IPL 2024: 'കിട്ടുന്ന പൈസയില്‍നിന്നും ഒരു പെയര്‍ സ്‌പൈക്ക് വാങ്ങിക്കും, ബാക്കി പൈസ മുഴുവന്‍ എന്റെ അച്ഛനുമമ്മക്കും ഉള്ളതാണ്'

ദുബായിലെ കോക്കാ കോളാ അരീനയില്‍ ഐപിഎല്‍ ലേലം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങ് ബീഹാറിലെ ഗോപാല്‍ഗഞ്ചിലെ വീട്ടില്‍ ആ 19കാരനും ഫാമിലിയും അങ്ങേയറ്റം ആകാംക്ഷയിലായിരുന്നു. ആദ്യഘട്ടത്തില്‍ തന്റെ പേര് ഉയര്‍ന്ന് വന്നപ്പോള്‍ വിളിക്കാനാളില്ലാതെ വന്നത് ആ പയ്യനെ നിരാശയിലാഴ്ത്തി. പക്ഷേ രണ്ടാം തവണയില്‍ ബേസ് പ്രൈസായ 20 ലക്ഷത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആ പയ്യനെ സ്വന്തമാക്കിയപ്പോള്‍ ആഘോഷിച്ചത് ആ ഗ്രാമം മൊത്തമായിരുന്നു..

‘തനിക്ക് കിട്ടുന്ന പൈസയില്‍ നിന്നും ഞാന്‍ ഒരു പെയര്‍ സ്‌പൈക്ക് വാങ്ങിക്കും, ബാക്കി പൈസ മുഴുവന്‍ എന്റെ അച്ഛനുമമ്മക്കും ഉള്ളതാണ് ‘ എന്നായിരുന്നു പയ്യന്റെ IPL സെലക്ഷനെ കുറിച്ചുള്ള ആദ്യ പ്രതികരണം. ഓരോ കളിക്കും 500 രൂപ വെച്ച് കിട്ടുന്നത് തന്റെ കുടുംബത്തിന് ഉപകാരമാകുമെന്നത് കൊണ്ട് മാത്രം ടെന്നിസ് ക്രിക്കറ്റ് സ്ഥിരമാക്കിയ ആ പയ്യനില്‍ നിന്നും മറ്റൊരു പ്രതികരണം എങ്ങനെ പ്രതീക്ഷിക്കാനാകും..

അക്ഷരാര്‍ത്ഥത്തില്‍ ദരിദ്ര കര്‍ഷകനായ പിതാവിനും വീട്ടുജോലികള്‍ ചെയ്യുന്ന അമ്മയും 6 സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന് അവന്റെ സെലക്ഷന്‍ വലിയൊരാശ്വാസമാകുകയാണ്.. ഗോപാല്‍ഗഞ്ചിലെ ഗ്രൗണ്ടില്‍ പയ്യനോടൊപ്പം ടെന്നിസ് ക്രിക്കറ്റ് കളിച്ച് കൊണ്ടിരുന്ന കോച്ച് റോബിന്റെ സഹോദരി പുത്രനാണ് കോച്ചിന് അവനെ പരിചയപ്പെടുത്തി കൊടുക്കുന്നത്. ആദ്യ നോട്ടത്തില്‍ തന്നെ കോച്ച് റോബിന്‍ പയ്യന്റെ അതിവേഗത കണ്ട് അത്ഭുതപ്പെടുകയായിരുന്നു. ലൈനും ലെങ്ങ്ത്തും കുറഞ്ഞ റോ പേസ് മാത്രമുള്ള പയ്യന്റെ ഉത്തരവാദിത്വം കോച്ച് ഏറ്റെടുത്തു..

ആയിടക്കാണ് ബിഹാര്‍ ക്രിക്കറ്റ് ലീഗിലെ ഒരു ടീം കോച്ച് റോബിനെ സമീപിക്കുന്നത്. ഒരു മികച്ച പ്രൊഫഷണല്‍ ക്രിക്കറ്ററെ സജസ്റ്റ് ചെയ്യാനായിരുന്നു അത്. റോബിന്‍ പറഞ്ഞത് ഈ പയ്യന്റെ പേരും. കോച്ച് ആദ്യം വിസമ്മതിച്ചെങ്കിലും ഒടുവില്‍ ട്രയലിന് സമ്മതിക്കുകയായിരുന്നു. 500 രൂപ കിട്ടുന്ന ക്രിക്കറ്റ് മാച്ച് ഉള്ളത് കൊണ്ട് ട്രയലിന് പാറ്റ്‌നയിലേക്ക് പോകാന്‍ വിസമ്മതിച്ച പയ്യന് കാശും ഒരു ജോഡി സ്‌പൈക്‌സും കൊടുത്തിട്ടാണ് റോബിന്‍ അവനെ യാത്രയാക്കുന്നത്..

ട്രയല്‍ വീക്ഷിക്കാനെത്തിയതില്‍ ന്യൂസിലാന്റിന്റെ ഡാനി മോറിസണും ഇന്ത്യയുടെ പഴയ കളിക്കാരന്‍ സുബ്രതോ ബാനര്‍ജിയും ഉണ്ടായിരുന്നു. പയ്യന്റെ വേഗത ഡാനി മോറിസനെ വരെ അമ്പരപ്പിക്കുകയുണ്ടായി. തുടര്‍ന്ന് BCL ല്‍ മികച്ച പ്രകടനം നടത്തിയ പയ്യനെ ഒരു ഡിസ്ട്രിക്ട് മാച്ച് പോലും കളിക്കാതെ നേരെ ബീഹാര്‍ U19 ടീമിലേക്ക് സെലക്ട് ചെയ്യുകയായിരുന്നു..

U19 ലെ മികച്ച പ്രകടനം 2020-21 സീസണിലെ കൂച്ച്ബിഹാര്‍ ട്രോഫിക്കുള്ള ബീഹാര്‍ ടീമിലേക്ക് അവന് സെലക്ഷന്‍ നേടിക്കൊടുത്തു. വെറും 4 മല്‍സരങ്ങളില്‍ നിന്നും 21 വിക്കറ്റുകള്‍ വീഴ്ത്തിയതോടെ നേരെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ നിന്നും വിളി വന്നു..

NCA യിലെ പരിശീലനത്തിലെ പ്രകടനം കണ്ട് അവനെ പോണ്ടിച്ചേരിയില്‍ ഒരു സോണല്‍ ഗെയിമിന് വേണ്ടി അയക്കുന്നു. അവന്റെ പ്രകടനം കാണാന്‍ NCA ഡയറക്ടര്‍ ആയ VVS ലക്ഷ്മണ്‍ തന്നെ നേരിട്ട് വരുകയായിരുന്നു. ആ മാച്ചില്‍ നടത്തിയ മികച്ച പ്രകടനമാണ് IPL ല്‍ ഓക്ഷനില്‍ പങ്കെടുക്കാന്‍ പയ്യന് ധൈര്യം നല്‍കിയത്..

ഒരു ദരിദ്ര കുടുംബത്തില്‍ നിന്നും ലോകത്തിലെ ഏറ്റവും വരുമാനമുള്ള ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന കളിക്കാരുടെ അനേകം കഥകള്‍ പറയാനുള്ള IPL ലേക്ക് ഈ വര്‍ഷം കാലെടുത്ത് വെച്ചിരിക്കുകയാണ് സാക്കിബ് ഹുസൈന്‍ എന്ന ബീഹാറുകാരന്‍ പയ്യന്‍.

വേഗത കൊണ്ട് മായങ്ക് യാദവ് വിസ്മയം തീര്‍ത്ത 2024 IPL ല്‍ അരങ്ങേറ്റം കുറിക്കാന്‍ മറ്റൊരു അതിവേഗ ബൗളര്‍ ആയ സാക്കിബിന് കഴിയട്ടെ. MS ധോണിയെ ആരാധിക്കുന്ന സാക്കിബ് IPL ത്രില്ലിലാണ്.. ഇന്ത്യയുടെ റൂറല്‍ ഏരിയകളില്‍ നിന്നും ടാലന്റുകള്‍ കണ്ടെത്തുന്നതില്‍ IPL വഹിക്കുന്ന പങ്കിന്റെ അവസാനിക്കാത്ത ഉദാഹരണത്തിലെ പുതിയ പേരുകാരനാണ് സാക്കിബ്.

ഹര്‍ഷിത് റാണയും വൈഭവ് അറോറയും ചേതന്‍ സക്കരിയയും പോലുള്ള എക്‌സ്പീരിയന്‍സഡ് ഇന്ത്യന്‍ പേസര്‍മാര്‍ ഉണ്ടെങ്കിലും ഈ സീസണില്‍ ഏതെങ്കിലും ഒരു മല്‍സരത്തില്‍ അവന് KKR അവസരം കൊടുക്കും എന്ന് തന്നെയാണ് പ്രതീക്ഷ.

എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍