രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല

സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പത്ത് പേര്‍ നിലവില്‍ ചികിത്സയിലാണ്. ചികിത്സയിലുള്ളവരില്‍ നാല് പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വിഭാഗത്തിലെ റിസര്‍ച്ച് ആന്റ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് വെസ്റ്റ് നൈല്‍ ഫിവര്‍ സ്ഥിരീകരിച്ചത്.

ആദ്യമായി ആഫ്രിക്കയില്‍ കണ്ടെത്തിയ രോഗം പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴി മനുഷ്യനിലേക്ക് പകരും. ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് രോഗാണുക്കള്‍ മനുഷ്യനിലേക്കെത്തുന്നത്. രക്തദാനത്തിലൂടെയും മുലപ്പാലിലൂടെ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും രോഗം പകരാം. എന്നാല്‍ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല. നിലവില്‍ വെസ്റ്റ് നൈല്‍ ഫിവറിന് പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ല.

തലവേദന, ശരീര വേദന, പനി, കണ്ണ് വേദന, ഛര്‍ദ്ദി, വയറിളക്കം, ചര്‍മ്മത്തിലെ തടിപ്പ് എന്നിവ രോഗലക്ഷണങ്ങളാണ്. രോഗം ബാധിക്കുന്നവരില്‍ വളരെ കുറച്ച് ആളുകളില്‍ മാത്രമേ രോഗലക്ഷണങ്ങള്‍ പ്രകടമാകാറുള്ളൂ. രോഗം ബാധിച്ചവരില്‍ ഒരു ശതമാനം പേരില്‍ തലച്ചോര്‍ വീക്കവും മെനിഞ്ചൈറ്റിസും ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.