ബോളിൽ 25*, ഋതുരാജ് ഗെയ്ക്വാദ് 15 ബോളിൽ 15, അജിങ്ക്യ രഹാനെ 19 ബോളിൽ 27, ഡാരിൽ മിച്ചെൽ 18 ബോളിൽ 22 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ആർസിബിയ്ക്കായി കാമറൂൺ ഗ്രീൻ രണ്ടും യഷ് ദയാൽ, കരൺ ഷർമ എന്നിവർ ഓരോ വിക്കറ്റ് വീതും വീഴ്ത്തി.

2008 ലാണ് ബാംഗ്ലൂർ അവസാനമായി ചെന്നൈയെ ചെപ്പോക്കിൽ പരാജയപെടുത്തിയത്. അന്ന് ക്രിക്കറ്റ് ലോകത്ത് സംഭവിക്കാത്ത ചില കാര്യങ്ങൾ ഉണ്ടായിരുന്നു. ആ കണക്കുകൾ കേട്ടപ്പോൾ തന്നെ ആരാധകർക്ക് ഷോക്ക് ആയി. കോഹ്‌ലി ഇന്ത്യക്ക് വേണ്ടി ആ സമയം കളിച്ചിരുന്നില്ല, ധോണി ഇന്ത്യക്ക് വേണ്ടി നായകൻ എന്ന നിലയിൽ ആ സമയം നേടിയത് 16 വിജയങ്ങൾ മാത്രം ആയിരുന്നു, ഇന്ത്യക്ക് വേദി ഏറ്റവും കൂടുതൽ സിക്സ് അടിച്ച രോഹിത് നേടിയത് 6 സിക്സ് മാത്രം ആയിരുന്നു, 100 സെഞ്ചുറികൾ നേടിയ സച്ചിന്റെ അക്കൗണ്ടിൽ ആ സമയം ഉണ്ടായിരുന്നത് 81 സെഞ്ചുറികൾ മാത്രം ആയിരുന്നു .

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആര്‍സിബി നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 173 റണ്‍സാണ് നേടിയത്. 25 പന്തില്‍ 48റണ്‍സ് നേടിയ അനുജ് റാവത്താണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. ദിനേഷ് കാര്‍ത്തിക് 24 പന്തില്‍ 34* റണ്‍സെടുത്തു പുറത്താകാതെ നിന്നു. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 57 ബോളില്‍ 95 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

നാലു വിക്കറ്റ് നേടി മുസ്താഫിസുര്‍റഹ്‌മാന്‍ ചെന്നൈ നിരയില്‍ താരമായി. നാല് ഓവറില്‍ 29 റണ്‍സ് വിട്ടുനല്‍കിയാണ് താരം നാല് വിക്കറ്റെടുത്തത്. ദീപക് ചഹാര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

 എന്തായാലും ആർസിബി ബാറ്ററുമാരുടെ മോശം പ്രകടനം തന്നെയാണ് ടീമിന്റെ അതിദയനീയ പ്രകടനത്തിന്റെ കാരണമെന്ന് പറയാം.