IPL 2024: ഇനി കളികൾ വേറെ ലെവൽ, ടീമുകളുടെ നിർദേശപ്രകാരം നിയമങ്ങൾ മാറ്റാൻ ഒരുങ്ങി ബിസിസിഐ; സംഭവം ഇങ്ങനെ

ഈ വർഷാവസാനം നടക്കാനിരിക്കുന്ന ഐപിഎല്ലിൻ്റെ മെഗാ ലേലത്തിന് മുന്നോടിയായി നടന്ന ടീമുകളുടെ മീറ്റിംഗിന് മുമ്പ് കളിക്കാരെ നിലനിർത്തുന്നത് സംബന്ധിച്ചുള്ള കണക്കുകൾ വലിയ രീതിയിൽ ചർച്ചാവിഷയമായി. അതാത് ടീമുകൾ നിലനിർത്താൻ ആഗ്രഹിക്കുന്ന കളിക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ഐപിഎൽ ഫ്രാഞ്ചൈസികളിൽ നിന്ന് ബിസിസിഐക്ക് മുന്നിൽ നിർദേശം വന്നിട്ടുണ്ട്. വിഷയം ചർച്ച ചെയ്യുന്നതിനായി അടുത്തയാഴ്ച അഹമ്മദാബാദിൽ നടക്കുന്ന യോഗത്തിന് 10 ഫ്രാഞ്ചൈസി ഉടമകളെയും ബോർഡ് ക്ഷണിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

“ലീഗ് അതിൻ്റെ പ്രാരംഭ ഘട്ടത്തിലാണ്, അത് മുന്നോട്ട് കൊണ്ടുപോകാൻ ബോർഡ് ശുപാർശകൾ തേടുകയാണ്. കളിക്കാരെ നിലനിർത്തുന്നത് ഒരു പ്രധാന ഘടകമാണ്, അനൗപചാരിക ചർച്ചകളെ അടിസ്ഥാനമാക്കി ലേലത്തിന് മുമ്പ് എട്ട് കളിക്കാരെ നിലനിർത്താനുള്ള വ്യവസ്ഥ മിക്ക ഫ്രാഞ്ചൈസികളും ഇഷ്ടപ്പെടുന്നു. ” ബിസിസിഐയിൽ നിന്നുള്ള ഒരു വൃത്തം പറഞ്ഞു.

കഴിഞ്ഞ മെഗാ ലേലത്തിൽ, ഒരു കളിക്കാരനെ “റൈറ്റ് ടു മാച്ച്” (ആർടിഎം) കാർഡ് ഉപയോഗിച്ച് തിരികെ സ്വന്തമാക്കാം എന്നതായിരുന്നു നിയമം. നാല് കളിക്കാരെ ടീമുകൾ ലേലത്തിന് മുമ്പുതന്നെ ടീമിൽ നിലനിർത്തിയിരുന്നു. ഇതോടെ ടീമുകൾക്ക് ആകെ അഞ്ച് താരങ്ങളെ പിടിച്ചുനിർത്താനുള്ള അവസരം ലഭിച്ചു. രണ്ട് വിദേശ താരങ്ങളെ പരമാവധി നിലനിർത്താമായിരുന്നു.

സ്രോതസ്സുകൾ പ്രകാരം, ടീം കോമ്പോസിഷനിൽ തുടർച്ചയുണ്ടാകണമെന്ന് മിക്ക ഫ്രാഞ്ചൈസികളും വിശ്വസിക്കുന്നു.

“ടീമിൽ മാറ്റങ്ങൾ ഇടയ്ക്കിടെ ഉണ്ടാകുന്നത് നല്ലതല്ല എന്നാണ് ടീമുകൾ പലതും പറയുന്നത്. ഈ നിർദ്ദേശത്തിൽ ചില പ്രശ്നങ്ങളുണ്ട്. ആർടിഎമ്മിനെക്കുറിച്ചോ വിദേശ നിലനിർത്തൽ പരിധിയെക്കുറിച്ചോ പ്രത്യേക ചർച്ചകളൊന്നും നടന്നിട്ടില്ല. ” ബിസിസിഐ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മെഗാ ലേലം മുതൽ, രണ്ട് ഫ്രാഞ്ചൈസികൾ-ഡൽഹി ക്യാപിറ്റൽസിനും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനുമാണ് ഏറ്റവും കൂടുതൽ പണി കെട്ടിയത്. ഏറ്റവും പണി കിട്ടിയത് ഡിസികാണ്. മികച്ച ടീം ഉണ്ടായിരുന്ന അവർക്ക് മെഗാ ലേലത്തിലൂടെ അത് നഷ്ടപ്പെട്ടു.