ഐപിഎല്‍ 2024: 'വലിയ പ്രതീക്ഷ വയ്‌ക്കേണ്ട, അവന് പഴയ മികവ് ഉണ്ടാകില്ല'; ആരാധകരെ നിരാശരാക്കുന്ന പ്രസ്താവനയുമായി ഗവാസ്‌കര്‍

ഐപിഎല്‍ 17ാം സീസണ്‍ ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങല്‍ മാത്രമാണ് ശേഷിക്കുന്നത്. ടൂര്‍ണമെന്റിനായി അക്ഷമരായി കാത്തിരിക്കാന്‍ ആരാധകര്‍ക്ക് മുന്നില്‍ ഒന്നിലേരെ കാരണങ്ങള്‍ ഉണ്ടുതാനും. അതിലൊന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന്റെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവാണ്. വാഹനപകടത്തെ തുടര്‍ന്ന് ഒന്നരവര്‍ഷത്തോളമായി താരം കളത്തിന് പുറത്തായിരുന്നു.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ് റിഷഭ് പന്ത്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് പന്തുണ്ടാകില്ല. എങ്കിലും ബാറ്ററെന്ന നിലയില്‍ ശക്തമായ തിരിച്ചുവരവാണ് പന്ത് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത്തവണ പന്തിന്റെ കാര്യത്തില്‍ വലിയ പ്രതീക്ഷവേണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍. താരത്തിന് പഴയ പ്രതാപത്തിലേക്ക് മടങ്ങിവരാന്‍ ഏറെ സമയം ആവശ്യമാണെന്ന് ഗവാസ്‌കര്‍ കരുതുന്നു.

റിഷഭിനെ ഈ സീസണില്‍ത്തന്നെ പഴയ ഫോമിലേക്ക് തിരിച്ചെത്തുകയെന്നത് വളരെ പ്രയാസമാണ്. എന്നാല്‍ നല്ല കാര്യം അവന്‍ ഇടവേളക്ക് ശേഷം ക്രിക്കറ്റ് കളിക്കുന്നുണ്ടെന്നതാണ്. അതുകൊണ്ടുതന്നെ അവന് മികച്ച പരിശീലനം ലഭിക്കുന്നു. എന്നാല്‍ ബാറ്റിംഗില്‍ പഴയ ഒഴുക്കിലേക്കെത്താന്‍ സമയം വേണ്ടിവരും.

കാല്‍ക്കുഴക്ക് പരിക്കേറ്റാല്‍ അത് തുടര്‍ച്ചയായി ബുദ്ധിമുട്ടിക്കും. അതുകൊണ്ടുതന്നെ വിക്കറ്റ് കീപ്പറാവുക പ്രയാസമാവും. ബാറ്റിംഗിലും കാല്‍ക്കുഴ കൃത്യമായി ഇരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴുള്ളത് ഒരു തുടക്കം മാത്രമാണ്. ഇത്തവണ നമുക്ക് കണ്ട് പരിചയമുള്ള റിഷഭിനെ കാണാനായേക്കില്ല- ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.