IPL 2024: മുംബൈ ആ കഠിന തീരുമാനം അടുത്ത മത്സരത്തിന് മുമ്പ് എടുക്കും, വലിയ അപ്ഡേറ്റ് നൽകി മനോജ് തിവാരി; പറയുന്നത് ഇങ്ങനെ

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടിരിക്കുന്നു. രാജസ്ഥാൻ റോയൽസിനെതിരെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഇന്നലത്തെ മത്സരത്തിൽ ആകട്ടെ മുംബൈ ബാറ്റിംഗ് നിരക്ക് കാര്യമായ ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല. ആതിഥേയർ 20 ഓവറിൽ 125 റൺസ് എടുത്തപ്പോൾ രാജസ്ഥാൻ വളരെ എളുപ്പത്തിൽ തന്നെ റിയാൻ പരാഗിന്റെ ഗംഭീര പോരാട്ട മികവിൽ ജയം സ്വന്തമാക്കുക ആയിരുന്നു.

പാണ്ഡ്യ സമ്മർദ്ദത്തിലാണ് എന്നും മത്സരത്തിന് ശേഷം ഡഗൗട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്ന കാഴ്ച മുംബൈയെ സംബന്ധിച്ച് അത്ര പോസിറ്റീവ് അല്ലെന്നുംമനോജ് തിവാരി പറഞ്ഞു, ഹാർദിക്കിൻ്റെ പുറത്താക്കൽ ഉടൻ തന്നെ സംഭവിക്കുമെന്നും രോഹിത് ശർമ്മ ടീമിന്റെ നായകൻ ആയേക്കുമെന്നും മുൻ ഇന്ത്യൻ താരം അഭിപ്രായപ്പെട്ടു.

“മുംബൈ ഒരു വലിയ ടീമാണ്. അവരെ സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുക ഇനി വൈകില്ല. വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന അടുത്ത മത്സരത്തിന് മുമ്പ് രോഹിത് ശർമ്മയ്ക്ക് ക്യാപ്റ്റൻ്റെ ആംബാൻഡ് തിരികെ ലഭിക്കുന്നതോടെ ഹാർദിക് പാണ്ഡ്യയെ പുറത്താക്കാം, ”മനോജ് തിവാരി ക്രിക്ക്ബസിൽ പറഞ്ഞു.

മുൻ കെകെആർ താരവും ഹാർദിക്കിൻ്റെ നിലവിലെ സാഹചര്യം എടുത്തുകാണിച്ചു.

“ഹാർദിക് സമ്മർദ്ദത്തിലാണ്, അതുകൊണ്ടാണ് രാജസ്ഥാൻ റോയൽസിനെതിരെ പന്തെറിയാതിരുന്നത്. മുൻ കളികളിൽ അദ്ദേഹം മുംബൈക്ക് വേണ്ടി ബൗളിംഗ് ഓപ്പൺ ചെയ്യുകയായിരുന്നു, പക്ഷേ ബൗളർമാർക്ക് സ്വല്പം ആധിപത്യം നൽകിയ പിച്ചിൽ ആകട്ടെ അദ്ദേഹം ഒന്നും ചെയ്തില്ല. ജസ്പ്രീത് ബുംറയുടെ പന്ത് സ്വിംഗ് ചെയ്യുകയായിരുന്നു, ഹാർദിക്കിനും ഇതേ ഫലം ലഭിക്കുമായിരുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

പാണ്ഡ്യയുടെ ക്യാപ്റ്റൻസി സാധാരണമാണെന്ന് മനോജ് പറഞ്ഞു. “കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും നായകൻ എന്ന നിലയിൽ കാര്യമായ ഒന്നും ചെയ്യാൻ താരത്തിന് സാധിച്ചില്ല. ഹാർദിക് വലിയ തെറ്റുകൾ വരുത്തുകയാണ്. സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ ഇന്നിംഗ്‌സിലെ 13-ാം ഓവർ വരെ അദ്ദേഹം ബുംറയ്ക്ക് രണ്ടാം ഓവർ നൽകിയില്ല. ബാറ്റിംഗ് ഓർഡർ കാര്യത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് ഇപ്പോഴും വ്യക്തതയില്ല. ചിലപ്പോൾ തിലക് വർമ്മ ഹാർദിക്കിന് മുന്നിലെത്തും. ഡെവാൾഡ് ബ്രെവിസ് പോലും വ്യത്യസ്ത അമ്പറുകളിൽ ബാറ്റ് ചെയ്യുന്നു. മൊത്തത്തിൽ, ടീമിനുള്ളിൽ എന്തോ കുഴപ്പമുണ്ട്, ”അദ്ദേഹം പറഞ്ഞു.

എന്തായാലും നിലവിൽ ഉള്ള സാഹചര്യത്തിൽ ഹാർദിക് നായകൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും തകർന്ന് നിൽക്കുന്ന സാഹചര്യത്തിൽ മുംബൈ ഉടൻ തന്നെ അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്നും മാറ്റിയേക്കാം.